ഹൈദരാബാദ്: പബിലെ പൊലീസ് റെയ്ഡിൽ തെലുഗു നടി നിഹാരിക കോനിഡേല പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി പിതാവ് നാഗ ബാബു കോനിഡേല രംഗത്തെത്തി. വിഡിയോ സന്ദേശത്തിലാണ് മകൾ തെറ്റൊന്നും ചെയ്തില്ലെന്ന് നാഗ ബാബു വ്യക്തമാക്കുന്നത്. പ്രമുഖ തെലുഗു നടന്മാരായ ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും സഹോദരനാണ് നാഗ ബാബു. നിഹാരിക ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അനാവശ്യ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
'എന്റെ മകൾ നിഹാരിക അവിടെ ഉണ്ടായിരുന്നതിനാലാണ് ഇന്നലെ രാത്രി റാഡിസൺ ബ്ലൂവിലെ പബ്ബിൽ നടന്ന സംഭവത്തെക്കുറിച്ച് ഞാൻ പ്രതികരിക്കുന്നത്. രാത്രി 12 മണിയ്ക്ക് ശേഷം പബ്ബിന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ആ സമയത്ത് അവിടെയുണ്ടായിരുന്നത് കൊണ്ടാണ് നിഹാരികയെ കസ്റ്റഡിയിലെടുത്തത്. നിഹാരിക മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. അത് വ്യക്തമായത് കൊണ്ടാണ് പൊലീസ് വിട്ടയച്ചത്. അപവാദപ്രചരണം അവസാനിപ്പിക്കണം'- നാഗബാബു പറഞ്ഞു.
ഹൈദരാബാദിലെ ബൻജാര ഹിൽസിലെ റാഡിസൺ ബ്ലു ഹോട്ടലിലെ മിങ്ക് പബ്ബിൽ പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിലാണ് നിഹാരികയും ഗായകൻ രാഹുൽ സിപ്ലിഗുഞ്ജുമടക്കം 142 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു പൊലീസ് റെയ്ഡ്.
പബ്ബിന്റെ പരിസരത്ത് നിന്ന് കൊക്കെയ്നെന്ന് സംശയിക്കുന്ന വെള്ളപ്പൊടിയുടെ പാക്കറ്റുകൾ കണ്ടെടുത്തതായും മാനേജർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.
ചട്ടങ്ങൾ ലംഘിച്ച് പബ്ബിൽ പാർട്ടി സംഘടിപ്പിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സംഘം പരിശോധനക്കെത്തിയത്. ഹോട്ടൽ ജീവനക്കാരെ കൂടാതെ സ്ഥലത്തുണ്ടായിരുന്ന 142 പേരെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തു. ഇവരെ പിന്നീട് വിട്ടയച്ചതായും പൊലീസ് പറഞ്ഞു.
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായവരിൽ പബ്ബ് മാനേജർ മഹദാരം അനിൽ കുമാറും പബ്ബിന്റെ ഉടമസ്ഥരിൽ ഒരാളായ അഭിഷേക് വുപ്പാലയും ഉൾപ്പെടുന്നതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബി.ജെ.പി നേതാവ് വുപ്പാല ശാരദയുടെ മകനാണ് അഭിഷേക്. മകൻ നിരപരാധിയാണെന്ന് ശാരദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.