മുംബൈ: കനേഡിയൻ നർത്തകിയും ബോളിവുഡ് താരവുമായ നോറ ഫത്തേഹിക്ക് ബി.എം.ഡബ്ല്യൂ കാർ സമ്മാനിച്ചത് 200 കോടിയുടെ തട്ടിപ്പുകേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖരാണെന്ന് സംശയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് നോറയെ ഇ.ഡി ഒക്ടോബർ ഏഴിന് ചോദ്യം ചെയ്തിരുന്നു. സുകേഷ് ചന്ദ്രശേഖറിനെ ചോദ്യം ചെയ്തതിൽനിന്നാണ് നോറക്ക് കാർ നൽകിയ വിവരം പുറത്തായതെന്നാണ് വിവരം.
സുകേഷിന്‍റെ ഭാര്യയും നടിയുമായ ലീന മരിയ പോൾ ഒരു പരിപാടിക്ക് ക്ഷണിച്ചതായി നോറ ഇ.ഡിയോട് പറഞ്ഞിരുന്നു. ചെന്നെയിൽ 2020 ഡിസംബറിലായിരുന്നു പരിപാടി. മുംബൈ ഷോറൂമിൽനിന്ന് കാർ നോറ കാർ സ്വീകരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഇന്ത്യ ടുഡെ പുറത്തുവിട്ടിരുന്നു. താൻ കള്ളപ്പണം വെളുപ്പിക്കലിന്‍റെ ഭാഗമല്ലെന്ന് നോറ ഫത്തേഹി ഒക്ടോബർ 15ന് പ്രസ്താവന പുറത്തിറക്കിയിരുന്നു.
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടാന്‍ ശ്രമിച്ചത്. കേസിലെ പ്രതികളാണ് സുകേഷും ലീനയും. ശിവിന്ദർ സിങ്ങിന്‍റെ ഭാര്യ അതിഥി സിങ് നൽകിയ പരാതിയിലാണ് ഡൽഹി പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഇതേകേസിൽ ബോളിവുഡ് നടിയായ ജാക്വിലിൻ ഫെർണാണ്ടസിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. സുകേഷ് ചന്ദ്രശേഖറും ജാക്വിലിനും നോറ ഫത്തേഹിയും തമ്മിൽ എന്തെങ്കിലും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഏജൻസി അന്വേഷിക്കുന്നത്.
തട്ടിപ്പു നടത്തിയ ശേഷം ആഡംബര ജീവിതമാണ് സുകേഷ് നയിച്ചിരുന്നത്. ഇയാളുടെ 16 ലക്ഷ്വറി കാറുകളും കടലിനോട് അഭിമുഖമായ ബീച്ച് ബംഗ്ലാവും ഈയിടെ അന്വേഷണ സംഘം കണ്ടു കെട്ടിയിരുന്നു. ആന്ധ്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം ഇയാളുടെ പേരിൽ വഞ്ചനാ കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.