അര്ജുന് അശോകന്‍, അന്ന ബെന്‍ ജോഡി ഒന്നിച്ച ത്രിശങ്കു ഓടിടി റിലീസോടെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു. ചിത്രം തിയറ്ററുകളില്‍ വലിയ ഓളം തീര്‍ത്തില്ലെങ്കിലും നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ആയതോടെ മികച്ച അഭിപ്രായം നേടി ട്രെന്റിംഗില്‍ നാലാം സ്ഥാനത്തെത്തി. അച്യുത് വിനായക് സംവിധാനം ചെയ്ത ത്രിശങ്കുവിന്റെ തിരക്കഥയൊരുക്കിയത് യുകെയില്‍ ദന്ത ഡോക്ടറായ അജിത് നായരാണ്. തിരുവനന്തപുരം സ്വദേശിയായ അജിത്തിന്റെ സഹോദരന്‍ അഭിലാഷും തിരക്കഥാകൃത്താണ്. അടി കപ്യാരെ കൂട്ടമണിയാണ് അഭിലാഷിന്റെ ആദ്യ ചിത്രം.
യുവാക്കളെയും കുടുംബങ്ങളെയും ഏറെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ത്രിശങ്കു എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ അജിത് പുതിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ്. ചെറുപ്പത്തിലേ വായനയോടും എഴുത്തിനോടും താത്പര്യം ഉണ്ടായിരുന്ന അജിത്തിന്റെ പിതാവ് സെമി-പ്രൊഫഷണല്‍ നാടകങ്ങള്‍ എഴുതുമായിരുന്നു. തുടക്കത്തില്‍ എഴുതിയ പല തിരക്കഥകളും പുനര്‍വായനയില്‍ ഒരു സിനിമയാക്കാന്‍ വേണ്ട മെറ്റീരിയല്‍ ഇല്ലാത്തിനാല്‍ ഉപേക്ഷിക്കേണ്ടി വന്നു. പക്ഷെ അത്തരം എഴുത്തുകള്‍ ഒരു പ്രാക്റ്റീസ് കിട്ടാന്‍ സഹായിക്കുകയും പിന്നീട് എഴുതിയ തിരക്കഥകള്‍ മറ്റുള്ളവര്‍ വായിച്ച് നല്ല അഭിപ്രായങ്ങള്‍ പറയുകയും ചെയ്തത് ആത്മവിശ്വാസം നല്‍കി. ചേട്ടന്‍ അഭിലാഷ്.എസ്.നായര്‍ തിരക്കഥാകൃത്തായി സിനിമയില്‍ പ്രവേശിച്ചത് പ്രചോദനമായി. തുടര്‍ന്നാണ് മലയാളസിനിമാമേഖലയിലേക്ക് പ്രവേശിക്കാന്‍ സ്വന്തമായി ശ്രമങ്ങള്‍ നടത്തിത്തുടങ്ങിയത്. നായകന്‍ ഒളിച്ചോടാന്‍ തീരുമാനിക്കുന്ന ദിവസം തന്നെ അവന്റെ പെങ്ങള്‍ ഒളിച്ചോടുന്നു എന്ന വണ്‍ലൈന്‍ രസകരമായി തോന്നിയതിനാല്‍ ത്രിശങ്കു എന്ന പ്രോജക്ടിന്റെ തിരക്കഥയില്‍ ഭാഗമാകാന്‍ തീരുമാനിക്കുകയായിരുന്നു.
പലപ്പോഴായി എഴുതി പൂര്‍ത്തിയാക്കിയ അഞ്ചോളം തിരക്കഥകളുടെ പ്രൊജക്റ്റ് ചര്‍ച്ചകള്‍ നടന്നു വരുന്നു. ചേട്ടന്‍ അഭിലാഷ്.എസ്. നായരുമായി ചേര്‍ന്ന് എഴുതുന്ന ഒരു കോമഡി ചിത്രം അതിലൊന്നാണ്. ത്രിശങ്കു സംവിധായകന്‍ അച്യുതുമായി വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രവും തിരക്കഥ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംവിധാനം ഭാവി പ്ലാനുകളില്‍ ഒന്നാണെങ്കിലും, ഉടനെ ഒന്നും ചെയ്യാന്‍ പദ്ധതി ഇല്ല എന്ന് അജിത് പറഞ്ഞു.
യുകെയിലെ പഠന കാലത്ത് സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍, ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പ്ലെയര്‍ എന്നീ നിലകളില്‍ തിളങ്ങിയ അജിത് ചിത്രത്തില്‍ ഒരു ഗാനം കൂടി എഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.