കാർമേഘങ്ങളെ വകഞ്ഞുമാറ്റി നിലംതൊടാൻ തയാറാകുന്ന വിമാനത്തിന്റെ വിൻഡോ ഗ്ലാസിലൂടെ അവൾ കിനാവുകണ്ട നാടിനെ നോക്കിക്കാണുകയാണ്. കഴിഞ്ഞ എത്രയോ ദിവസമായി ഈ യാത്രയുടെ സന്തോഷവും തയാറെടുപ്പും കാരണം ഉറങ്ങിയിട്ടില്ല, അല്ല ഉറക്കം വന്നിട്ടില്ല.
നിക്കാഹ് കഴിഞ്ഞ് ഒന്നര വർഷം കാത്തിരുന്നിട്ടാണ് ഇക്കായെ അവൾക്ക് ഒന്നടുത്തു കിട്ടിയത്. ആ ചൂടും സുഗന്ധവും ആസ്വദിച്ചു തീരുമുമ്പ് ലീവ് കഴിഞ്ഞ് ഇക്ക സൗദിയിലേക്കു മടങ്ങി. അന്നു നൽകിയ വാക്കാണ് 'നിനക്കും ഞാൻ വിസ തരപ്പെടുത്തുന്നുണ്ട്'. എന്നിട്ടും മാസം നാലു കാത്തിരുന്നിട്ടാണ് ഇങ്ങനെ ഒരവസരം അവൾക്കു മുന്നിൽ തുറന്നുകിട്ടിയത്. നാലര മണിക്കൂർ നീണ്ട യാത്രയിൽ അവൾ കണ്ണടച്ചിരുന്ന് കിനാവ് കാണുകയായിരുന്നു. ഒരുമിച്ചുള്ള ജീവിതം, യാത്രകൾ, ഉംറ, മദീന സന്ദർശനം...
വിമാനത്താവളത്തിൽ ആരോഗ്യപരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് അവൾക്ക് ബോധ്യമായി. ചൈനയിലോ യൂറോപ്പിലോ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് കേട്ടറിഞ്ഞാണ് വിമാനം കയറിയത്. എമിഗ്രേഷൻ നടപടികൾ കഴിഞ്ഞ് ലഗേജുമെടുത്ത് പുറത്തിറങ്ങുമ്പോൾ സൗദി അറേബ്യ അവൾക്ക് അപരിചിതമായ ഒരു നാട് എന്ന് തോന്നിയിരുന്നില്ല. കാരണം തന്റെ ജീവന്റെ പാതി വർഷങ്ങളായി ജീവിക്കുന്ന, ഇക്കയുടെ ഭാഷയിൽ പറഞ്ഞാൽ 'ബർക്കത്തുള്ള പുണ്യഭൂമി'.
തന്റെ മുന്നിൽ മലർക്കെ തുറക്കപ്പെട്ട ചില്ലുവാതിലിനപ്പുറം തന്നെ കാത്ത് മണിക്കൂറുകളായി നിൽക്കുന്ന പ്രിയതമനെ അവൾ ദൂരെനിന്നു കണ്ടു. ഓടിച്ചെന്നു കെട്ടിപ്പിടിച്ച് ഉമ്മ നൽകണമെന്നുണ്ട്. ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി അവൾ ആ കരങ്ങളിലേക്ക് കടന്നുപിടിച്ചു. നല്ല ചൂടുണ്ടല്ലോ? എന്തുപറ്റി?
നിന്നെ കണ്ടതിന്റെ ചൂടാണ്. പാർക്കിങ് ഏരിയയിൽ കിടന്ന കാർ വരെ നടന്നത് അവൾ അറിഞ്ഞില്ല. പിന്നെ കിലോമീറ്ററുകൾ മിനിറ്റുകൊണ്ട് താണ്ടുകയായിരുന്നു. റൂമിലെത്തിയിട്ടും ഡ്രസ് മാറാൻ കൂട്ടാക്കാത്ത ഇക്കയോട് അവൾ തിരക്കി. എന്താ ഇന്നും ജോലിയുണ്ടോ? ഞാൻ വരുന്നെന്നു കമ്പനിയിൽ പറഞ്ഞില്ലേ?
