വ​ര: ഇ​സ്​​ഹാ​ഖ്​ നി​ല​മ്പൂ​ർ

സ്വാതന്ത്ര്യത്തിന്റെ അസ്വാരസ്യങ്ങൾ

‘നിങ്ങൾ എന്ത് മണ്ടത്തമാണ് മക്കളെ ഈ ചെയ്തത്. അതിന്റെ തള്ളക്കിളി അന്വേഷിക്കില്ലേ?’ ഒരു വൈകുന്നേരം കളികഴിഞ്ഞുവരുമ്പോൾ മകന്റെ കൈയിൽ ഒരു കാർഡ്ബോർഡ് പെട്ടി. ആകാശത്തിന്റെ അനന്തവിഹായസ്സിൽ പാറിപ്പറന്നുനടക്കേണ്ടുന്ന തത്തക്കുഞ്ഞുങ്ങളിൽ ഒരെണ്ണത്തിനെ പിടികൂടി കൂട്ടിലാക്കി കൊണ്ടുവന്നിരിക്കുകയാണ്. തൂവലുകൾ പൂർണമാകുന്നതേയുള്ളൂ. ഇനിയും വിടരാൻ കാത്തുനിൽക്കുന്ന കുഞ്ഞുരോമങ്ങൾ. കളിക്കാൻപോകുന്ന സ്ഥലത്ത് സകുടുംബം അല്ലലറിയാതെ കഴിഞ്ഞിരുന്ന ആ തത്ത കുടുംബത്തിലെ മൂന്ന് കുഞ്ഞുങ്ങളിൽ ഒരാൾ.

അമ്മ ഇരതേടി പുറത്തുപോയ തക്കംനോക്കി മകനും കൂട്ടുകാരും കൂടി തട്ടിയെടുത്തതാണത്രെ. മൂന്ന് കുഞ്ഞുങ്ങളെയും പിടികൂടി. എന്നിട്ട് വീതം വെച്ചെടുത്തു. മരത്തിൽ കയറാൻ കഴിയില്ലെങ്കിലും താഴെ കാവൽനിന്ന വകയിൽ ഔദാര്യമായി കിട്ടിയതാണുപോലും.

‘അതിനേക്കാൾ നന്നായി ഞാൻ നോക്കിക്കോളാം, ഒരു കൂട് വാങ്ങി തന്നാൽ മതി’. അവന്റെ ഉമ്മയുടെ ശിപാർശ കൂടിയായപ്പോൾ മനസ്സില്ലാമനസ്സോടെ വഴങ്ങേണ്ടിവന്നു.

‘പാരതന്ത്ര്യം മാനികൾക്കു മൃത്യുവെക്കാൾ ഭയാനകം’... പണ്ടെങ്ങോ കേട്ടുമറന്ന വരികൾ. മാനി എന്നാൽ മാനമുള്ളവൻ. എഴുത്തും വായനയും അറിയാത്ത പക്ഷികൾക്കും മൃഗങ്ങൾക്കും ഇതൊന്നും ബാധകമല്ല എന്ന ഒരു പൊതുധാരണ നമുക്കൊക്കെയുണ്ട്. ഒക്കെയാണെങ്കിലും കൂട്ടിലൊരു തത്ത വന്നതോടുകൂടി അവനെ അനുസരിപ്പിക്കാനുള്ള നല്ല ഒരായുധമാണ് കൈയിൽ കിട്ടിയത് എന്ന സന്തോഷത്തിലാണ് ഇപ്പോൾ ഭാര്യ.

വരച്ചവരയിൽ നിർത്തി എന്നൊക്കെ പറയുന്നതുപോലെ, കുളിക്കാൻ താമസിച്ചാൽ, കടയിൽ പോകാനോ ഹോം വർക്ക് ചെയ്യാനോ മടി കാണിക്കുമ്പോൾ അപ്പോ കേൾക്കാം.

‘എടാ, ഞാൻ അതിനെ തുറന്നുവിടണോ’ എന്ന ഭീഷണി. അത് കേട്ടാൽ മതി, അവൻ ഒന്നൊതുങ്ങും. എഴുന്നേൽക്കാൻ വെള്ളം കുടയേണ്ട ആവശ്യമേ ഇപ്പോ വരാറില്ലെന്നാണ് ഭാര്യയുടെ മൊഴി.

