മുംബൈ: ബോളിവുഡിന്‍റെ കിങ് ഖാൻ ഷാരൂഖിന്‍റെ ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ ഒരു ഘട്ടമാണ് കടന്നുപോകുന്നത്. മകൻ ആര്യൻ ഖാൻ ആഡംബരക്കപ്പൽ മയക്കുമരുന്ന് പാർട്ടി കേസിൽ അറസ്റ്റിലായത് താരത്തിനും ആരാധകർക്കും താങ്ങാവുന്നതിലപ്പുറമായിരുന്നു. ഒരു മാസത്തെ ജയിൽവാസത്തിന് ശേഷമാണ് കേസിൽ ജാമ്യം ലഭിച്ച് ആര്യൻ ഖാൻ പുറത്തിറങ്ങിയത്.
രക്ഷിതാവെന്നതിലപ്പുറം മക്കളോട് സുഹൃത്തിനെയെന്ന പോലെയാണ് ഷാരൂഖ് ഇടപെട്ടിരുന്നത്. ജയിലിൽ കഴിഞ്ഞ ദിവസങ്ങളിൽ ആര്യന് ഏറ്റവും ആത്മവിശ്വാസം പകർന്നതും പിതാവ് തന്നെയായിരുന്നു.
ആര്യൻ പുറത്തിറങ്ങിയതിന് പിന്നാലെ മകന്‍റെ ജീവിതത്തിൽ ചില മുൻകരുതലുകൾ ഷാരൂഖ് നടത്തുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തന്‍റെ സന്തതസഹചാരിയായ അംഗരക്ഷകൻ രവി സിങ്ങിനോട് ആര്യനെ എപ്പോഴും അനുഗമിക്കാൻ ഷാരൂഖ് നിർദേശിച്ചിരുന്നു. ആര്യന് പുതിയ ബോഡിഗാർഡിനെ തേടുന്നതായ റിപ്പോർട്ടുകളെ തുടർന്ന് നൂറുകണക്കിന് അപേക്ഷയാണ് ഷാരൂഖിന്‍റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസിന്‍റെ ഓഫിസിലെത്തിയത്.
(അർഫീൻ ഖാൻ)
ഇപ്പോഴിതാ 23കാരനായ ആര്യൻ ഖാന് ജീവിതത്തിൽ പുതിയ പാഠങ്ങളും ഉപദേശങ്ങളും നൽകാനായി 'ലൈഫ് കോച്ചി'നെ ഷാരൂഖ് നിയമിക്കുന്നതായാണ് ബോളിവുഡിൽ നിന്ന് പുറത്തുവരുന്ന പുതിയ വാർത്തകൾ. ഋത്വിക് റോഷന്‍റെ മാർഗനിർദേശകനായ അർഫീൻ ഖാനെ ആര്യന്‍റെ മാർഗനിർദേശകനായി ചുമതലപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, ഋത്വിക്കിന്‍റെ ജീവിതത്തിലെ പ്രയാസകരമായ കാലഘട്ടങ്ങളിൽ മാർനിർദേശം നൽകിയത് അർഫീൻ ഖാൻ ആയിരുന്നു. മുൻ ഭാര്യ സൂസൻ ഖാനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുന്ന കാലഘട്ടത്തിലായിരുന്നു ഇത്.
ആര്യന്‍റെ അറസ്റ്റ് മുതൽ പിന്തുണയുമായി ഋത്വിക് ഒപ്പമുണ്ടായിരുന്നു. ആര്യന് വേണ്ടി സമൂഹമാധ്യമങ്ങളിൽ ശക്തമായ ഇടപെടലാണ് ഋത്വിക് നടത്തിയത്. ഷാരൂഖും ഋത്വികും തമ്മിലുള്ള വ്യക്തിബന്ധം തന്നെയാണ് ആര്യന് ലൈഫ് കോച്ചായി അർഫീൻ ഖാനെ നിയമിക്കുന്നതിന് പിന്നിലെന്നാണ് വിവരം.
നേരത്തെ, ആര്യൻ ഖാൻ അടക്കമുള്ളവർ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് ബോംബെ ഹൈകോടതി ജാമ്യം നൽകി കൊണ്ടുള്ള ഉത്തരവിൽ പറഞ്ഞിരുന്നു. ഹരിക്കടത്തുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെതിരായ തെളിവുകൾ കണ്ടെത്താനായില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു. വാട്സ്ആപ് ചാറ്റുകളിൽ നിന്ന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. ഒരേ കപ്പലിൽ യാത്ര ചെയ്തെന്ന് കരുതി ആര്യൻ ഖാൻ, അർസാബ് മർച്ചന്‍റ്, മുൺമുൺ ധമേച്ച എന്നിവർക്കെതിരെ കുറ്റം ചുമത്താൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.