ഇന്നസെന്റിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സംവിധായകൻ സത്യൻ അന്തിക്കാട്. പ്രിയസുഹൃത്തിന്റെ അവസാനനിമിഷങ്ങളിൽ സത്യൻ അന്തിക്കാടും ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു. രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്നസെന്‍റിനെ കാണാൻ സത്യൻ അന്തിക്കാട് എത്തിയപ്പോഴുള്ള അനുഭവം പങ്കുവെച്ച് മകൻ അനൂപ് സത്യൻ. നിറയെ ട്യൂബുകളും മെഷീനുകളും ഘടിപ്പിച്ചു കിടക്കുന്ന ഇന്നസെന്റ് അങ്കിളിനെ കണ്ടപ്പോൾ അച്ഛൻ ആകെ തകർന്നു പോയെന്നാണ് അനൂപ് പറയുന്നത്.
ഒരാഴ്ച മുമ്പാണ് ഇത് സംഭവിച്ചത്. കൃത്യമായി പറഞ്ഞാൽ, ഇന്നസന്റ് അങ്കിളിനെ വെന്റിലേറ്ററിലേക്ക് മാറ്റിയതിന്റെ തലേ ദിവസം. ഞങ്ങളെല്ലാവരും ടെൻഷനിലായിരുന്നു. എന്നാൽ, എല്ലായ്പ്പോഴും ചെയ്യാറുള്ളതു പോലെ ഇന്നസന്റ് അങ്കിൾ മരണത്തിന്റെ വാതിലോളം ചെന്ന് യു ടേൺ എടുത്ത് തിരിച്ചു വരുമെന്ന് ഞങ്ങളെ വിശ്വസിപ്പിച്ചുകൊണ്ടിരുന്നു. അതിനു വേണ്ടി കാത്തിരിക്കൂ എന്ന മട്ടിലായിരുന്നു അദ്ദേഹം.
നിറയെ ട്യൂബുകളും മെഷീനുകളും ഘടിപ്പിച്ചു കിടക്കുന്ന ഇന്നസെന്റ് അങ്കിളിനെ കണ്ടതും അച്ഛൻ തകർന്നു പോയി. പക്ഷേ, ആലീസ് ആന്റിയേയും സോനു ചേട്ടനെയും ഉഷാറാക്കാൻ അച്ഛൻ ശ്രമിച്ചിരുന്നു. ഇന്നസെന്‍റ് അങ്കിളിന്റെ ഒരു തമാശ പറഞ്ഞ് അവരെ അച്ഛൻ ചിരിപ്പിക്കുകയും ചെയ്തു. അപ്പോഴാണ് അങ്കിളിന്റെ പേരക്കുട്ടികളായ ഇന്നുവും അന്നയും അപ്പാപ്പനെ കാണാൻ ആശുപത്രിയിൽ എത്തിയത്. അച്ഛൻ അവരെയും ചിരിപ്പിക്കാൻ നോക്കി.
അച്ഛന്റെ തമാശ കേട്ട് ജൂനിയർ ഇന്നസെന്‍റ് എന്നു വിളിക്കുന്ന ഇന്നു ചിരിച്ചു. പക്ഷേ, അവന്റെ കണ്ണടയുടെ ഇടയിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. ഒടുവിൽ ഡിപ്ലോമസി എല്ലാം വിട്ട് അച്ഛൻ പറഞ്ഞു, ഇങ്ങനെയൊന്നും ആരും അവരുടെ കുടുംബത്തോടോ പ്രിയപ്പെട്ടവരോടോ ചെയ്യരുത്! ഇത്ര അടുപ്പം കാണിക്കുക... ഇത്രത്തോളം സ്നേഹിക്കുക... എന്നിട്ട് അവർ ഒരിക്കലും മരിച്ചു പോകില്ലെന്ന് അവരെ വിശ്വസിപ്പിക്കുക... ഇതൊന്നും ആരും ചെയ്യരുത്- അനൂപ് സത്യൻ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.