തിരൂര്‍: രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കുന്നതാണ് സാഹിത്യം നേരിടുന്ന പ്രതിസന്ധിയെന്ന് തമിഴ് എഴുത്തുകാരൻ പെരുമാള്‍ മുരുകന്. തിരൂർ തുഞ്ചൻപറമ്പിൽ ആരംഭിച്ച തുഞ്ചൻ ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാമായണത്തെ സാഹിത്യമായാണ് വായിക്കേണ്ടത്. സാഹിത്യമായി വായിക്കുമ്പോൾ വിമർശനവുമാകാം. അതിനെ രാഷ്ട്രീയമായി വായിക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. ഇത്തരമൊരു പ്രശ്നമാണ് ഇപ്പോൾ ഉത്തർപ്രദേശിലും മറ്റും നടക്കുന്നത്. ബി.ജെ.പി ഇത്തരത്തിൽ രാഷ്ട്രീയമായി സാഹിത്യത്തെ കാണുകയാണ്. അത് വലിയ പ്രയാസമാണ് സാഹിത്യലോകത്ത് തീർക്കുകയെന്നും പെരുമാൾ മുരുകൻ പറഞ്ഞു.
കോവിഡിനു ശേഷമുള്ള ഒത്തുചേരലുകളെ പലതും നഷ്ടപ്പെടാതിരിക്കാനുള്ള താക്കീതായാണ് കാണേണ്ടതെന്ന് അധ്യക്ഷപ്രസംഗത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു.
പുസ്തകോത്സവം കവി പി.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ. ശ്രീകുമാർ സ്വാഗതം പറഞ്ഞു. ‘ഒളപ്പമണ്ണയുടെ കാവ്യലോകം’ എന്ന വിഷയത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പ്രഭാഷണം നടത്തി. കെ.എസ്. വെങ്കിടാചലം സ്വാഗതം പറഞ്ഞു. കോളജ് വിദ്യാർഥികൾക്കായി ദ്രുത കവിതരചന മത്സരവും സാഹിത്യ ക്വിസും നടത്തി. ദ്രുത കവിതരചന മത്സരത്തിന് ആലങ്കോട് ലീലാകൃഷ്ണൻ, പി.കെ. ഗോപി, മണമ്പൂർ രാജൻ ബാബു എന്നിവർ നേതൃത്വം നൽകി. ക്വിസ് മത്സരത്തിൽ ഡോ. കെ. ശ്രീകുമാർ ക്വിസ് മാസ്റ്ററായി. ആകാശവാണി കോഴിക്കോട് നിലയം അവതരിപ്പിക്കുന്ന കവിസമ്മേളനം കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. അപര്‍ണ രാജീവിന്റെ ഹൃദയഗീതങ്ങൾ അരങ്ങേറി.
വെള്ളിയാഴ്ച രാവിലെ 10ന് കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി’ ശതാബ്ദി സെമിനാറില്‍ അനില്‍ കോവിലകം, പി.കെ. ഗോപി, അശോകന് ചരുവില്‍, മിനി പ്രസാദ്, വീരാന്‍കുട്ടി, രജനി സുബോധ്, ഷംസാദ് ഹുസൈന്, ഡി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും. വൈകീട്ട് ആറിന് സംഗീതക്കച്ചേരി കാളിദാസ് എടക്കുളവും 7.30ന് പൂതപ്പാട്ട് കഥകളി ശശികല നെടുങ്ങാടിയും സംഘവും അവതരിപ്പിക്കും. 16 മുതല്‍ 19 വരെ യാണ് തുഞ്ചന്‍ ഉത്സവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.