ആരു വന്നാലും പോയാലും ഇവിടെ ഇങ്ങനെയാ... നീ കുളിച്ചു കിടക്കാൻ നോക്ക്. ഡ്യൂട്ടി കഴിഞ്ഞ് നേരത്തേ വരാം. നെറുകയിൽ ചുംബിച്ച് അയാൾ വാതിലടക്കാൻ പറഞ്ഞ് നടന്നുനീങ്ങി. വാതിൽ ചാരിനിൽക്കുന്ന അവളെ അയാൾ പലതവണ തിരിഞ്ഞുനോക്കി. കണ്ണിൽനിന്ന് മറയുവോളം അവൾ ആ സുന്ദരകാഴ്ചയെ പിന്തുടരുകയായിരുന്നു.
മൊബൈൽ ശബ്ദിക്കുന്നത് കേട്ടാണ് അവൾ ഞെട്ടിയുണർന്നത്. ഇത്ര സമയം ഉറങ്ങിയോ. ഉള്ളിലെ സന്തോഷം കാരണം അറിയാതെ ഉറങ്ങിപ്പോയി. മോളെ ഞാൻ ഒരൽപം വൈകും. രാവിലെ നീ പറഞ്ഞില്ലേ നല്ല ചൂടുണ്ടെന്ന്. ഇപ്പോൾ തലവേദനയും കൂടിയായി. ഹോസ്പിറ്റലിൽ ഒന്ന് കേറി ഡോക്ടറെ കണ്ടിട്ട് വരാം. കാത്തിരിപ്പിന്റെ മണിക്കൂറുകളായിരുന്നു പിന്നെ. രാത്രി റഹീം ഇക്ക പറഞ്ഞാണ് അവൾ അറിഞ്ഞത്.
ഇക്കാക്ക് പനി കലശലായെന്നും ചില പരിശോധനകൾക്കുവേണ്ടി മറ്റൊരു ആശുപത്രിയിലേക്കു പോകുന്നുണ്ടെന്നും വരാൻ അൽപം വൈകുമെന്നുമൊക്കെ. ആ രാത്രി മുഴുവൻ സ്വപ്നങ്ങളെ അഴിച്ചുവെച്ച് പ്രാർഥനയിലായിരുന്നു. രാവിലെ നാട്ടിലെ വാട്സ്ആപ് ഗ്രൂപ്പിൽനിന്നാണ് അറിയുന്നത് സൗദിയിലും കോവിഡ് സ്ഥിരീകരിച്ചുവെന്ന്. ചിന്തകൾ ഒന്നിനു മേൽ ഒന്ന് വട്ടമിട്ടുപറക്കാൻ തുടങ്ങി. കതകിൽ ആരോ മുട്ടിയതായി തോന്നി. ഇക്കയാകുമെന്നു കരുതി അവൾ പാഞ്ഞടുത്തു. റഹീം ഇക്കയും കുടുംബവുമാണ്. രണ്ടാളുടെയും മുഖത്ത് ഒരു ഭയപ്പാട് അവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു.
പേടിക്കാനൊന്നുമില്ല... പരിശോധനയിൽ ഇക്കാക്ക് കോവിഡ് പോസിറ്റിവ് ആണെന്നും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും ഒറ്റക്ക് ഇവിടെ നിക്കണ്ട, കൂടെ പോരാനും റഹീം ഇക്കയും ഭാര്യയും നിർബന്ധിച്ചു. മനസ്സില്ലാമനസ്സോടെ അവർക്ക് ഒപ്പം കുഞ്ഞു ബാഗുമെടുത്ത് അവൾ നടന്നു. പിന്നെ പ്രാർഥനകളുടെ ഏഴു രാപ്പകലുകൾ. ഇക്കയെ ഒന്ന് കാണാൻപോലും, ഫോണിലെങ്കിലും ഒന്ന് വിളിച്ചു സംസാരിക്കാൻപോലും കഴിഞ്ഞിരുന്നെങ്കിൽ... അവൾ വല്ലാതെ ആഗ്രഹിക്കുന്നുണ്ടായിരുന്നു. ഇക്കയുടെ ഇപ്പോഴത്തെ അവസ്ഥ എന്താകും, എന്നെ കാണാൻ കഴിയാത്തതിന്റെ സങ്കടത്തിൽ ഇക്ക നെഞ്ചുപൊട്ടി കിടക്കുകയാകും.
ഇതിനിടയിൽ പലപ്പോഴും റഹീം ഇക്കയുടെ ഫോണുകൾ ചിലക്കുന്നത് അവൾ കേൾക്കാറുണ്ട്. അവളുടെ ഇക്കയാകുമോ? തന്നോട് സംസാരിക്കാൻ വിളിക്കുന്നതാകുമോ? കാത്തിരിപ്പുകൾ മാത്രം ബാക്കി. പതിവിലും അധികമായി വൈകുന്നേരം മുതൽ റഹീം ഇക്കയുടെ ഫോൺ നിലക്കാതെ ശബ്ദിക്കുന്നു. പലപ്പോഴും ഇക്ക ഫോണുമായി പുറത്തു പോകുന്നതും കുറെ നേരം സംസാരിക്കുന്നതും അവൾ ശ്രദ്ധിക്കുന്നുണ്ട്.
