'പിതാവ്​ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സമയത്ത്​ അമേരിക്കയിലെ പഠനം നിർത്തി തിരിച്ചുപോന്നു'; അഭിഷേക്​ ബച്ചന്‍റെ വെളിപ്പെടുത്തൽ

മുംബൈ: പിതാവ്​ അമിതാഭ്​ ബച്ചൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ സമയത്ത്​ അമേരിക്കയിലെ പഠിത്തം അവസാനിപ്പിച്ച്​ തിരിച്ചുപോരേണ്ടിവന്നുവെന്ന്​ അഭിഷേക്​ ബച്ചൻ. ആ സമയത്ത്​ പിതാവിനെ പിന്തുണക്കണമെന്ന ചിന്തയാണ്​ പഠനം ഉപേക്ഷിക്കാൻ കാരണമെന്നും ബോളിവുഡിലെ മുൻനിര നടന്മാരിലൊരാളായ അഭിഷേക്​ വ്യക്​തമാക്കി.

സാമ്പത്തിക ബുദ്ധിമുട്ട്​ കാരണം അമിതാഭ്​ ബച്ചൻ റോൾ തേടി യാഷ്​ ചോപ്രയുടെ അടുത്ത്​ പോയിരുന്നുവെന്നും അഭിഷേക്​ പറഞ്ഞു. ഒരു യൂട്യൂബ്​ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ അഭിഷേക്​ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്​.

'ഞാൻ പറയുന്നത്​ സത്യമാണ്​. തൊണ്ണൂറുകളിൽ ബോസ്റ്റണിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത്​ എനിക്ക്​ അതൊഴിവാക്കി നാട്ടിലേക്ക്​ മടങ്ങേണ്ടിവന്നു. സാമ്പത്തികമായി വൻ തകർച്ച നേരിട്ടതിനാൽ പിതാവ്​ കഠിനപ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്​. അദ്ദേഹം അമിതാഭ്​ ബച്ചൻ ​േ​കാർപറേഷൻ ലിമിറ്റഡ്​ (എ.ബി.സി.എൽ) തുടങ്ങിയതിനു ശേഷമുള്ള നാളുകളായിരുന്നു.

ഏതെങ്കിലും വഴിയിൽ അദ്ദേഹത്തെ സഹായിക്കാനുള്ള യോഗ്യതകളൊന്നും അന്ന്​ എനിക്കുണ്ടായിരുന്നില്ല. എന്നാൽ, മകനെന്ന നിലക്ക്​ ആ സമയത്ത്​ അദ്ദേഹത്തിനൊപ്പമുണ്ടായിരിക്കണമെന്ന്​ എനിക്ക്​ തോന്നി. എങ്ങനെയെങ്കിലും പിതാവിനെ സഹായിക്കാനുള്ള ചിന്തയായിരുന്നു മനസ്സിൽ. അതുകൊണ്ടാണ്​ ഞാൻ പഠനം നിർത്തി തിരിച്ചുപോന്നത്​. കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഞാൻ അദ്ദേഹത്തെ സഹായിക്കാൻ തുടങ്ങി. 'പ്രൊഡക്​ഷൻ ബോയ്'​ ആയാണ്​ തുടക്കം.

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി പിതാവ്​ എന്‍റെ അടുത്തുവന്നു. 'എന്‍റെ സിനിമകളൊന്നും വിജയിക്കുന്നില്ല. ബിസിനസും നന്നായി നടക്കുന്നില്ല. ഒന്നും ശരിയാകുന്നില്ല. ഇനി അടിസ്​ഥാന പാഠങ്ങളിലേക്ക്​ തിരിച്ചുപോകണം. കരിയർ തിരിച്ചുപിടിക്കണം' -അദ്ദേഹം പറഞ്ഞു. പിറ്റേന്ന്​ രാവിലെ അദ്ദേഹം യാഷ്​ ചോപ്രയുടെ വീട്ടിലേക്ക്​ പോയി. 'നോക്കൂ, എനിക്ക്​ ​ജോലിയൊന്നുമില്ല. ആരും എനിക്ക്​ സിനിമ തരുന്നില്ല. എന്‍റെ സിനിമകളൊന്നും ക്ലിക്കാകുന്നുമില്ല. ഒരു സിനിമ തന്ന്​ സഹായിക്കണമെന്ന്​ പറയാനാണ്​ ഞാൻ വന്നത്​'.

അതിനു പിന്നാലെയാണ്​ യാഷ്​ ചോപ്രയുടെ ബിഗ്​ ബജറ്റ്​ ചിത്രമായ 'മൊഹബ്ബത്തേനി'ൽ അമിതാഭ്​ അഭിനയിക്കുന്നത്​. അതോടൊപ്പം ടെലിവിഷൻ ഷോയായ 'കോൻ ബനേഗാ ക്രോർപതി'യുടെ അവതാരകനുമായി. ഇത്​ രണ്ടും ബച്ചന്‍റെ പിന്നീടുള്ള ജീവിതത്തെ മാറ്റിമറിക്കുകയായിരുന്നു. 

Tags:    
News Summary - Abhishek Bachchan dropped out of college to support father Amitabh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.