പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം കവി വി. മധുസൂദനന്‍ നായര്‍ക്ക് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനത്തിലെ തുടര്‍നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്തു. പുരസ്‌കാര നിര്‍ണയത്തിനു മതിയായ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കണമെന്നാവശ്യപ്പെട്ട് തെക്കന്‍ പറവൂര്‍ സ്വദേശി രതീഷ് മാധവന്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
പുരസ്‌കാര ജേതാവിനെ കണ്ടെത്തുന്നതിനു രേഖാമൂലം തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ക്ക് ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ ഫെബ്രുവരി 16നു ചേര്‍ന്ന യോഗത്തില്‍ അനുമതി നല്‍കിയതായി ദേവസ്വത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ വി. മധുസൂദനന്‍ നായര്‍ക്ക് പുരസ്‌കാരം നല്‍കാന്‍ ദേവസ്വം മാനേജിങ് സബ് കമ്മിറ്റി ഫെബ്രുവരി ഏഴിനു തീരുമാനമെടുത്തപ്പോള്‍ ഏതെങ്കിലും ബൈലോ വ്യവസ്ഥകളോ നിലവിലുണ്ടായിരുന്നില്ലെന്ന് ഹൈ കോടതി വിലയിരുത്തി. തുടര്‍ന്നാണ് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം സ്റ്റേ ചെയ്തത്.
പുരസ്‌കാര നിര്‍ണയത്തെ ന്യായീകരിക്കുന്ന വസ്തുതകള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാമെന്ന് ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് ഇതിനായി ഹര്‍ജി ഫെബ്രുവരി 23-ലേക്ക് മാറ്റി. 2020ലും സമാന സാഹചര്യമുണ്ടായിരുന്നു. അന്ന്, പ്രഭാ വര്‍മയ്ക്ക് പുരസ്‌കാരം നല്‍കാനുള്ള തീരുമാനവും സ്റ്റേ ചെയ്തിരുന്നു. ഇതോടെ, പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം സ്വീകരിക്കാന്‍ താത്പര്യമില്ലെന്ന് പ്രഭാവര്‍മ സത്യവാങ്മൂലം നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.