രാഷ്ട്രീയം ഹോബിയല്ല, സിനിമക്ക് ഇടവേള; സുപ്രധാന തീരുമാനങ്ങൾ പങ്കുവെച്ച് വിജയ്

സിനിമയിൽ ഇടവേള എടുക്കുന്നതായി നടൻ വിജയ്. ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കിയതിന് ശേഷം പൂർണ്ണമായും രാഷ്ട്രീയപ്രവർത്തനത്തിന് ഇറങ്ങുമെന്ന് നടൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വിജയ് വ്യക്തമാക്കിയതിന് പിന്നാലെ തന്നെ സിനിമയിൽ തുടരുമോയെന്ന ചോദ്യം ആരാധകരുടെ ഇടയിൽ ഉയർന്നിരുന്നു. 

'എനിക്ക് രാഷ്ട്രീയം എന്നത് ഹോബിയല്ല. അഗാധമായ അഭിനിവേശമാണ്.രാഷ്ട്രീയ ഉയരങ്ങൾ മാത്രമല്ല, രാഷ്ട്രീയത്തിന്റെ നീളവും പരപ്പും എൻ്റെ മുൻഗാമികളിൽ നിന്ന് പഠിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അതിനായി ഞാൻ മാനസികമായി തയാറെടുക്കുകയാണ്. രാഷ്ട്രീയ പ്രവർത്തനത്തെ ബാധിക്കാതെ ഇതുവരെ കരാറൊപ്പിട്ട സിനിമകൾ പൂർത്തിയാക്കും. അതിനുശേഷം പൂർണമായും രാഷ്ട്രീയത്തിൽ മുഴുകും. അത് തമിഴ്നാട്ടിലെ ജനങ്ങളോടുള്ള കടപ്പാടായിട്ടാണ് ഞാൻ കാണുന്നത്', വിജയ് പറഞ്ഞു.

'തമിഴക വെട്രി കഴകം' എന്നാണ് വിജയ് യുടെ രാഷ്ട്രീയ പാർട്ടിയുടെ പേര്. രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് നടൻ നേരത്തെ സൂചന നൽകിയിരുന്നെങ്കിലും രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷമാണ് പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്.

വെങ്കട് പ്രഭുവിന്റെ ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രമാണ്  വിജയ് യുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ടൈം ട്രാവൽ ചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ. ശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോ​ഗി ബാബു, വി.ടി.വി ​ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. യുവൻ ശങ്കർ രാജയാണ് സം​ഗീത സംവിധാനം. സിദ്ധാർത്ഥ് നൂനി ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. 

അതേസമയം ആർ.ആർ.ആർ സിനിമയുടെ നിർമാതാക്കളായ ഡിവിവി ദനയ്യ നിര്‍മിക്കുന്ന ചിത്രത്തിൽ വിജയ് നായകനായെത്തുമെന്ന് റിപ്പോര്‍ട്ടുകൾ പ്രചരിച്ചിരുന്നു. റിപ്പോർട്ട് ശരിയാണെങ്കിൽ ഇതാകും നടന്റെ അവസാന ചിത്രം. എന്നാൽ ഈ സിനിമയുടെ സംവിധായകൻ ആരെണെന്ന് വ്യക്തമല്ല.

Tags:    
News Summary - Actor Vijay Plans to quit films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.