കോഴിക്കോട്: നോവലിസ്റ്റും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഗഫൂർ അറയ്ക്കൽ (57) അന്തരിച്ചു. തന്റെ പുതിയ നോവൽ ‘ദ കോയ’ പ്രകാശനം ചെയ്യാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ പുസ്തക പ്രകാശന ചടങ്ങ് തീരുമാനിച്ചിരുന്നു. ജില്ല സഹകരണ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. അർബുദ ബാധിതനായ ഗഫൂർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചേളാരി പൂതേരിവളപ്പിലെ ചെമ്പരത്തിയിലാണ് താമസം. മൃതദേഹം പുതിയപാലം ശ്മശാനത്തിൽ സംസ്കരിച്ചു.
കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു ഗഫൂർ. ഫറോക്കിനടുത്ത് പേട്ടയിലാണ് ജനനം. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കൗൺസിൽ അംഗമായിരുന്നു.‘നിദ്ര നഷ്ടപ്പെട്ട സൂര്യൻ’, ‘അമീബ ഇരപിടിക്കുന്നതെങ്ങിനെ..’ എന്നീ രണ്ട് കവിതാസമാഹാരങ്ങളും വിദ്യാർഥികാലത്താണ് പുറത്തിറക്കിയത്.
2011ലാണ് ആദ്യ നോവലായ ‘ഒരു ഭൂതത്തിന്റെ ഭാവിജീവിതം’ പുറത്തിറങ്ങിയത്. ‘അരപ്പിരിലൂസായ കാറ്റാടിയന്ത്രം’, ‘ഹോർത്തൂസുകളുടെ ചോമി’, ‘രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി’ എന്നീ നോവലുകൾ രചിച്ചു. ‘ദ കോയ’ അവസാന നോവൽ. ‘നക്ഷത്രജന്മം’, ‘മത്സ്യഗന്ധികളുടെ നാട്’ എന്നീ ബാലസാഹിത്യവും രചിച്ചു. ജയസൂര്യയും മുരളി ഗോപിയും മുഖ്യവേഷങ്ങളിലഭിനയിച്ച ‘ലുക്ക ചുപ്പി’ സിനിമക്ക് തിരക്കഥയെഴുതി. ഭാര്യ: ആശ പി. കൃഷ്ണൻ (അധ്യാപിക, ഫറോക്ക് പേട്ട ജി.എം.എൽ.പി സ്കൂൾ). മക്കൾ: ഋത്വിക്ലാൽ, അഭിരാമി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.