ചെന്നൈ: മലയാള സിനിമയിൽ മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷൻ മാനേജറുമാണ് മോശമായി പെരുമാറിയതെന്നും നടി വെളിപ്പെടുത്തി. എന്നാൽ രണ്ടുപേരുടെയും പേരുകൾ അവർ പറഞ്ഞില്ല. മോശമായി പെരുമാറിയ പ്രാഡക്ഷൻ മാനേജറുടെ കരണത്തടിക്കുകയും ചെയ്തു. അവരുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന് കണ്ടപ്പോഴാണ് മോശമായി പെരുമാറിയതെന്നും കസ്തൂരി പറഞ്ഞു. അനിയൻ ബാവ ചേട്ടൻ ബാവ, പഞ്ചപാണ്ഡവർ, രഥോൽസവം, മംഗല്യപ്പല്ലക്ക് തുടങ്ങി നിരവധി മലയാള സിനിമകളിൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് കസ്തൂരി.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് മോഹൻ ലാലും സുരേഷ് ഗോപിയും ഒഴിഞ്ഞുമാറുന്നത് എന്തിനാണെന്നും കസ്തൂരി ചോദിച്ചു. സുരേഷ് ഗോപി ചോദ്യങ്ങളോട് ദേഷ്യപ്പെടുന്നതിന് പകരം ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ആരോപണം ഉയർന്ന സാഹചര്യത്തിൽ നടൻ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കുകയാണ് നല്ലതെന്നും അവർ പറഞ്ഞു.
''മോഹൻലാലിനു എന്തുകൊണ്ട് ഉത്തരമില്ല. എന്റെ സിനിമയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നില്ലെന്ന് പറയാൻ മോഹൻലാൽ തയാറാകാത്തത് എന്തുകൊണ്ടാണ് ? അമ്മയിൽ നിന്നും രാജിവച്ച് എല്ലാവരും ഒളിച്ചോടിയത് എന്തിനാണ് ? സുരേഷ് ഗോപിക്ക് കേരളത്തിലെ വോട്ടർമാരോട് ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ ജനങ്ങളോട് തുറന്നു സംസാരിക്കണം. ഒളിച്ചുവയ്ക്കാൻ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത്.'' – കസ്തൂരി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ നിരവധി പേരാണ് സിനിമ മേഖലയിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.