പടച്ചോനെ എന്ന ശബ്ദം കേട്ടാണ് അവൾ റൂമിൽ നിന്ന് പുറത്തേക്കു വന്നത്. രണ്ടു കൈയും തലയിൽ കൊടുത്ത് റഹീം ഇക്ക ഉച്ചത്തിൽ കരയുകയാണ്. എന്താണ് ഉണ്ടായതെന്ന് മനസ്സിലാകുന്നില്ല. ഫോൺ നിലക്കാതെ ഒച്ചയുണ്ടാക്കുന്നുണ്ട്. തന്റെ കാഴ്ചയും കേൾവിയും നഷ്ടമായപ്പോലെ. അവൾ കാര്യമറിയാതെ പകച്ചു നിൽക്കുകയായിരുന്നു.
ടി.വിയിൽ മറിമായം നടക്കുന്നുണ്ട്. പരിപാടിക്കിടയിൽ ഫ്ലാഷ് ന്യൂസ് ചുവന്ന നിറം പൂണ്ട് ഉരുളാൻ തുടങ്ങി. 'സൗദിയിൽ ആദ്യ കോവിഡ് മരണം'. 'മരണപ്പെട്ടത് മലപ്പുറം സ്വദേശി'. 38 വയസ്സുള്ള... പിന്നെ ഒന്നും അവൾക്ക് ഓർമയില്ല. അടച്ചിട്ട ഒരു മുറിയിൽ അവൾ കരഞ്ഞും തേങ്ങിയും പ്രാർഥനയിലും മുഴുകി. കടല് കടന്നു വന്നിട്ട് ഒരു രാത്രിപോലും കൂടെ നിൽക്കാൻ, ആ ചൂടൊന്ന് ഏൽക്കാൻ, ഒന്ന് ചുംബിക്കാൻപോലും കഴിയാത്ത ഹതഭാഗ്യയായവൾ... അവൾ വെന്തുനീറുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഖബറടക്കം നടക്കുമെന്നും ആരെയും കാണാൻ അനുവദിക്കില്ലെന്നും ആരോടൊക്കെയോ ഇക്ക പറയുന്നത് അടച്ചിട്ട മുറിയിൽ അവൾ തേങ്ങലുകൾക്കിടയിൽ കേൾക്കുന്നുണ്ടായിരുന്നു. ഒന്ന് അവസാനമായി കൺ നിറയെ കാണാൻപോലും കഴിയാതെ... അവളുടെ നെഞ്ച് പിടയുന്നുണ്ടായിരുന്നു. ഇതിനിടയിൽ പല തവണ പരിശോധനകൾക്ക് ആരോഗ്യ മന്ത്രാലയ സ്റ്റാഫുകൾ വന്നു പോയിരുന്നു.
ക്വാറന്റീനും ഇദ്ദയും അവൾ ഒരുമിച്ചു അനുഭവിക്കുകയായിരുന്നു. ഒടുവിൽ മൂന്നു മാസത്തിനുശേഷം വിമാന ടിക്കറ്റ് കൈയിൽവെച്ച് നീട്ടുമ്പോൾ അവൾക്ക് ഒരാഗ്രഹം മാത്രം ബാക്കി. തന്റെ പ്രിയതമന്റെ ഖബറൊന്നു കാണണം. ആ മൺതരികളെ കൈക്കുമ്പിളിൽ ഒതുക്കണം. നെഞ്ചുപൊട്ടി ഒന്ന് പ്രാർഥിക്കണം. ഞാൻ മടങ്ങിപ്പോകുകയാണെന്ന് ഇക്കയോട് പറയണം. തനിച്ചാക്കിയതിന്റെ പരാതി പറഞ്ഞു യാത്ര ചോദിക്കണം...
സലാം പറഞ്ഞു പിരിയുമ്പോൾ വീശിയടിച്ചുവന്ന ചൂടുകാറ്റിന് അയാളുടെ ഗന്ധമായിരുന്നു. വിമാനം പറന്നുയരുമ്പോൾ അവളുടെ കൈവെള്ളയിലെ ആ മൺതരികളുടെ ചൂട് ഹൃദയത്തിലേക്ക് കനലായി ആഴ്ന്നിറങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.