കലാകാരൻമാരുടെ ഒത്തുചേരലുകൾ കാണുമ്പോൾ സന്തോഷവും പ്രതീക്ഷയുമുണ്ടെന്ന് പ്രകാശ് രാജ്

തിരുവനന്തപുരം: കലാകാരന്‍മാരുടെ ഒത്തുചേരലുകള്‍ കാണുമ്പോള്‍ സന്തോഷവും പ്രതീക്ഷയുമുണ്ടെന്ന് ആക്ടിവീസ്റ്റും നടനുമായ പ്രകാശ് രാജ്. കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടകിന്റെ (നെറ്റ്‌വർക്ക് ഒഫ് ആർട്ടിസ്റ്റിക് തിയേറ്റർ ആക്ടിവിസ്റ്റ്സ് ഇൻ കേരള) രണ്ടാം സംസ്ഥാന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

നാടക കലാകാരന്മാർ ജനങ്ങളുടെ മനസും ശബ്ദവും മുദ്രാവാക്യവുമാകണം. ഇത്തരം ഒത്തുചേരലുകള്‍ ഒരു നേരംപോക്കല്ല പകരം ഇതൊരു മുന്നേറ്റമാണ്, കടമയാണ്. തന്നെ സിനിമാ നടനെന്ന് വിളിക്കരുത്. താനെന്ന മരത്തിന്റെ ശിഖരങ്ങൾ എങ്ങോട്ടു വളർന്നാലും വേര് നാടകം തന്നെയാണ്. നാടകകലാകാരന് സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്.

ഇരുണ്ട മേഘങ്ങൾ ചുറ്റും പടർന്ന കാലത്ത് സംവാദങ്ങളും പ്രവർത്തനങ്ങളും ആവിഷ്‌കാരങ്ങളുമായി കലാകാരൻമാർ സമൂഹത്തിന് വേണ്ടി നിലകൊള്ളണം. നാടകസ്ഥലത്തെത്തുമ്പോൾ തിരികെ വീട്ടിലെത്തിയ പ്രതീതിയാണ്. ലോകത്തിന്റെ ഏക പ്രതീക്ഷയാണ് നാടകവും ആർട്ടും. തിയറ്റർ ആക്ടിവിസം എന്നത് സിനിമാഭിനയം പോലെയല്ല. നാടകവുമായി സഹകരിക്കാനായത് വലിയ ഭാഗ്യമായാണ് കരുതുന്നത്.

ഫാസിസത്തിനും അടിയന്തരാവസ്ഥയ്ക്കുമെതിരെ കന്നഡയിലെ പ്രഗല്ഭരായ നിരവധിപേർക്കൊപ്പം 2000 ഓളം തെരുവുനാടകങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. നാടക് പ്രസ്ഥാനത്തിന്റെ ഏതാവശ്യത്തിനും താൻ മുന്നിലുണ്ടാകുമെന്നും പ്രകാശ് രാജ് പറഞ്ഞു.

മതത്തിന്റെ പേരിൽ ആളുകളെ വേർതിരിക്കുന്ന കാലത്തിന് വേണ്ടാത്തതെല്ലാം ദൂരെയെറിഞ്ഞ് ശുദ്ധീകരിക്കാൻ നാടകക്കാർക്ക് കഴിയണമെന്ന് ചടങ്ങിൽ ആശംസയർപ്പിക്കാനെത്തിയ സംവിധായികയും എഴുത്തുകാരിയുമായ പ്രസന്ന രാമസ്വാമി പറഞ്ഞു. ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ നാടക് സംസ്ഥാന പ്രസിഡന്റ് ഡി. രഘുത്തമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ, ജില്ലാ പ്രസിഡന്റ് വിജു വർമ്മ തുടങ്ങിയവരും പങ്കെടുത്തു.

Tags:    
News Summary - Prakash Raj says that there is joy and hope when seeing artist gatherings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.