ലോസ് ആഞ്ജലസ്: പ്രശസ്ത ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ക്രിസ്റ്റ്യൻ ഒലിവർ (51), പെൺമക്കളായ അന്നിക് (12), മഡിറ്റ (10) എന്നിവരും പൈലറ്റുമാണ് മരിച്ചത്.
താരവും മക്കളും സഞ്ചരിച്ച സ്വകാര്യവിമാനം പറക്കുന്നതിനിടെ കരീബിയൻ കടലിൽ പതിക്കുകയായിരുന്നു. പ്രാദേശിക സമയം ഉച്ചക്ക് 12.10ന് സെന്‍റ് വിൻസെന്‍റിലെ ബെക്വിയ വിമാനത്താവളത്തിൽ നിന്ന് ഗ്രനേഡൈൻസിലേക്ക് ഒറ്റ എഞ്ചിൻ വിമാനം പുറപ്പെട്ടത്. കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാനാണ് താരവും കുടുംബവും ബെക്വിയയിലെത്തിയത്.
വിമാനം കടലിൽ പതിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പാജെറ്റ് ഫാമിലെ മീൻപിടിത്തക്കാർ കണ്ടിരുന്നു. ദൃക്സാക്ഷികളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തീര സംരക്ഷണ സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തകർക്ക് വിമാനം പതിച്ച സ്ഥലത്ത് എത്താൻ സാധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2006ൽ ജോർജ് ക്ലൂണിക്കൊപ്പം ദ് ഗുഡ് ജർമൻ എന്ന ചിത്രത്തിലൂടെയാണ് ക്രിസ്റ്റ്യൻ ഒലിവറിന്‍റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. 2008ലെ ആക്ഷൻ, കോമഡി ചിത്രം സ്പീഡ് റേസറിലൂടെ ജനപ്രീതി നേടി. സേവ്ഡ് ബൈ ദ് ബെൽ: ദ് ന്യൂ ക്ലാസ് എന്ന ടിവി ഷോ ഒലിവറിന് ധാരാളം ആരാധകരെ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.