തെൻറ അഭിനയശേഷികൊണ്ട് ബോളിവുഡിൽ സ്ഥാനമുറപ്പിച്ച നടനാണ് രാജ്കുമാർ റാവു. ഷാഹിദ് എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും രാജ്കുമാറിന് ലഭിച്ചിട്ടുണ്ട്. കച്ചവട സിനിമയുടെ ഭാഗമായിക്കൊണ്ടുതന്നെ മികച്ച അഭിനയസാധ്യത കണ്ടെത്താനും ഇൗ ഹരിയാനക്കാരന് സാധിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബനേഗ ക്രോർപതി പതിമൂന്നാം സീസണിലെ വരാനിരിക്കുന്ന എപ്പിസോഡിൽ അതിഥിയായി എത്തിയിരിക്കുകയാണ് രാജ്കുമാർ. കൂടെ നടി കൃതി സനോണുമുണ്ട്.
'ഹം ദൊ ഹമാരെ ദൊ' എന്ന റിലീസിന് തയ്യാറെടുക്കുന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ഇവർ ക്രോർപതി പരിപാടിയുടെ ഭാഗമായത്. ഇരുവരും പങ്കെടുക്കുന്ന ക്രോർപതി എപ്പിസോഡിന്റെ പ്രമോ അണിയറപ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. പ്രമോയിൽ അമ്മയെ കുറിച്ച് രാജ്കുമാർ പറയുന്ന ഭാഗങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അമിതാഭ് ബച്ചന്റെ വലിയ ആരാധികയായിരുന്നു തന്റെ അമ്മയെന്നും അദ്ദേഹത്തെ കാണാൻ അമ്മ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ ജീവിച്ചിരുന്നപ്പോൾ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും മരണശേഷമാണ് അത് കഴിഞ്ഞതെന്നും രാജ്കുമാർ പറയുന്നു.
'എന്റെ അമ്മ ബച്ചൻ സാറിന്റെ വലിയ ആരാധകനായിരുന്നു. വിവാഹം കഴിച്ച് ഭർത്താവിന്റെ വീട്ടിലേക്ക് വന്നപ്പോൾ അമ്മ കൈയ്യിൽ കൊണ്ടുവന്ന ഒരേയൊരു സാധനം അമിതാഭ് ബച്ചന്റെ ഫോട്ടോ മാത്രമായിരുന്നു. കിടപ്പുമുറിയിൽ അമ്മ അത് സൂക്ഷിച്ചിരുന്നുവെന്നും എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ അച്ഛന് അത് മൂലം വിഷമം അനുഭവപ്പെട്ടിട്ടുണ്ട്. അമ്മയുടേത് അറേഞ്ച്ഡ് മാരേജ് ആയിരുന്നു. പലപ്പോഴും ബച്ചന്റെ ഫോട്ടോ കിടപ്പുമുറിയിൽ സൂക്ഷിക്കുന്നതിൽ അച്ഛൻ ദേഷ്യം പ്രകടിപ്പിച്ചിരുന്നു' -രാജ് കുമാർ പറഞ്ഞു.
'ന്യൂട്ടൺ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നപ്പോഴാണ് അമ്മയുടെ മരണവാർത്ത അറിയുന്നത്. ഇതിനുശേഷം ബച്ചനെ കാണണമെന്ന അമ്മയുടെ ആഗ്രഹം സാധിച്ച് കൊടുക്കാൻ കഴിയാതിരുന്നതിൽ കുറ്റബോധം തോന്നി. അമ്മയെ കൊണ്ടുവന്ന് ബച്ചൻ സാറിനെ കാണിച്ച് കൊടുക്കാൻ കഴിഞ്ഞില്ലല്ലോയെന്ന് എന്നും ഓർക്കുമായിരുന്നു ഞാൻ'-രാജ്കുമാർ പറയുന്നു. മരണശേഷം അമ്മയുടെ ആഗ്രഹം താൻ സാധിച്ച് കൊടുത്തതിനെ കുറിച്ചും രാജ്കുമാർ വിവരിച്ചു.
'അമ്മയുടെ മരണശേഷം കുറ്റബോധമായിരുന്നു എനിക്ക്. ഒരിക്കൽ ഞാൻ ഈ വിഷയത്തെ കുറിച്ച് അമിതാഭ് ബച്ചൻ സാറിനോട് പറഞ്ഞു. പറ്റുമെങ്കിൽ ഒരു വീഡിയോ സന്ദേശം എന്റെ അമ്മയ്ക്ക് വേണ്ടി അയച്ചുതരണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹം ഉടൻ ഒരു വീഡിയോ അദ്ദേഹം എനിക്ക് അയച്ചുതന്നു. ശേഷം ഞാൻ അമ്മയുടെ ഫോട്ടോയ്ക്ക് മുന്നിലെത്തി ആ വീഡിയോ പ്ലേ ചെയ്തു. അമ്മ കണ്ട് സന്തോഷിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു.
പിന്നീട് ആ വീഡിയോ എന്റെ പെൻഡ്രൈവിൽ നിന്നും നഷ്ടപ്പെട്ടുപോയി. ബച്ചൻ സാറിനും എനിക്കും അമ്മയ്ക്കുമെല്ലാതെ മറ്റാർക്കും അത്തരമൊരു വീഡിയോയെ കുറിച്ച് അറിയില്ലായിരുന്നു'-രാജ്കുമാർ കൂട്ടിച്ചേർത്തു. രാജ്കുമാറിന്റെ അമ്മ കമലേഷ് യാദവ് 2016ൽ ആണ് അന്തരിച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ താരത്തിന്റെ അമ്മയുടെ അഞ്ചാം ചരമവാർഷികമായിരുന്നു. അന്ന് അദ്ദേഹം അമ്മയ്ക്കൊപ്പമുള്ള പഴയൊരു ഓർമ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.