മഴ കനിഞ്ഞൊരു നാളണഞ്ഞു
കുടയൊരുക്കിടാം കൂട്ടരേ...
വെന്തുരുകുമീ ഭൂമിതന്നിലൊ-
രുറവയായിടാം സോദരേ...
ഹരിതവർണ ചേല ചുറ്റിയുറങ്ങു
മമ്മതൻ മേനിയിൽ...
മക്കൾ തീർത്ത പുകക്കുഴൽ
തീ തുപ്പി സുഷിരം വന്നൊരാ...
ഹരിതകവചം വീണ്ടുമൊരുക്കി,
തണലുവിരിച്ചീടാം
നമ്മൾ മാത്രമതല്ല ഭൂവിതിൽ
ഏറെയുണ്ട് മൃഗാദികൾ...
സസ്യലതകളുമതുപോൽ
സുന്ദരപക്ഷി പറവകളഖിലവും
സഹവസിച്ചു കഴിഞ്ഞുപോന്നൊരു
ലോകമടിമുടി മാറ്റിയോർ...
നരകതുല്യമതാക്കി ഇവിടെയശാന്തി
തീർത്തവർ മക്കൾ നാം...
വെന്തുരുകും സൂര്യതാപവു
മതിനുശേഷം പ്രളയവും...
മഞ്ഞുവീഴ്ചയുമാകെ താളം
തെറ്റിവരുമൊരു ‘വർഷ’വും.
സ്വയം കൃതാനർഥങ്ങൾ
നമ്മുടെ ശാപമായി ഭവിച്ചിടും.
നാം വസിക്കും ഭൂമി ലോകം
കാലയവനിക പുൽകിടും..!
നേരമൊട്ടും വൈകിയില്ല
കൈകൾ കോർത്തുപിടിച്ചിടാം..
തോളുചേർന്നതിജീവനത്തിൻ
പുതിയ ചരിതം തീർത്തിടാം..!!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.