ദിവസവും രാവിലെ എഴുന്നേറ്റു, പയറോ കടലയോ ഒക്കെ തപ്പിയെടുത്തു ഇട്ടുകൊടുത്തു വെള്ളപ്പാത്രം കാലിയായിട്ടില്ല എന്നുറപ്പു വരുത്തും. പിന്നെ തത്തയുടെ നാക്കിൽ വഴങ്ങുന്ന ചില വാക്കുകൾ ദിവസവും പറഞ്ഞുപരിശീലിപ്പിക്കാൻ ശ്രമിക്കും. സമയം പോകുമ്പോൾ ഇടക്ക് ഭാര്യയുടെ ഉച്ചത്തിലുള്ള വിളികേട്ടാലേ മറ്റു കാര്യങ്ങൾക്കു പോകൂ.

ഉമ്മറത്തുതന്നെ തൂക്കിയിട്ടത് കാരണം എനിക്കും കൗതുകം തോന്നാതിരുന്നില്ല. ഇടക്ക് തൊട്ടും തലോടിയുമായി ഞാനും അതിനെ ചുറ്റിപ്പറ്റിനടക്കുമ്പോൾ ഭാര്യ പറയും. നിങ്ങളാണ് അവന് വളം വെച്ച് കൊടുക്കുന്നത് എന്ന്.

സർവതന്ത്ര സ്വതന്ത്രമായി മുറ്റത്ത് പക്ഷികളുടെ കലപില കാണുമ്പോൾ കൂട്ടിലിരുന്ന് അത് കാണിക്കുന്ന ബഹളവും കറക്കവും ഒക്കെ കാണുമ്പോൾ ചിലപ്പോൾ തോന്നും, തുറന്നുവിട്ടാലോ?

ഭാര്യയും ഇടയ്ക്കിടെ ഓർമപ്പെടുത്തും: ‘എന്തിനാ ഇവൻ അതിനെ കൂട്ടിലടച്ചിട്ട് അതിന്റെ പാപം തെണ്ടുന്നത്.’

ഒന്നാലോചിച്ചാൽ സ്വാതന്ത്ര്യം എന്ന വാക്കുതന്നെ ഉപയോഗിച്ച് തേയ്മാനം വന്നിട്ടുണ്ട്. അവനവന് ഇഷ്ടമുള്ളരീതിയിൽ എടുത്തിട്ടലക്കാനുള്ള ഒരു പാഴ്വാക്കായിരിക്കുന്നു ഇന്നത്. അധികാരത്തിന്റെയും ശക്തിയുടെയും തോതനുസരിച്ച് ഏറിയും കുറഞ്ഞും വൈയക്തികമായി പതംവരുത്തിയവ. അധികാരത്തിന്റെ ക്രമമനുസരിച്ച് താഴോട്ടിറങ്ങിപ്പോകാൻ പാകത്തിൽ. മനുഷ്യരുടെ അവസ്ഥ ഇതാണെങ്കിൽ, മറ്റു ജീവികളൊക്കെ നമ്മുടെ സൗകര്യത്തിന് എടുത്തു പെരുമാറാൻ ഉയിർക്കൊള്ളുവയാണല്ലോ. ചിന്തിച്ചാൽ ഒരെത്തും പിടിയും കിട്ടില്ല.

മാസങ്ങൾ അങ്ങനെ കൂട്ടലും കിഴിക്കലുമായി കഴിഞ്ഞുപോയി. ഒരുദിവസം അവൻ സ്കൂളിൽ പോകാൻനേരം ഞാൻ ചോദിച്ചു.

‘എടാ, ഈ തത്തയെ ഇങ്ങനെ കൂട്ടിലാക്കി കഷ്ടപ്പെടുത്തുന്നത് ശരിയാണോ? നിനക്കാണെങ്കിൽ എന്തായിരിക്കും അവസ്ഥ? നിനക്കതിനെ തുറന്നുവിട്ടൂടെ.’

അവന്റെ പരാതിയും പരിഭവവും ഒക്കെ കലർന്ന കരച്ചിലും പിഴിച്ചിലും നടക്കുന്നതിനിടയിൽ അവൻ പറഞ്ഞ ചില കാര്യങ്ങൾ ചിരിക്കാനോ ചിന്തിക്കാനോ എന്ന് ഒരെത്തും പിടിയും കിട്ടിയില്ല. ‘എന്നെ വേണമെങ്കിൽ എന്തും ചെയ്തോളൂ... പക്ഷേ, എന്റെ തത്തയെ തുറന്നുവിടുന്നകാര്യം മാത്രം പറയരുത്. ഞാൻ ജീവിക്കുന്നതുതന്നെ ഈ തത്തക്കു വേണ്ടിയാണ്.’

