തൃശൂർ: കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റത്തിന് നാടകങ്ങൾ നൽകിയ സംഭാവന വിസ്മരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തുദിവസം നീളുന്ന രാജ്യാന്തര നാടകോത്സവം ‘ഇറ്റ്ഫോകി’ന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ ഒന്നിപ്പിക്കുന്ന വേദിയായി നാടകോത്സവം മാറിയെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച മുരളി തിയറ്ററിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
സാംസ്കാരിക സ്ഥാപനങ്ങളുടെ കൂട്ടായ്മയിൽ 15 ദിവസത്തെ രാജ്യാന്തര മേള അടുത്തവർഷം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.. ലളിതകല അക്കാദമി, സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സിനിമ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളെ ഒന്നിപ്പിച്ചാണ് മേള സംഘടിപ്പിക്കുക. നാടകോത്സവത്തിന്റെ സമയത്തുതന്നെ ലളിതകല അക്കാദമിയുടെ നേതൃത്വത്തിൽ രാജ്യാന്തര ആർട്ട് ക്യാമ്പും ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ചലച്ചിത്രമേളയും നടത്തും. കലാമണ്ഡലത്തിലെ വിദ്യാർഥികളുടെ കലാ അവതരണവും ഉണ്ടാകും. സാഹിത്യ അക്കാദമി സംഘടിപ്പിച്ചുവരുന്ന സാഹിത്യോത്സവവും ഇതേ സമയത്തേക്ക് ക്രമീകരിക്കും- അദ്ദേഹം പറഞ്ഞു.
റവന്യൂ മന്ത്രി കെ. രാജൻ ഇറ്റ്ഫോക് ബുള്ളറ്റിൻ ‘സെക്കൻഡ് ബെൽ’ പ്രകാശനം ചെയ്തു. ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, പി. ബാലചന്ദ്രൻ എം.എൽ.എക്ക് നൽകി ഫെസ്റ്റിവൽ ബാഗ് പ്രകാശനം ചെയ്തു. ഫെസ്റ്റിവെൽ ബുക്ക് ടി.എൻ. പ്രതാപൻ എം.പി മേയർ എം.കെ. വർഗീസിന് നൽകി പ്രകാശനം ചെയ്തു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി പ്രഭാഷണം നടത്തി.
ഫാഷിസത്തെ മാനവികത കൊണ്ട് എതിരിടണം -പ്രകാശ് രാജ്
തൃശൂർ: ഫാഷിസത്തെയും അക്രമത്തെയും എതിരിടാൻ മാനവികത കൊണ്ട് മാത്രമേ സാധിക്കൂവെന്ന് നടൻ പ്രകാശ് രാജ്. ജീവിതത്തെ സമ്പുഷ്ടിപ്പെടുത്തിയ മനോഹരമായ ചരിത്രം മാനവികതക്ക് പറയാനുണ്ട്. മാനവികതക്കൊപ്പം ജീവിതവും പതിയെ ഒഴുകുകയാണ്. ആ ഒഴുക്കിനൊപ്പം തിയറ്ററും അത് കൊണ്ടുതരുന്ന സന്തോഷത്തിന്റെ ഒത്തുചേരലും ഉണ്ട്. തിയറ്ററിന്റെ വർത്തമാനവും ഭാവിയും സന്തോഷമയമാണ്. കേരളത്തിൽ ഒട്ടേറെ ഫെസ്റ്റിവലുകളിൽ പങ്കെടുത്തു. കേരളീയർ നൽകുന്ന സ്നേഹത്തിനും അനുഭാവത്തിനും കടപ്പെട്ടിരിക്കുന്നു. പലരും കേരളീയനായി കണക്കാക്കുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.