മുഹമ്മദ് അസദിന്‍റെ മാഗ്നം ഓപസ് ആയ ദി മെസ്സേജ് ഓഫ് ദി ഖുര്‍ആന്‍ മലയാളത്തില്‍ ഉടനെ പുറത്തിറങ്ങുന്നു. ഖുര്‍ആനിക ഭാഷയുടെ അര്‍ത്ഥവിജ്ഞാനീയത്തില്‍ മുഹമ്മദ് അസദിനുള്ള അഗാധമായ ഉള്‍ക്കാഴ്ചയും അദ്ദേഹത്തിന്റെ അസാധാരണമായ ധിഷണാവൈഭവവും മുറ്റിനില്‍ക്കുന്ന, തന്റെ ജീവിതസായാഹ്നത്തില്‍ അദ്ദേഹം രചിച്ച അത്യപൂര്‍വമായ രചനാശില്‍പം ദി മെസ്സേജ് ഓഫ് ദി ഖുര്‍ആന്‍ മലയാളത്തില്‍ ഉടനെ പുറത്തിറങ്ങുന്നു. മുഹമ്മദ് അസദിന്‍റെ മാസ്റ്റർപീസ് ആയാണ് ഇത് അറിയപ്പെടുന്നത്.
യൂറോപ്പിനും ആഫ്രിക്കക്കും ഇടയിലുള്ള തന്ത്രപ്രധാന കേന്ദ്രമായ ജിബ്രാള്‍ട്ടര്‍ കടലിടുക്കിലെ തുറമുഖ പട്ടണമായ ടാന്‍ജിയറില്‍ ആയിരുന്നു 1964 മുതല്‍ 1983 വരെ മുഹമ്മദ് അസദ് താമസിച്ചിരുന്നത്. ഇവിടെ വെച്ചദ്ദേഹം തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൗത്യത്തിലേര്‍പ്പെട്ടു. തന്‍റെ ആയുഷ്കാലമത്രയും നീണ്ടുനിന്ന ഗവേഷണഫലങ്ങളുടെ വെളിച്ചത്തില്‍ വിശുദ്ധ ഖുര്‍ആന് അകൃത്രിമമായ ഒരു സമ്പൂര്‍ണ പരിഭാഷയും വ്യാഖ്യാനവും രചിക്കുക എന്നതായിരുന്നു അത്. ദി മെസ്സേജ് ഓഫ് ദി ഖുര്‍ആന്‍ എന്ന പേരില്‍ ഷേക്സ്പീരിയന്‍ ഇംഗ്ലീഷില്‍ തയാറാക്കിയ നിസ്തുലമായ ഈ ഗ്രന്ഥം 1980ലാണ് ആദ്യം പുറത്തിറങ്ങിയത്. വ്യതിരിക്തത പുലര്‍ത്തുന്നതും അകൃത്രിമവുമായ ഖുര്‍ആന്‍ പരിഭാഷയും വിശദീകരണങ്ങളുമാണ് ഇതിലുള്ളത്.
1920കളില്‍ ബദവികളോടൊപ്പമുള്ള, വര്‍ഷങ്ങളോളം നീണ്ടു നിന്ന ജീവിതം ഖുര്‍ആനിക ഭാഷയുടെ അര്‍ഥ വിജ്ഞാനീയത്തില്‍ അഗാധമായ ഉള്‍ക്കാഴ്ച അദ്ദേഹത്തിന് നേടിക്കൊടുത്തിരുന്നു. ഖുര്‍ആനിലെ പദാവലിയുമായി ശക്തമായ ഭാഷാബന്ധങ്ങള്‍ ഇപ്പോഴും ബദവികള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ബദവികളില്‍ നിന്ന് അദ്ദേഹം സ്വായത്തമാക്കിയ ഈ വൈദഗ്ധ്യവും ആംഗലഭാഷയിലുള്ള അദ്ദേഹത്തിന്‍റെ പ്രാവീണ്യവും ഇഴ ചേര്‍ന്ന മഹത്തായൊരു രചനയാണ് ദി മെസ്സേജ് ഓഫ് ദി ഖുര്‍ആന്‍ എന്ന പേരിലുള്ള അദ്ദേഹത്തിന്‍റെ ഖുര്‍ആന്‍ പരിഭാഷയും വിശദീകരണങ്ങളും. അറബി മൂലത്തോട് കൂടിയ ഒന്നാം വാല്യം ഡിജിറ്റൽ എഡിഷൻ റമദാനിൽ പുറത്തിറങ്ങുന്നു. ഹാർഡ് ബൌണ്ട് എഡിഷനും താമസിയാതെ പുറത്തിറങ്ങും. ഡിജിറ്റൽ, ഹാർഡ് ബൗണ്ട് എഡിഷനുകളുടെ തുടർന്നുള്ള മൂന്ന് വാല്യങ്ങളും ഈ വർഷം തന്നെ പുറത്തിറങ്ങും. ഡിജിറ്റൽ എഡിഷൻ പുറത്തിറങ്ങുന്നതോടെ സ്മാർട്ട് ഫോണുകളിൽ നിന്നടക്കം എപ്പോൾ വേണമെങ്കിലും ഇതിന്റെ വായന സാധ്യമാവും.
ഷിക്കാഗോയിലെ ഈസ്റ്റ് വെസ്റ്റ് യൂനിവേഴ്സിറ്റി സഹസ്ഥാപകനും ഖുർആൻ പണ്ഡിതനുമായ സഫി കസ്കസ്, ബൈബിൾ പണ്ഡിതനായ ഡേവിഡ് ഹംഗർഫോർഡ് എന്നിവർ ചേർന്ന് രചിച്ച ഖുർആൻ ബൈബിൾ ഒരു താരതമ്യ വായന, സിയാവുദ്ദീൻ സർദാറിന്റെ സ്വർഗം തേടി: ഒരു മുസ്ലിം സന്ദേഹിയുടെ യാത്രകൾ, യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിന്റെ മൂന്ന് കൃതികൾ എന്നിവയടക്കം ഒരു ഡസനിലധികം പ്രൗഢഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിയ കെ.സി. സലീം ആണ് ഇത് മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തത്. കണ്ണൂരിലെ മെറ്റഫർ പേജസ് ആണ് പ്രസാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.