'ഇതിൽ സൗദികളും ഉണ്ടോ? അതെ, ജീവിതയാത്രയിൽ കണ്ടുമുട്ടിയ ചില നല്ല മനുഷ്യരെക്കുറിച്ചാണിത്'

രു പുസ്തകത്തിന്‍റെ ശക്തി എത്രത്തോളമാണ്. ഒരു എഴുത്തുകാരൻ പലപ്പോഴായി അത് തിരിച്ചറിഞ്ഞുകൊണ്ടേയിരിക്കും. അക്ഷരങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ രണ്ട് എയർപോർട്ട് അനുഭവങ്ങൾ കഥാകൃത്ത് ഉസ്മാൻ ഇരിങ്ങാട്ടിരി പങ്കുവെച്ചിരുന്നു. മൂന്ന് വർഷങ്ങൾക്ക് മുമ്പ് എഴുതിയ കുറിപ്പ് ഇന്നും സമൂഹമാധ്യമങ്ങൾ ചർച്ചചെയ്യുകയാണ്. ഉസ്മാൻ ഇരിങ്ങാട്ടിരിയുടെ കുറിപ്പ് വായിക്കാം...

1.

വീട്ടിൽ നിന്ന് ലഗ്ഗേജ് തൂക്കി നോക്കി ഉറപ്പു വരുത്തിയിട്ടാണ് എയർപോർട്ടിൽ എത്തിയത്. ഒമാൻ എയർവേഴ്സാണ്. കോഴിക്കോട് - മസ്ക്കറ്റ് - ജിദ്ദ.

ഒരൊറ്റ പെട്ടിയേ പറ്റൂ. 30 കിലോ മാത്രം.

കൗണ്ടറിൽ എത്തി ലഗ്ഗേജ് തൂക്കി നോക്കുമ്പോൾ രണ്ട് കിലോ കൂടുതൽ.

വീട്ടിലെ തൂക്കു മെഷീൻ പണി പറ്റിച്ചു.

കൗണ്ടറിൽ ഇരിക്കുന്ന സുന്ദരിക്കുട്ടി എന്നെ നോക്കി ചിരിച്ചു കൊണ്ട് മൊഴിഞ്ഞു. രണ്ട് കിലോ കൂടുതലാണ്. അത് ഒന്നുകിൽ മാറ്റണം. അല്ലെങ്കിൽ 5000 രൂപ എക്സ്ട്രാ അടക്കണം.




ഞാൻ അവളോട് പറഞ്ഞു. രണ്ട് കിലോ അല്ലേയുള്ളൂ. ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ കുട്ടീ.

അവൾ കൈമലർത്തി. സോറി സർ.

എന്നെ കൊണ്ടുവിടാൻ വന്നവരെ പറഞ്ഞ് വിട്ടിരുന്നു. രാത്രി 12 നാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. തിരിച്ച് വീട്ടിൽ ചെന്ന് അവർക്ക് അത്താഴം കഴിക്കാൻ സമയം വേണം.

അവർ പോയ സ്ഥിതിക്ക് സാധനങ്ങൾ എടുത്ത് മാറ്റി തിരിച്ചു കൊടുത്തയക്കാനും നിവൃത്തിയില്ല. പെട്ടിയിലെ എന്ത് പുറത്ത് ഇടും ? എന്ന കൺഫ്യൂഷനിലായി ഞാൻ.

അങ്ങനെ ഗത്യന്തരമില്ലാതെ പെട്ടി പൊട്ടിച്ചു. മുകളിൽ തന്നെ എന്റെ പുസ്തകത്തിന്റെ - കൈരളി ബുക്സ് പ്രസിദ്ധീകരിച്ച 'അതുകൊണ്ടാണ് പുഴ വരളുമ്പോൾ നയനങ്ങൾ നനയുന്നത് -

രണ്ടാം പതിപ്പിന്റെ കുറച്ച് കോപ്പികളായിരുന്നു. അത് വാരിയെടുത്ത് എത്ര കിലോ ഉണ്ടെന്ന് നോക്കാൻ ആ പെൺകുട്ടിയുടെ അടുത്ത് തന്നെ ചെന്നു.

നോക്കുമ്പോൾ രണ്ട് കിലോ കൃത്യം.

ഞാൻ അതിൽ നിന്ന് ഒരു ബുക്ക് എടുത്ത് ആ പെൺകുട്ടിക്ക് കൊടുത്തു.

എന്നിട്ട് പറഞ്ഞു. പെട്ടി പൊട്ടിച്ചതിന് ഒരു ഗിഫ്റ്റ് !

അവൾ പുസ്തകം തിരിച്ചും മറിച്ചും നോക്കി. ഫോട്ടോയിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി. സർ ഒരു റൈറ്റർ ആണല്ലേ?

