കേരളീയം ചലച്ചിത്ര മേളയിൽ തന്റെ ചിത്രം പ്രദർശിപ്പിക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ. മലയാള സിനിമയുടെ വളർച്ച കാണിക്കുന്ന മേളയിൽ നാലര പതിറ്റാണ്ടുകളായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന തന്റെ ഒരു സിനിമപോലും ഉൾപ്പെടുത്താതിരുന്നതിൽ വളരെയധികം വേദനയും വിഷമവും ഉണ്ടെന്ന് ബാലചന്ദ്ര മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. ഇക്കാലത്ത് കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നാൽ കരഞ്ഞിട്ടും പാല് കിട്ടാത്ത അവസ്ഥയാണ്. കിട്ടുന്ന പാലിന്റെ പരിഗണ മറ്റുപലതുമാണെന്ന് എല്ലാവർക്കും അറിയാമെന്നും ബാലചന്ദ്രമേനോൻ കൂട്ടിച്ചേർത്തു. കൂടാതെ കേരളീയം പോലൊരു ചലച്ചിത്രമേള സംഘടിപ്പിച്ച സർക്കാരിനെ അഭിനന്ദിക്കുന്നുമുണ്ട്.
'ഞാൻ ഏതാണ്ട് നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്. എനിക്ക് നിങ്ങൾ നല്ല അവസരങ്ങൾ തന്നു അതിൽ നന്ദിയുണ്ട്. ഇത്രയുമൊക്കെ ചെയ്തിട്ട് മലയാള സിനിമയുടെ പരിച്ഛേദം കാണിക്കുന്ന ഒരു മേളയിൽ, മലയാള സിനിമയിൽ കഴിഞ്ഞുപോയ കാലത്ത് വന്ന സിനിമകളുടെ ലിസ്റ്റ് വന്നപ്പോൾ അതിൽ എന്റെ ഒരു സിനിമയുടെ പോലും ഇല്ല. ചില സംവിധായകരുടെ രണ്ടു പടങ്ങളുണ്ട്. അതിൽ തിയറ്ററിൽ അധികം ഓടാത്ത പടങ്ങളുണ്ട്. ഇത്രയും നാളുകൊണ്ട് മലയാളികളുടെ മനസ്സിൽ എന്റേതായ ഒരു സിനിമാ സംസ്കാരം പ്രകടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് ആൾക്കാർ ഉൾക്കൊണ്ടിട്ടുമുണ്ട്. അങ്ങനെയുള്ള എന്റെ ഒരു സിനിമ പോലും ഇല്ല എന്ന് കണ്ടപ്പോൾ മിണ്ടാതെ പോകാൻ തോന്നിയില്ല' - ബാലചന്ദ്ര മേനോൻ പറയുന്നു.
'ഇക്കാലത്ത് കരയുന്ന കുഞ്ഞിനെ പാലുളളൂ എന്ന് എല്ലാവർക്കും അറിയാം. എന്നാൽ കരഞ്ഞിട്ടും പാല് കിട്ടുന്നില്ല അതാണ് ഇവിടത്തെ അവസ്ഥ. കിട്ടുന്ന പാലിന്റെ പരിഗണ മറ്റുപലതുമാണെന്ന് എല്ലാവർക്കും അറിയാം. നമ്മൾ ഇതൊല്ലാം അറിഞ്ഞിരിക്കണം. 1980 ൽ ഇറങ്ങിയ ഒരു പടത്തെപ്പറ്റി ഇപ്പോൾ പോലും ഉറക്കത്തിൽ വിളിച്ചുണർത്തി ചോദിച്ചാൽ ‘എനിക്കറിയാം’ എന്നു പറയുന്ന ഒരു പ്രേക്ഷക വൃന്ദം. അവരെ അവഹേളിക്കുന്ന കാര്യമാണ് ഇത്.
നവംബർ ഒന്നാം തീയതി ആയിട്ട് പൊങ്ങച്ചം പറയുകയാണ് എന്ന് ധരിക്കരുത്. പക്ഷേ പൊങ്ങച്ചം പറയാൻ ബാധ്യസ്ഥനാകുകയാണ്. എന്റെ ചിത്രം "സമാന്തരങ്ങൾ" മാത്രം എടുത്തു നോക്കൂ, സഖാവ് നായനാർ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ സംസ്ഥാന സർക്കാർ എനിക്കതിന് അവാർഡ് തന്നത് വിവിധ മേഖലകളിൽ പുലർത്തിയ മികവിനാണ്. കേന്ദ്രത്തിൽ വന്നപ്പോൾ കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. സമാന്തരങ്ങളിൽ പത്ത് ഡിപ്പാർട്ട്മെന്റ് ആണ് ഒറ്റക്ക് ചെയ്തത്. അങ്ങനെ ഒരു റെക്കോർഡ് വേറെ ആർക്കും ഇല്ല. ഇതൊക്കെ എനിക്ക് പറയേണ്ടി വന്നതിൽ വിഷമമുണ്ട്. അത്രയൊക്കെ വന്ന ഒരു സിനിമക്ക് ഇവരുടെ കൂട്ടത്തിൽ ഇരിക്കാൻ അർഹത ഇല്ല എന്ന പറഞ്ഞ മാന്യന് ഒരു ഉത്തരം തരാൻ ജനാധിപത്യപരമായി ബാധ്യതയുണ്ട്' - ബാലചന്ദ്ര മേനോൻ വിഡിയോയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.