ഭാര്യ അല്പം നീരസത്തോടെതന്നെ നോക്കി, അവൻ പോയപ്പോൾ പറഞ്ഞു: ‘അതവിടെ കൂട്ടിൽ കിടക്കുന്നതുകൊണ്ട് നിങ്ങൾക്കെന്താ. അവന്റെ മൂട് കുളമാക്കിയില്ലേ.’

രാത്രി ഭക്ഷണം കഴിഞ്ഞാൽ പിന്നെ ഭാര്യ അടുക്കളയിൽ പാത്രങ്ങളുമായി യുദ്ധത്തിലായിരിക്കും. ആകെ നാലാൾക്കുള്ള ഭക്ഷണം. അതും ഒന്നോ രണ്ടോ വിഭവങ്ങൾ. എന്നാൽ, ഈ പത്രം കഴുകലും ഒതുക്കിവെക്കലും ഒക്കെ കാണുമ്പോൾ ഇതേതോ പഞ്ചനക്ഷത്ര ഹോട്ടലാണോ ഇത്രമാത്രം പാത്രങ്ങൾ എന്ന് തോന്നിയിട്ടുണ്ട്. ഒരുദിവസം സൂചിപ്പിക്കുകയും ചെയ്തു.

‘എന്നാൽ, നിങ്ങൾ ഇതൊക്കെ ഒന്ന് കഴുകിനോക്കൂ, എത്രസമയം വേണം എന്ന് അറിയാല്ലോ.’

ശരിയായിരിക്കും, നമുക്ക് മനസ്സിലാകാത്ത എന്തൊക്കെ കാര്യങ്ങൾ ഈ ലോകത്ത് നടക്കുന്നു. നന്നായി നടക്കുന്ന ഒരുകാര്യത്തിൽ വെറുതെ കയറി ഇടപെടും. രാഷ്ട്രങ്ങൾ തമ്മിലുള്ള ചില പിണക്കങ്ങൾവരെ ഇങ്ങനെ ഉണ്ടാകുന്നതാണ്.

മകൾ ആണെങ്കിൽ അവളുടെ ഏതോ ലോകത്ത് ഇതൊന്നും അറിയാതെ ഫോണും കുത്തിപ്പിടിച്ചുനടക്കുന്നുണ്ടാകും. കൂട്ടുകാരികൾ തന്നെയാണെങ്കിലും കോളജിൽനിന്ന് ആറേഴു മണിക്കൂർ ഒന്നിച്ചു ചെലവഴിച്ചുവന്നവർക്ക് പിന്നെ എന്താണ് ഇത്രമാത്രം സംസാരിക്കാൻ.

സമയം ആരെയും കാത്തുനിൽക്കില്ലല്ലോ. തട്ടിയും മുട്ടിയും ചിലപ്പോൾ വരിഞ്ഞുമുറുകി അതങ്ങനെ പോവുകയാണ്. കൂടെ നമ്മുടെ കൂട്ടിലെ കഥാപാത്രവും കുടുംബത്തിലെ ഒരംഗത്തെ പോലെയായി മാറി.

പുറത്തു പക്ഷികളുടെ ബഹളം കാണുമ്പോൾ തത്ത കൂട്ടിൽ കിടന്നു വല്ലാതെ ഒച്ചയിടുന്നുണ്ടാകും. അവരുടെ കൂടെ സ്വതന്ത്രമായി പറന്നുനടക്കാൻ എത്രമാത്രം അതാഗ്രഹിക്കുന്നുണ്ടാകും. ഓർത്തപ്പോൾ വിഷമം തോന്നി. ഒരു ഉൾവിളിപോലെ തോന്നിയത് ചെയ്തു. ഓഫിസിൽ പോകുന്നതിനു തൊട്ടുമുമ്പായി ആരും കാണാതെ അതിന്റെ വാതിൽ മെല്ലെ തുറന്നു. തത്ത വെളിയിലിറങ്ങി. കൂടിന്റെ വാതിൽ വേഗം അടച്ചു സ്ഥലം കാലിയാക്കി.