പെട്ടി കൊണ്ടു വരൂ. ഒന്നും മാറ്റണ്ട !

പിന്നീട് ആ കുട്ടി കാണിച്ച ഭവ്യതയും പരിഗണനയും സത്യം പറഞ്ഞാൽ എന്നെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു..




2.

ജിദ്ദയിലെത്തി കസ്റ്റംസ് ക്ലിയറൻസിന് നിൽക്കുകയാണ് . നല്ല തിരക്കുണ്ട്. ലഗ്ഗേജ് സ്കാനിംഗ് കഴിഞ്ഞ് ഉദ്യോഗസ്ഥൻ പയ്യൻ

എന്റെ പെട്ടി മാറ്റി വെക്കാനാവശ്യപ്പെട്ടു.

കുറച്ച് ഫുഡ് ഐറ്റംസ് അല്ലാതെ മറ്റൊന്നും അതിലില്ല. പിന്നെ എന്ത് കൊണ്ടാവും അയാൾ മാറ്റി നിർത്തിയിട്ടുണ്ടാവുക?

എനിക്ക് വെപ്രാളമൊന്നും തോന്നിയില്ല.

എന്നാലും ഒരു ആശങ്ക !

അദ്ദേഹം ഒരു കത്തി തന്നു. എന്നിട്ട് പറഞ്ഞു

യാ അല്ലാഹ് ഫുക്കു സൂറ...

പെട്ടി തുറക്ക്. വേഗം വേണം..

ഞാൻ സങ്കടപ്പെട്ട് രണ്ടാം വട്ടവും പെട്ടിക്ക് കത്തിവെച്ചു. തുറന്ന ഉടനെ അവൻ സാധനങ്ങൾ വകഞ്ഞു മാറ്റി അത് കയ്യിലെടുത്തു.

പുഴ രണ്ടാം പതിപ്പിന്‍റെ ഒരു കോപ്പി...

എന്നിട്ട് ചോദിച്ചു .. എശ് ഹാദാ...

ഞാൻ പറഞ്ഞു. ഹാ ദാ കിതാബ് ഹഖീ..

ഇതെന്റെ ബുക്കാണ്.

അവൻ ബുക്കെടുത്ത് മറിച്ചു നോക്കി.

പുറം കവറിലെ എന്റെ ഫോട്ടോ കണ്ട് എന്നെ സൂക്ഷിച്ചു നോക്കി. ഇ ൻ ത മുസന്നിഫ് ഹാദാ?

ഞാൻ പറഞ്ഞു. നഅം.. അതെ

അത് കേട്ടപ്പോൾ അയാളുടെ മുഖം പ്രസന്നമായി.

ആദരവോടെയായി പിന്നെയുള്ള സംസാരം.

അയ്യു ലുഗ? ഏത് ഭാഷയാണിത്?

ഞാൻ. മലയാളം. ലുഗ മലബാരി.. അന ഹിന്ദീ..

മലയാളത്തിലാണ്. ഞാൻ ഇന്ത്യക്കാരനാണ്.

ഏ ശ് മഅളൂ ? എന്താണിതിലെ കണ്ടൻറ്?

ഞാൻ വിശദീകരിച്ചു കൊടുത്തു.

അർറിജാലുൽ ഖൈരിയ്യ ലഖീതു ത്വൂല ഹയാതീ..

ജീവിതയാത്രയിൽ കണ്ടുമുട്ടിയ നല്ല മനുഷ്യരെക്കുറിച്ചാണ് ഇതിൽ പറയുന്നത്..

കമാൻ സൗദിയ്യീൻ..

സാദികളടക്കം ഉണ്ടിതിൽ..

കമാൻ സൗദി?

സൗദികളും ഉണ്ടോ?

വല്ലാഹി കതീർ നഫർ സൗദിയ്യീൻ മൗജൂദ് ഫിൽ കിതാബ്..

കുറേ സൗദികളും ഉണ്ട് കഥാപാത്രങ്ങൾ..

അപ്പോൾ സന്തോഷം കൊണ്ട് അദ്ദേഹത്തിന്റെ മുഖം പ്രകാശിക്കുന്നത് കണ്ടു..

മാഷാ അല്ലാഹ്.. മബ്റൂക്..

അല്ലാഹ് ആതീ കൽ ആഫിയ്യ എന്നൊക്കെ പ്രാർഥിച്ച് ചൂടുള്ള ഒരു ഹസ്തദാനം തന്നാണ് അയാളെന്നെ യാത്രയാക്കിയത്..

അക്ഷരങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ രണ്ട് എയർപോർട്ട് അനുഭവങ്ങൾ...

Tags:    
News Summary - Two airport experiences of usman iringattiri that recognized the power of letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.