ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരമാണ് ദീപിക പദുകോൺ. ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ നിമിഷങ്ങളും തന്റെ നിലപാടുകളും അവരുടെ സ്വന്തം അക്കൗണ്ടുകളിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ പുതുവർഷത്തിൽ ഇൻസ്റ്റഗ്രാമിലെയും ട്വിറ്ററിലെയും മുഴുവൻ പോസ്റ്റുകളും നീക്കം ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി.
സംഭവത്തിന് പിന്നാലെ താരത്തിന്റെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതാകാമെന്ന് പലരും സംശയം പ്രകടിപ്പിച്ചു. നേരത്തെ സംവിധായിക ഫറാ ഖാന്റെയും വിക്രാന്ത് മാസിയുടെയും അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു ആരാധകരുടെ സംശയത്തിന് ഇടം നൽകിയത്.
പുതു വർഷത്തിൽ എല്ലാം 'ക്ലീൻ' ആക്കി പുത്തൻ തുടക്കമിടാനാകും ദീപിക താൽപര്യെപടുന്നതെന്ന് ചിന്തിക്കുന്നവരും കുറവല്ല. എന്തൊക്കെയായാലും ദീപികക്ക് മാത്രമാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സാധിക്കൂ.
ഭർത്താവ് രൺവീർ സിങ്ങിനൊപ്പം രാജസ്ഥാനിൽ അവധി ആഘോഷത്തിലാണ് ദീപികയിപ്പോൾ. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽദേവിന്റെ ജീവിതം പറയുന്ന '83' ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസിനൊപ്പം ദീപിക വേഷമിടുന്നുണ്ട്. ബിഗ് ബി അമിതാഭ് ബച്ചൻ ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്ന പേരിട്ടിട്ടില്ലാത്ത ചിത്രം 2022ലാണ് പുറത്തിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.