ഒരു മാസത്തോളം നീണ്ട ജയിൽവാസത്തിനൊടുവിൽ മയക്കുമരുന്ന് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ആര്യൻ ഖാൻ മാധ്യമങ്ങളുടെ മുന്നിലേക്ക് വരാതെ സ്വകാര്യ ജീവിതത്തിലാണ്. പിതാവ് ഷാരൂഖ് ഖാനും ഷൂട്ടിങ് തിരക്കുകൾക്ക് ഇടവേള നൽകി കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, ആര്യൻ ഖാന്‍റെ അംഗരക്ഷകരാകാൻ തയാറാണെന്ന് കാട്ടി നൂറുകണക്കിന് അപേക്ഷകളാണ് ഷാരൂഖിന്‍റെയും ഭാര്യ ഗൗരിയുടെയും ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ റെഡ് ചില്ലീസിന്‍റെ ഓഫിസിൽ ലഭിച്ചിരിക്കുന്നത്.
ലഹരിക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ 24കാരനായ മകന്‍റെ സുരക്ഷയെക്കുറിച്ച് ഷാരൂഖ് ഖാനും ഗൗരി ഖാനും ആശങ്കാകുലരാണെന്നും വിശ്വസ്തരായ അംഗരക്ഷകരെ തിരയുന്നു എന്നും വാർത്തകൾ വന്നതിന് പിന്നാലെയാണ് ആര്യന്‍റെ അംഗരക്ഷകനാവാൻ റെഡിയായി ഇത്രയും അപേക്ഷകൾ എത്തിയത്. മുംബൈയിലെ സുരക്ഷാ സ്ഥാപനങ്ങളും സ്വകാര്യ അംഗരക്ഷകരും ജോലി നേടുന്നതിന് പരമാവധി ശ്രമിക്കുകയാണെന്നാണ് വിവരം. സെലബ്രിറ്റികളുടെയും നിശാക്ലബ്ബുകളുടെയും സുരക്ഷ കൈകാര്യം ചെയ്യുന്നതിൽ വർഷങ്ങളോളം പരിചയമുള്ള വ്യക്തികൾ ഉൾപ്പെടെ അപേക്ഷകരായുണ്ട്.
എന്നാൽ, ആര്യൻ ഖാന് പുതിയ അംഗരക്ഷകനെ നിയമിക്കുന്നതിനെ പറ്റിയോ അപേക്ഷകളെ കുറിച്ചോ ഷാരൂഖ് ഖാനോ കുടുംബമോ പ്രതികരിച്ചിട്ടില്ല. എന്നാൽ, കിങ് ഖാന്‍റെ വിശ്വസ്ത അംഗരക്ഷകനായ രവി സിങ് ആര്യൻ എവിടെ പോയാലും അനുഗമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
മയക്കുമരുന്ന് കേസിൽ ആര്യൻ ഖാൻ ജയിൽ മോചിതനായി പുറത്തു വന്നെങ്കിലും കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ആഴ്ചയിലൊരിക്കൽ എൻ.സി.ബി ഓഫിസിലെത്തി ഒപ്പിടണം എന്നതടക്കമുള്ളതാണ് വ്യവസ്ഥകൾ. ആര്യൻ ഖാനോട് പാസ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച കോടതി, പൊലീസിന്‍റെയോ കോടതിയുടെയോ അനുമതിയില്ലാതെ നഗരം വിട്ടു പോകരുതെന്നും ഉപാധി വെച്ചിട്ടുണ്ട്.
മകൻ അറസ്റ്റിലായെന്ന വാർത്ത അറിഞ്ഞ ഉടൻ തന്നെ വിദേശത്തു നിന്ന് ഷൂട്ടിങ് നിർത്തി ഷാരൂഖ് മുംബൈയിൽ എത്തിയിരുന്നു.
അതേസമയം, ആര്യൻ ഖാന്‍റെ 24ാം പിറന്നാളായിരുന്നു ഇന്ന്. കിങ് ഖാന്‍റെ മുംബൈയിലെ വസതിയായ മന്നത്തിൽ ഇപ്രാവശ്യം വലിയ ആഘോഷങ്ങളൊന്നും സംഘടിപ്പിച്ചിരുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമെ പങ്കെടുത്തുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.