21കാരിക്ക് നേരെ പലതവണ ലൈംഗികാതിക്രമം; ദേശീയ പുരസ്കാര ജേതാവായ നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കെതിരെ കേസ്

ഹൈദരാബാദ്: യുവതിക്ക് നേരെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പ്രശസ്ത സിനിമ നൃത്ത സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ ഷെയ്ഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റർക്കെതിരെ കേസ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിൽ സജീവമായ ജാനി മാസ്റ്റർക്കെതിരെ നൃത്തസംവിധായിക കൂടിയായ 21കാരിയാണ് ഹൈദരാബാദിലെ റായ്ദുർഗം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഏതാനും മാസങ്ങളായി യുവതി ഇദ്ദേഹത്തിനൊപ്പമാണ് പ്രവർത്തിച്ചിരുന്നത്. മുംബൈ, ചെന്നൈ, ഹൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഔട്ട്ഡോർ ഷൂട്ടിനിടെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നർസിംഗിയിലെ തന്റെ വീട്ടിലെത്തിയും പലതവണ പീഡിപ്പിച്ചെന്നും പറയുന്നു.

ദേശീയ പുരസ്കാരത്തിന് പുറമെ മൂന്നുതവണ ഫിലിം ഫെയർ അവാർഡും​ നേടിയ നൃത്ത സംവിധായകനാണ് ജാനി മാസ്റ്റർ. സൽമാൻ ഖാന്റെ ​ജയ് ഹോക്കും ധനുഷിന്റെ മാരി 2വിന് വേണ്ടിയടക്കം നൃത്തമൊരുക്കിയ അദ്ദേഹം തെലുങ്കിലെ പ്രമുഖ താരങ്ങളായ രാം ചരൺ, പവൻ കല്യാൺ, അല്ലു അർജുൻ, എൻ.ടി.ആർ ജൂനിയർ, രവി തേജ തുടങ്ങിയവർക്ക് വേണ്ടിയെല്ലാം ചുവടുകളൊരുക്കിയിട്ടുണ്ട്.

സിനിമാ ഷൂട്ടിങ്ങിനിടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽനിന്ന് തന്നെ തടയുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ജൂണിൽ ഡാൻസറായ സതീഷ് എന്നയാളും ജാനി മാസ്റ്റർക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, വാർത്ത സമ്മേളനം വിളിച്ച് ജാനി മാസ്റ്റർ ഇക്കാര്യം നിഷേധിച്ചു. 2015ൽ ഒരു കോളജിൽ നടന്ന വഴക്കിന്റെ പേരിൽ 2019ൽ ജാനി മാസ്റ്ററെ ഹൈദരാബാദിലെ പ്രാദേശിക കോടതി ആറ് മാസത്തെ തടവിന് ശിക്ഷിച്ചതായും റിപ്പോർട്ടുണ്ട്.

Tags:    
News Summary - 21-year-old girl repeatedly sexually assaulted; Case against National Film Award winning choreographer Jani Master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.