കൊച്ചി: മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ വാർഷിക യോഗം തുടങ്ങി. കൊച്ചി ഗോകുലം കൺവെൻഷൻ സെന്‍ററിലാണ് യോഗവും തെരഞ്ഞെടുപ്പും പുരോഗമിക്കുന്നത്.
ഇടവേള ബാബു പിൻവാങ്ങിയ പശ്ചാത്തലത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് വാശിയേറിയ മൽസരം നടക്കുന്നത്. കുക്കു പരമേശ്വരൻ, സിദ്ദീഖ്, ഉണ്ണി ശിവപാൽ എന്നിവരാണ് സ്ഥാനാർഥികൾ. ജഗദീഷ്, ആർ. ജയൻ (ജയൻ ചേർത്തല), മഞ്ജു പിള്ള എന്നിവർ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും അനൂപ് ചന്ദ്രനും ബാബുരാജും ജോയന്‍റ് സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്.
11 അംഗങ്ങളുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരും സ്ഥാനാർഥികളാണ്.
‘അമ്മ’യുടെ പ്രസിഡന്‍റായി മൂന്നാമതും മോഹൻലാലിന് എതിരില്ല. പ്രസിഡന്‍റ് പദത്തിലേക്ക് മത്സരിക്കാൻ പത്രിക നൽകിയവർ പിൻവാങ്ങിയിരുന്നു. നടൻ സിദ്ദീഖിന്‍റെ പിൻഗാമിയായി ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയിൽ അംഗമായിരുന്നു ഉണ്ണി മുകുന്ദൻ.
വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് ‘അമ്മ’യിലുള്ളത്. അമ്മ’യുടെ നിയമാവലി പ്രകാരം 17 അംഗ ഭരണസമിതിയിൽ നാല് വനിതകൾ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.