'ഭർത്താവ് മരിച്ചതിന് ശേഷമാണ് ജീവിതം ആസ്വദിക്കാൻ തുടങ്ങിയത്'; നടി താര കല്യാണിനെതിരെ വിമർശനം

'ഭർത്താവ് മരിച്ചതിന് ശേഷമാണ് ജീവിതം ആസ്വദിക്കാൻ തുടങ്ങിയത്' എന്നുളള നടി താരകല്യാണിന്റെ വാക്കുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ. അടുത്തിടെ പങ്കെടുത്ത ഒരു ചടങ്ങിലാണ് ഭർത്താവിന്റെ വിയോഗത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് നടി പറഞ്ഞത്. ഏറ്റവും നല്ല കുടുംബജീവിതമാണ് തനിക്ക് ലഭിച്ചത്, എന്നാൽ ഇപ്പോഴാണ് ജീവിതം ആസ്വദിക്കുന്നതെന്നായിരുന്നു താര കല്യാൺ പറഞ്ഞത്. ഭക്ഷണത്തെക്കുറിച്ച് സംസാരിക്കവെയാണ് ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് താര വ്യക്തമാക്കിയത്.

'ഞാൻ എന്റെ മകളുടെ അച്ഛൻ പോയതിന് ശേഷം, ഇപ്പോഴാണ് ഒറ്റക്ക് ജീവിക്കാൻ തുടങ്ങിയത്. ഇപ്പോഴാണ് ജീവിതം ആസ്വദിക്കാൻ തുടങ്ങിയത്. ഇങ്ങനെ പറയാമോ എന്ന് എനിക്ക് അറിയില്ല. ശരിയാണോ തെറ്റാണോ എന്നും എനിക്ക് അറിയില്ല. പക്ഷെ ലൈഫിൽ ഞാൻ ഒരിക്കലും സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ല. അതാരും തരാത്തതല്ല. അത് അങ്ങനെ സംഭവിച്ചു പോയതാണ്. ഏറ്റവും നല്ല ഫാമിലിയും ഭർത്താവും ഒക്കെയായിരുന്നു കിട്ടിയത് . എങ്കിലും നമുക്ക് കുറെ കമിറ്റ്മെൻസുണ്ട്. അതിന് വേണ്ടി ജീവിതം ഓടിച്ചു തീർത്തു.

ഇപ്പോള്‍ ഒരു ആറു വര്‍ഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോകുന്നത്. സുഖമാണ് ജീവിതം. ആരും ഇത് കോപ്പിയടിക്കാന്‍ നിക്കണ്ട, ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് സന്തോഷം. ഇപ്പോൾ എന്റെ ലൈഫ് എന്റെ ചോയിസ് ആണ്. എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ ഒരു ചോയിസ് ആവശ്യമാണ്'- എന്നായിരുന്നു താര കല്യാൺ പറഞ്ഞത്.

വിഡിയോ വൈറലായതോടെ താര കല്യാണിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. നടിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത വാക്കുകളാണെന്നും അത്രയും കാലം ഭാര്യക്കും മകൾക്കും വേണ്ടി ജീവിച്ചിട്ട് ഭർത്താവ് മരിച്ചപ്പോൾ ഇങ്ങനെ പറയുന്നത് ശരിയല്ലെന്നുമാണ് ആരാധകർ പറയുന്നത്.

എന്നാൽ താരയെ അനുകൂലിക്കുന്നവരുമുണ്ട്. സ്ത്രീകൾ ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കണമെന്നും സ്വാതന്ത്യത്തോടെ ആസ്വദിച്ച് ജീവിക്കണമെന്നാണ് താര കല്യാണ്‍ വ്യക്തമാക്കിയതെന്നും അതിനെ വളച്ചൊടിച്ച് കരിവാരിതേക്കേണ്ട ആവശ്യമില്ല എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. 2017ലാണ് താരയുടെ ഭർത്താവ് രാജാറാം മരണപ്പെട്ടത്.

Tags:    
News Summary - Fans criticize Thara kalyan widowhood Statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.