മദ്യപിച്ച് വാഹനമോടിച്ച കേസിൽ നടൻ ദലിപ് താഹിലിന് തടവ് ശിക്ഷ

 മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ നടൻ ദലിപ് താഹിലിന് രണ്ട് മാസത്തെ തടവ് ശിക്ഷ . 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് നടൻ ഓടിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് ഓട്ടോ യാത്രികരെ ഇടിക്കുകയായിരുന്നു. ഒരു സ്ത്രീക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. വാഹനമോടിച്ചപ്പോൾ മദ്യപിച്ചിരുന്നു എന്നുള്ള ഡോക്ടറുടെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടന് രണ്ടു മാസം തടവ് ശിക്ഷ മുംബൈ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. വാഹനമോടിച്ചപ്പോൾ ദലീപ് മദ്യ ലഹരിയിലായിരുന്നെന്നും കാലുറക്കാത്ത അവസ്ഥയിലായിരുന്നെന്നും പരിശോധിച്ച ഡോക്ടർ മൊഴി നൽകി.

2018 ൽ മുംബൈയിലെ ഖാർ പ്രദേശത്തുവെച്ചാണ് അപകടം സംഭവിക്കുന്നത്. ജെനീറ്റാ ഗന്ധി, ഗൗരവ് ചഘ് എന്നിവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിലേക്കാണ് ദലിപ് കാർ ഇടിച്ചു കയറ്റിയത്. അപകടത്തിൽ ജെനീറ്റയുടെ കഴുത്തിനും പുറത്തും പരിക്കേറ്റിരുന്നു. കാർ ഇടിച്ചതിന് ശേഷം നടൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിനായക ചതുർഥി ഘോഷയാത്രയെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ കുടുങ്ങി പോവുകയായിരുന്നു. തുടർന്ന് മുംബൈ പൊലീസ് നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട് അയച്ചു. അപകടം സംഭവിച്ച് അഞ്ച് വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്.

വില്ലൻ വേഷങ്ങളവതരിപ്പിച്ച് ശ്രദ്ധേയനായ ദലിപ് താഹിൽ 1993 ൽ പുറത്തിറങ്ങിയ ഡർ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. ചിത്രത്തിൽ സണ്ണി ഡിയോളിന്റെ പിതാവിന്റെ വേഷമായിരുന്നു ദലീപ് അവതരിപ്പിച്ചത്. ബാസി​ഗർ, രാജാ, ഖയാമത് സേ ഖയാമത് തക്, ​ഗുലാം, സോൾജിയർ, ​ഗുപ്ത്, കഹോ നാ പ്യാർ ഹേ, അജ്നബീ, രാ വൺ, മിഷൻ മം​ഗൾ തുടങ്ങിയവയാണ് നടന്റെ മറ്റു ചിത്രങ്ങൾ.

Tags:    
News Summary - Dalip Tahil jailed for 2 months in 2018 drunk driving case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.