മണിപ്പൂരിൽ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മേയ് നാലിന് കിങ്പോക്പി ജില്ലയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
മണിപ്പൂരിൽ കുക്കി വനിതകൾക്ക് നേരെയുണ്ടായ അതിക്രൂരമായ ലൈംഗികാക്രമണം അക്ഷരാർഥത്തിൽ ഞെട്ടിച്ചുവെന്ന് നടൻ അക്ഷയ് കുമാർ. ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം. വിഡിയോ കണ്ട് നടുങ്ങിയെന്നും കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നടൻ ട്വീറ്റ് ചെയ്തു.
'മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ വിഡിയോ കണ്ട് ഞെട്ടി. കുറ്റവാളികൾക്ക് അതികഠിനമായ ശിക്ഷ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'- അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു.
മണിപ്പൂരിൽ നിന്ന് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിഡിയോ പുറത്തു വന്നതോടെ രാജ്യത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, സചിൻ പൈലറ്റ്, ആദിത്യ താക്കറെ, പ്രിയങ്ക ചതുർവേദി, മഹുവ മോയിത്ര തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ വിഡിയോക്ക് പിന്നാലെ കേന്ദ്രസർക്കാറിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.