ഓഫിസിൽ പോകുമ്പോഴും ചെന്നപ്പോഴും മകന്റെ മനഃപ്രയാസവും തുടർന്നുണ്ടാകുന്ന പൊല്ലാപ്പുകളും ഒക്കെ ആലോചിച്ച് അല്പം പ്രയാസത്തിൽതന്നെയായിരുന്നു. എന്നെ സംശയിക്കാനുള്ള ഒരു സാധ്യതയും തള്ളിക്കളയാതെ നിരപരാധിത്വം തെളിയിക്കാനുള്ള തന്ത്രങ്ങൾ ആലോചിക്കുകയായിരുന്നു മനസ്സിൽ. മറ്റെവിടെയും പോകാൻ പറ്റില്ലല്ലോ. വെള്ളമടി ശീലവുമില്ല. ഉണ്ടെങ്കിൽ അല്പം മണപ്പിച്ചു എന്ത് വിഡ്ഢിത്തം പറഞ്ഞാലും വെള്ളമടിച്ചിട്ടാണ് എന്ന് വിചാരിച്ചോളും.

വെറുതെ തുറന്നുവിട്ടു, വേണ്ടായിരുന്നു. വെറും പക്ഷിയല്ലേ, നമുക്കെന്തുനഷ്ടം എന്ന് വിചാരിച്ചാൽ മതിയായിരുന്നു. ഓരോന്നാലോചിച്ച് ഒന്നും അറിയാത്തതുപോലെ വീട്ടിൽ ചെന്ന് കയറിയപ്പോൾ കണ്ട കാഴ്ച ശരിക്കും അത്ഭുതപ്പെടുത്തി.

രാവിലെ തുറന്നുവിട്ട തത്ത അതാ കൂട്ടിൽ. അടുത്തുചെന്ന് ആൾ അത് തന്നെയല്ലേ എന്ന് സൂക്ഷിച്ചുനോക്കിയപ്പോൾ കക്ഷി ദേഷ്യത്തോടെ മുഖം തിരിച്ചുകളഞ്ഞു. അകത്തുചെന്നപ്പോൾ മകളുടെ ഫീൽഡ് റിപ്പോർട്ടിങ്. മകൻ സ്കൂളിൽനിന്ന് വരുമ്പോൾ കൂടിന്റെ കൊളുത്തു തുറന്നുകിടക്കുകയായിരുന്നു എന്നും തത്ത കൂടിന് പുറത്തു പേടിച്ചിരിക്കുകയായിരുന്നു എന്നും. ഏതു മഹാപാപിയാണോ, നമ്മൾ അറിയാതെ ഇവിടെ കടന്നുവന്ന് ഇങ്ങനെയൊരു പാതകം ചെയ്തത് എന്ന് പറഞ്ഞ് ഏതൊക്കെയോ കുട്ടികളുടെ പേരും കൂടി ഉൾപ്പെടുത്തി ഭാര്യയുടെ പ്രത്യേക ബുള്ളറ്റിൻ.

മൗനം വിദ്വാന് ഭൂഷണം എന്നാണല്ലോ പഴമൊഴി. ഒന്നും മിണ്ടാൻ പോയില്ല. വീട്ടിൽ കയറി ഭാര്യ തന്ന ഒരു ചായയും കുടിച്ച് സോഫയിൽ ഇരുന്നപ്പോൾ ആലോചിക്കുകയായിരുന്നു. ഈ സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നത് തികച്ചും ആപേക്ഷികവും വ്യക്തിപരവുമാണ്. ഓരോരാളും വളരുന്നതും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ജീവിക്കുന്നതുമായ ചുറ്റുപാടുകൾ നമ്മുടെ സ്വാതന്ത്ര്യബോധത്തെയും പരിധിയേയും നിശ്ചയിക്കുന്നു.

ഒരുപക്ഷേ, ആ പക്ഷി പാറിപ്പറന്നുപോയിരുന്നെങ്കിൽ ഭക്ഷണം ലഭിക്കാതെ, അല്ലെങ്കിൽ മറ്റു ജീവികളിൽനിന്ന് സ്വയം രക്ഷിക്കാനാകാതെ ഇല്ലാതായിപ്പോകും എന്ന ബോധമാണ് അതിനെ നയിച്ചത്. ചിലപ്പോൾ അതുകൊണ്ടുതന്നെയാകാം അതെന്നെ കണ്ടപ്പോൾ മുഖംതിരിച്ചതും. സ്വാതന്ത്ര്യത്തിനുമുണ്ട് അതിന്റേതായ അസ്വാരസ്യങ്ങൾ. 

Tags:    
News Summary - The discomforts of freedom-Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.