ഷാറൂഖ് ഖാനോടൊപ്പം സിനിമ ചെയ്യാത്തതെന്ത്? വെളിപ്പെടുത്തി അനുരാഗ് കശ്യപ്

വ്യത്യസ്ത കാഴ്ചപ്പാടുകളും വേറിട്ടുനിൽക്കുന്ന സിനിമകളും ചെയ്യുന്ന എഴുത്തുകാരനും സംവിധായകനുമായ അനുരാഗ് കശ്യപ് ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാനെ കുറിച്ച് നടത്തിയ പരാമർശമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പല കാര്യങ്ങളും മറയില്ലാതെ പറയുന്ന അനുരാഗ് കശ്യപ് അടുത്തിടെ ഒരു അഭിമുഖത്തിൽ ഷാരൂഖ് ഖാനെയും അദ്ദേഹത്തിന്‍റെ ആരാധകരെയും കുറിച്ച് സംസാരിക്കുകയായിരുന്നു.

ഷാരൂഖ് ഖാനെയും അദ്ദേഹത്തിന്‍റെ പ്രവർത്തനത്തെയും അഭിനന്ദിച്ചെങ്കിലും നടനുമായി സഹകരിക്കാൻ കഴിഞ്ഞില്ലെന്ന് കശ്യപ് വെളിപ്പെടുത്തി. ഷാരൂഖ് എല്ലാവരുമായും പ്രവർത്തിക്കുമെങ്കിലും ഇപ്പോൾ അദ്ദേഹത്തെ വെച്ച് ഒരു സിനിമ ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഒരിക്കൽ ഷാരൂഖിനൊപ്പം ഒരു സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഷാരൂഖിനെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ ഇപ്പോൾ നടന്‍റെ ആരാധകരെ എനിക്ക് ഭയമാണ് -അനുരാഗ് കശ്യപ് പറഞ്ഞു.

'സമൂഹ മാധ്യമങ്ങളുടെ ശക്തമായ സ്വാധീനമുള്ള ഈ കാലത്ത് വലിയ താരങ്ങൾക്കുള്ള ആരാധകവൃന്ദം എന്നെ ഭയപ്പെടുത്തുന്നു. ആരാധകർ കാരണം അഭിനേതാക്കൾ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നു. ആരാധകർ അവരിൽ നിന്ന് ഒരേ കാര്യങ്ങൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ആരാധകർ ആ പടം തന്നെ ഒഴിവാക്കുന്നു. അതിനാൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിൽ അഭിനേതാക്കൾ പോലും ഭയപ്പെടുന്നു' -അനുരാഗ് പറഞ്ഞു.

ആരാധകർക്ക് വേണ്ടി മാത്രമല്ല തനിക്ക് വേണ്ടി കൂടെയാണ് സിനിമ നിർമിക്കുന്നതെന്നും അനുരാഗ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഷാരൂഖിനൊപ്പം പ്രവർത്തിക്കാൻ തനിക്ക് ഭയമാണ്. പത്താൻ താരത്തെ വച്ച് ഒരു സിനിമ ചെയ്താലുള്ള പ്രത്യാഘാതങ്ങളോ അനന്തരഫലങ്ങളോ തനിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും കശ്യപ് കൂട്ടിച്ചേർത്തു. കൂടാതെ അദ്ദേഹത്തിന്‍റെ ആരാധകരെ തൃപ്ത്തിപ്പെടുത്താനും കഴിയില്ല.

ബോളിവുഡിൽ വർധിച്ചുവരുന്ന ചിലവുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഫറാ ഖാൻ, അനുരാഗ് കശ്യപ് എന്നിവരുൾപ്പെടെയുള്ള നിരവധി ചലച്ചിത്ര നിർമ്മാതാക്കൾ ഇന്ന് സിനിമ ഇറക്കുന്നത് ലോ ബജറ്റിലാണ്. സിനിമ നിർമ്മിക്കാൻ കുറച്ച് പണം ഉപയോഗിക്കുന്നതെങ്ങനെയെന്നും നടനും കൂടെയുള്ളവർക്കും എങ്ങനെയാണ് പണം നൽകുന്നതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അനുരാഗ് കശ്യപ് പരാമർശിച്ചു.

Tags:    
News Summary - Anurag Kashyap is about Shah Rukh Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.