പിടിച്ചെടുത്തത്​ കൊക്കെയ്​നും ചരസും മയക്കുഗുളികകളും; ആര്യന്‍റെ ലെൻസ്​ ബാഗിൽ മയക്കുമരുന്ന്​ ഒളിപ്പിച്ചിരുന്നെന്ന്​ എൻ.സി.ബി

ന്യൂഡൽഹി: ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യന്‍ ഖാൻ ഉൾപ്പെട്ട മുംബൈ ആഡംബര കപ്പലിലെ ലഹരി കേസിൽ പിടിച്ചെടുത്തത്​ 13 ഗ്രാം കൊക്കെയ്​നും 21ഗ്രാം ചരസും 22 എം.ഡി.എം.എ ഗുളികളും അഞ്ചുഗ്രാം എം.ഡിയും. നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ അറിയിച്ചതാണ്​ ഇക്കാര്യം.

മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ ആര്യൻ ഖാന്‍റെയും സുഹൃത്തുക്കളുടെയും അറസ്റ്റ്​ ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു. മയക്കുമരുന്ന്​ വാങ്ങൽ, കൈവശം സൂക്ഷിക്കൽ, നിരോധിത ലഹരിവസ്​തുക്കൾ ഉപയോഗിക്കൽ തുടങ്ങിയവയാണ്​ ഇവർക്കെതിരെ ചുമത്തിയ കുറ്റം.

ആര്യൻ ഖാൻ ഉപയോഗിക്കുന്ന ലെൻസ്​ ബാഗിൽനിന്ന്​ മയക്കുമരുന്ന്​ കണ്ടെടുത്തതായി എൻ.സി.ബി അറിയിച്ചിരുന്നു. കേസിലെ മറ്റു പ്രതികളുടെ സാനിറ്ററി പാഡിലും മരുന്ന്​ പെട്ടിയിലും ഒളിപ്പിച്ച നിലയിൽ ലഹരി വസ്​തുക്കൾ കണ്ടെടുത്തതായും എൻ.സി.ബി അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

അറസ്റ്റ്​ ചെയ്​ത്​ കോടതിയിൽ ഹാജരാക്കിയ ആര്യൻ ഖാനെയും മറ്റു രണ്ടുപേരെയും തിങ്കളാഴ്ച വരെ പൊലീസ്​ കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്ച ജാമ്യാപേക്ഷ നൽകുമെന്നാണ്​ വിവരം.

ആര്യൻ ഖാന്​ മുംബൈയിലെ ലഹരി സംഘങ്ങളുമായി ഉറ്റബന്ധങ്ങളുണ്ടെന്നാണ്​ എൻ.സി.ബിയുടെ കണ്ടെത്തൽ. ആര്യന്‍റെ വാട്​സ്​ആപ്​ ചാറ്റുകളിൽ അത്​ വ്യക്തമാക്കുന്ന തെളിവുണ്ടെന്നും പറയുന്നു. നിരോധിത ലഹരിവസ്​തുക്കൾ സംബന്ധിച്ച്​ ഒന്നിലധികം തവണ ആര്യൻ ഖാനും സുഹൃത്തുക്കളും വാട്​സ്​ആപ്​ ചാറ്റിലൂടെ ചർച്ച ചെയ്​തതായി പറയുന്നു.

ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ എട്ടുപേരെയാണ്​ ഇതുവരെ അറസ്റ്റ്​ ചെയ്​തത്​. ആര്യന്‍ ഖാനെയും മറ്റും രണ്ടുപേരെയും കോടതിയിൽ ഹാജരാക്കുകയും പൊലീസ്​ കസ്റ്റഡിയിൽ വിടുകയും ചെയ്​തിരുന്നു. മെഡിക്കൽ പരിശോധനക്ക്​ ശേഷം മറ്റുള്ളവരെയും കോടതിയിൽ ഹാജരാക്കും.

മുംബൈ തീരത്തെ കോർഡിലിയ കപ്പലിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിലാണ് ആര്യനുൾപ്പെടെ ഏട്ടു പേർ പിടിയിലായിരുന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. ആര്യൻ ഖാന്​ പുറമെ, അടുത്ത് സുഹൃത്ത് അർബാസ് മെർച്ചന്റ്, നുപുർ സരിക, മൂൺമൂൺ ധമേച, ഇസ്മീത് സിം​ഗ്, മൊഹാക് ജസ്വാൾ, വിക്രാത് ചോക്കർ, ​ഗോമിത് ചോപ്ര എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ്​ മുംബൈ തീരത്തെ ക്രൂയിസ്​ കപ്പലിൽ എൻ.സി.ബി റെയ്​ഡ്​ നടത്തിയത്​. മൂന്നുദിവസത്തെ സംഗീത പരിപാടിക്കായിരുന്നു അനുമതി.

ബോളിവുഡ്​, ഫാഷൻ, ബിസിനസ്​ രംഗത്തെ പ്രമുഖരാണ്​ പാർട്ടിയിൽ പങ്കാളികളായിരുന്നത്​. തുടർന്ന്​ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്​ഥാനത്തിൽ എൻ.സി.ബി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ കോടിക്കണക്കിന്​ ലഹരിവസ്​തുക്കൾ കണ്ടെടുത്തു.

Tags:    
News Summary - Cocaine, Charas Found From Cruise Party Found drugs in Aryan Khans lens case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.