മുംബൈ: മാതാവ് സീനത്ത് ഹുസൈന്റെ 90ാം ജന്മദിനം ആഘോഷമാക്കി ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 200ലധികം ബന്ധുക്കളെ മുംബൈയിലുള്ള ആമിറിന്റെ വസതിയിൽ എത്തിച്ചാണ് ആഘോഷ പരിപാടികൾ ഒരുക്കിയത്. ബനാറസ്, ബംഗളൂരു, ലഖ്നോ, മൈസൂരു തുടങ്ങിയ നഗരങ്ങളിൽനിന്നെല്ലാം ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു. ഒരു വർഷത്തോളം അസുഖബാധിതയായിരുന്ന മാതാവ് അടുത്തിടെയാണ് സുഖം പ്രാപിച്ചത്.
ആമിർ ഖാന്റെ നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ജൂഹി ചൗളയും ആഘോഷങ്ങളിൽ പങ്കാളിയായി. ആമിറിനും സഹോദരി ഫർഹത്ത് ദത്തക്കുമൊപ്പമുള്ള ചിത്രവും ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമ കൂടിയായ ജൂഹി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ‘അമ്മിയുടെ പ്രത്യേക ജന്മദിനത്തിൽ എല്ലാ കുടുംബാംഗങ്ങളെയും കാണാനായതിൽ ഏറെ സന്തോഷം’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ഖയാമത് സെ ഖയാമത് തക്, ഇഷ്ഖ്, അന്ധാസ് അപ്ന അപ്ന, ഹം ഹേ രാഹി പ്യാർ കേ... തുടങ്ങി നിരവധി ചിത്രങ്ങളിൽ ആമിറും ജൂഹിയും ഒരുമിച്ചഭിനയിച്ചിരുന്നു. അടുത്തിടെ ആമിറുമായി വേർപിരിഞ്ഞ ഭാര്യ കിരൺ റാവു അടക്കമുള്ളവർ സീനത്ത് ഹുസൈന് ആശംസയുമായി സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തി.
‘ലാൽ സിങ് ഛദ്ദ’യാണ് ആമിർ ഖാന്റേതായി പുറത്തുവന്ന അവസാന സിനിമ. രേവതിയുടെ സലാം വെങ്കി എന്ന ചിത്രത്തിൽ അതിഥിയായും എത്തിയിരുന്നു. മാസങ്ങളായി സിനിമകളിൽനിന്ന് വിട്ടുനിൽക്കുന്ന ആമിറിനോട് ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ ഒരു സിനിമയും ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നും കുടുംബവുമൊത്ത് കൂടുതൽ സമയം ചെലവിടാനാണ് ഉദ്ദേശ്യമെന്നും താരം വ്യക്തമാക്കിയിരുന്നു. മാനസികമായി നല്ല നിലയിലെത്തുമ്പോൾ തീർച്ചയായും സിനിമ ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തിരുന്നു. അതേസമയം, ആമിറിന്റെ നിർമാണത്തിൽ ‘ലാഹോർ 1947’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. രാജ്കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സണ്ണി ഡിയോൾ, പ്രീതി സിന്റ, ഷബാന ആസ്മി, അലി ഫസൽ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കിരൺ റാവുവിന്റെ സംവിധാനത്തിൽ ആമിർ ഖാൻ സഹനിർമാതാവായി എത്തിയ ‘ലാപതാ ലേഡീസ്’ ഏറെ പ്രശംസ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.