ഒരു പൂക്കാലവും ഒരുപാട് കളികളും...

കള്ളക്കർക്കടകത്തിന്റെ പ്രയാണത്തിനൊടുവിൽ, സമൃദ്ധിയുടെ വരവ് വിളിച്ചറിയിക്കുന്ന ഓണക്കാലം ഏതൊരു മലയാളിയുടെ മനസ്സിലും മധുരതരമായ ഒരുപാട് ഓർമകൾ നിറഞ്ഞുനിൽക്കും. പ്രവാസലോകത്ത് വർഷങ്ങൾ തള്ളിനീക്കുമ്പോഴും പഴയ തിരുവോണ സ്മരണകൾ തെളിമയോടെ കൺമുന്നിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. സ്കൂളിലെ ഓണപരീക്ഷ കഴിയുന്നതോടെ എന്തെന്നില്ലാത്ത ഒരാനന്ദം അനുഭവപ്പെടാറുണ്ടായിരുന്നു. വരാൻപോകുന്ന ആഘോഷദിനങ്ങളുടെ ഓർമകൾ പേറിയാവും അവസാന സ്കൂൾ ദിനം കഴിഞ്ഞ് വീട്ടിലെത്തുന്നത്. പുസ്തക സഞ്ചിയെ താൽക്കാലികമായി മറക്കാൻ ലഭിക്കുന്ന ദിനങ്ങൾ, പിന്നെ കൂട്ടുകാരുമൊത്ത് പൂ പറിക്കാനുള്ള ഒരു ഓട്ടമാണ്.

വീടിനടുത്തുള്ള വിശാലമായ ഇല്ലത്തെ പറമ്പിലേക്കാണ് യാത്ര. തുമ്പപൂവും, തെച്ചിയും, മൂക്കൂറ്റിയും, നന്ത്യാർവട്ടവും, ചെമ്പരത്തിയും എന്നു വേണ്ട സകല പൂവുകളും ആ വിശാലമായ പറമ്പിൽ ഞങ്ങൾക്കു വേണ്ടി വിടർന്ന ചിരിയോടെ പൂത്തുനിൽപുണ്ടാവും. അത്തം മുതൽ പത്തു ദിനവും മുടങ്ങാതെ പൂക്കളം ഒരുക്കുന്നത് മിക്കവാറും വാശിയോടെ ആയിരിക്കും. കൂട്ടുകാരുടേതിനേക്കാൾ മികച്ചുനിൽക്കുന്ന പൂക്കളം ഒരുക്കുന്നതിനായി അലഞ്ഞ തെളിമയുള്ള ആ പകലുകൾ ഇന്നും മനസ്സിലെ മായാത്ത നിറമുള്ള ഓർമകളാണ്. പത്തായത്തിൽനിന്നുള്ള പുഴുങ്ങിയ നെല്ലിന്റെ മണം ഓണക്കാലത്തിെൻറ മറ്റൊരു ഗൃഹാതുരതയാണ്.

അടുക്കളയിൽ അമ്മ വിഭവങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാവും, ഓണത്തപ്പനുള്ള നിവേദ്യം അതിൽ പ്രധാനപ്പെട്ടതാണ്. പറമ്പിൽ നിന്നുള്ള നേന്ത്രക്കായ വെട്ടി നിരനിരയായി കലവറമുറിയിൽ തൂക്കിയിട്ടിരിക്കുന്നത് ഞങ്ങൾ കുട്ടികൾക്കെന്നും കൗതുകമായിരുന്നു. അമ്മ ശർക്കരവരട്ടിലും, കായ്നുറുക്കും ഉണ്ടാക്കാൻ തുടങ്ങുമ്പോഴെ നാവിൽ വെള്ളമൂറും. പതിയെ അടുക്കളയുടെ ചുറ്റും മണംപിടിച്ചുനിൽക്കുമ്പോൾ അമ്മ ചെറിയപാത്രത്തിൽ അൽപം തരും. ഹാ! അതിന്റെ ആ സ്വാദ് ഇന്നും നാവിൽ നിന്നും പോയിട്ടില്ല. ഓണക്കാലത്ത് ദൂരദേശങ്ങളിലുള്ള ബന്ധുക്കളെല്ലാം വീടു നിറഞ്ഞിരിക്കും. എല്ലാവരും ചേർന്നിരുന്നുള്ള പൊട്ടിച്ചിരികളും കളിതമാശകളും നിറഞ്ഞ ഉറക്കമില്ലാത്ത ആ ഉത്രാട രാത്രികൾ ഒരിക്കലും അവസാനിക്കരുതേ എന്നു പ്രാർഥിച്ചിരുന്നു.

തിരുവോണനാളിൽ ഏഴരവെളുപ്പിനെഴുന്നേറ്റു തറവാട്ടിലെ കുളത്തിലുള്ള മുങ്ങിക്കുളിയും കഴിഞ്ഞു തൃക്കാക്കരയപ്പനെ പൂജിക്കുന്ന ചടങ്ങാണ് ആദ്യം. തുടർന്ന് എല്ലാവരും ചേർന്നുള്ള മനോഹരമായ പൂക്കളമിടൽ. അപ്പോഴേക്കും അമ്മയുടെ വിളികേൾക്കാം. നേന്ത്രപ്പഴം പുഴുങ്ങിയതും, ഇലയടയും, കുംമ്ളപ്പവും, പപ്പടവും എന്നു വേണ്ട വിഭവ സമൃദ്ധമായ പ്രാതലിനുശേഷം ഓണകോടിയുടുത്ത് വിവിധ കളികൾക്കായി എല്ലാവരും തയാറെടുക്കും. പകിടകളി, ഓലപന്തുകളി, കുട്ടിയും കോലും കളി അങ്ങനെ ഇന്നത്തെ തലമുറക്കു കേട്ടുകേൾവിയില്ലാത്ത പലതരം നാടൻ കളികളാൽ സമൃദ്ധമായിരുന്നു പഴയ ഓണക്കാലങ്ങൾ. കളിച്ചു തളർന്നിരിക്കുമ്പോഴേക്കും വിഭവസമൃദ്ധമായ ഓണസദ്യ അമ്മ തയാറാക്കിയിരിക്കും. എല്ലാവരും ചേർന്നിരുന്നു സന്തോഷത്തോടെയും, സമാധാനത്തോടെയും ആസ്വദിച്ചു കഴിച്ചിട്ടുള്ള ആ ഓണസദ്യകൾ. വീണ്ടും ഒരോണം കൂടി വരുന്നു.... ഇന്ന് എത്രയൊക്കെ ആഘോഷമാക്കിയാലും ആ പഴയ കൂട്ടുകുടുംബത്തിൽ ആഘോഷിച്ച ഓണക്കാലം മിഴിവോടെ സ്മൃതിയിൽ നിറയുന്നു.

അനുഭവങ്ങളും ഓർമകളും നിങ്ങൾക്കും പങ്കുവെക്കാം: Mail: kuwait@gulfmadhyamama.net

Tags:    
News Summary - Onam celebration memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.