വീട്ടിൽനിന്ന് ഒത്തിരി നടന്നിട്ടു വേണം സ്കൂളിലെത്താൻ. ബീച്ച് സൈഡിലാണ് ഞാൻ പഠിച്ചിരുന്ന സ്കൂൾ. വീട്ടിൽനിന്ന് അര മണിക്കൂറിലധികം നടക്കാനുള്ള ദൂരം. രാവിലെ ഏഴു മണിക്ക് സ്കൂളിനടുത്ത് ട്യൂഷനുണ്ടായിരുന്നതു മൂലം 6.30ഓടെ ഞാൻ നടക്കാൻ തുടങ്ങും. കൂട്ടുകാർ ആരും ആ സമയത്തുണ്ടാകില്ല.യാത്ര ട്യൂഷൻ ക്ലാസിലേക്കായതുകൊണ്ടും കൂടെ സംസാരിക്കാൻ ആരുമില്ലാത്തതുകൊണ്ടും വലിയ ബോറടിയായിരുന്നു. പഠനം നമ്മുടെ നിഘണ്ടുവിലേ ഇല്ലല്ലോ... വീട്ടുകാരുടെ നിർബന്ധംകൊണ്ട് പോകുന്നുവെന്നു മാത്രം.
ആയിടെയാണ് ടി.വിയിൽ ‘എന്നെന്നും കണ്ണേട്ടന്റെ’ സിനിമ വന്നത്. കൗമാര മനസ്സുകളെ വലുതായി സ്വാധീനിച്ച ഒരു നല്ല പടം. അതിലെ നായികയും നായകനും മനസ്സിൽ വല്ലാതെ സ്പർശിച്ച സമയം. ചുമ്മാ നടക്കുമ്പോൾ ഇതും ഓർത്താണ് നടപ്പ്. കുറച്ച് ദൂരം ചെന്നപ്പോ പിറകിലായി ഒരു ബെല്ലടി. തിരിഞ്ഞുനോക്കിയപ്പോ ചെറുതായി മുഖക്കുരു ഉള്ള ഇരുനിറക്കാരൻ. എന്റടുത്ത് സൈക്കിൾ സ്ലോ ചെയ്തിട്ട് പേര് ചോദിച്ചു. ഞാനൊന്നുകൂടി ആ മുഖത്തേക്ക് നോക്കി. അതേ, കണ്ണേട്ടൻ തന്നെ. ദൈവമേ ഇതെങ്ങനെ. ഒരുത്തനെതന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും എന്ന കവി വാചകം അത്ര വശമില്ലാത്ത പത്താംക്ലാസുകാരി പകച്ചു പണ്ടാരമടങ്ങി. വീണ്ടും കുറുമൊഴി, പേരെന്താ... പറയണോ വേണ്ടയോ, കണ്ണേട്ടനാണ് ചോദിക്കുന്നത്. വീണ്ടും നോക്കി. അതുതന്നെ മുഖച്ഛായ, വലിയ വ്യത്യാസമൊന്നും കണ്ടില്ല. പക്ഷേ, പേര് പറയാനൊരു പേടി. പറഞ്ഞാൽ അത് വലിയ തെറ്റല്ലേ. അതോടെ പോയില്ലേ എല്ലാം. ഓരോ പ്രായത്തിന്റെ ചാപല്യങ്ങളേ. എന്തായാലും ഒന്നിടവിട്ട ദിവസങ്ങളിൽ അവനെനിക്ക് കൂട്ടു വന്നു. രാവിലെത്തെ ബോറടിയും മാറിക്കിട്ടി. വേറൊരു ശല്യവുമില്ല പുള്ളിയെക്കൊണ്ട്. ഇടക്കു മാത്രം കണ്ണുകൾ തമ്മിൽ കോർക്കുമ്പോൾ പറയാവാനാത്ത എന്തോ ഒരു... മറുപടി പ്രതീക്ഷിക്കാതെതന്നെ അവനെനിക്ക് കൂട്ടുവന്നു. കുറെ നാൾ കഴിഞ്ഞ് ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ എനിക്ക് പരിചയമുള്ള തയ്യൽക്കടയിൽ ചെന്നപ്പോ ദാ നിൽക്കുന്നു കഥാനായകൻ. പരസ്പരം കണ്ടപ്പോ രണ്ടു പേർക്കും ആശ്ചര്യം. അപ്പോഴാ തയ്യൽ ചേട്ടന്റെ വിളി, അതും പേരെടുത്ത്. അതു കേട്ടപ്പോ അവനെന്നെ നോക്കി ഒരു കള്ളച്ചിരി. അത്ര മനോഹരമായി ഒരു പുഞ്ചിരി ഞാനതു വരെ കണ്ടിട്ടില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.