ലാൽ സിങ് ഛദ്ദയുടെ പരാജയത്തിന് ശേഷം ആമിർ പാർട്ടി നടത്തി; ഞങ്ങൾ ആശ്ചര്യപ്പെട്ടുപോയി -മുകേഷ് ഛബ്ര

ലാൽ സിങ് ഛദ്ദയുടെ പരാജയത്തിന് ശേഷം അണിയറപ്രവർത്തകർക്കായി ആമിർ ഖാൻ വലിയൊരു പാർട്ടി സംഘടിപ്പിച്ചുവെന്ന് കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛബ്ര. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ പറഞ്ഞത്. കൂടാതെ ചിത്രത്തിന്റെ പരാജയം ആമിർ ഖാനെ ഏറെ വേദനിപ്പിച്ചെന്നും അണിയറപ്രവർത്തകരോട് ക്ഷമ ചോദിച്ചെന്നും ഛബ്ര ആമിർ ഖാനെക്കുറിച്ച് സംസാരിക്കവെ വ്യക്തമാക്കി. ലാൽ സിങ് ഛദ്ദയുടെ കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛബ്ര ആയിരുന്നു.

'സൂപ്പർ താരത്തെപോലെയല്ല പുതുമുഖ നടനെപ്പോലെയാണ് ആമിർ ഖാൻ ഓരോ ചിത്രത്തിലും അഭിനയിക്കുന്നത്. അത്രയേറെ കഠിനാധ്വാനം ചെയ്യുന്നു. ലാൽ സിങ് ഛദ്ദയുടെ പരാജയം എന്റെ ഏജൻസിയെ പ്രൊഫഷണലായി ബാധിച്ചിട്ടില്ലെങ്കിലും വ്യക്തിപരമായി ഏറെ വിഷമിപ്പിച്ചു. ചിത്രത്തിന്റെ പരാജയത്തിന് ശേഷം ആമിറിനോടും സംവിധായകൻ അദ്വൈത് ചന്ദനോടും സംസാരിച്ചു. സിനിമ തകർന്നുവെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. സിനിമ പരാജയപ്പെടുക എന്നത് ഒരു കാര്യമാണ് എന്നാൽ ചിത്രത്തിന്റെ പരാജയ കാരണം തികച്ചും വ്യത്യസ്തമാണ്'- ഛബ്ര തുടർന്നു.

'സിനിമ പരാജയപ്പെട്ടിട്ടും ഞങ്ങൾക്ക് വേണ്ടി ആമിർ ഒരു പാർട്ടി സംഘടിപ്പിച്ചു. ഛദ്ദയുടെ സംവിധായകൻ അദ്വൈത്, പ്രീതം, കരീന, എല്ലാവരും അന്ന് വിരുന്നിനുണ്ടായിരുന്നു. സിനിമയുടെ പരാജയ  കാരണം  സ്വയം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം ഞങ്ങളോട് മാപ്പ് പറഞ്ഞു. ഇതുപോലെയൊക്കെ ആരാണ് ചെയ്യുക. എന്തിനാണ് അങ്ങനെയൊരു പാർട്ടി നടത്തിയതെന്ന് ഞങ്ങൾ എല്ലാവരും ആശ്ചര്യപ്പെട്ടു പോയി- മുകേഷ് ഛബ്ര കൂട്ടിച്ചേർത്തു

ടോം ഹാങ്ക്‌സ് നായകനായ ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗമ്പ്' ന്റെ ഔദ്യോഗിക ഹിന്ദി റീമേക്കാണ് ലാൽ സിങ് ഛദ്ദ. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ആമിർ ഖാൻ ചിത്രമായിരുന്നു ഇത്. 2022 ൽ പുറത്തിറങ്ങിയ ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടാനായില്ല. 180 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 130 കോടി രൂപയിൽ താഴെയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്.

Tags:    
News Summary - Aamir Khan threw party post Laal Singh Chaddha's failure, apologised to crew for film not working well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.