ജനുവരി 26ന് ഇടുക്കി ജില്ലക്ക് അമ്പത് വയസ്സ് തികയുന്നു. എവിടെ വളർന്നാലും ഓരോ ഇടുക്കിക്കാരെൻറയും ഇടനെഞ്ചിൽ ഈ നാടിെൻറ മണ്ണും മലകളും മരങ്ങളും പുഴകളും പച്ചപ്പുള്ള ഗൃഹാതുരത്വമാണ്. ഇടുക്കി സുവർണ ജൂബിലി നിറവിൽ നിൽക്കുന്ന ഈ വേളയിൽ വിവിധ മേഖലകളിൽ പ്രശസ്തരായ ഇടുക്കിക്കാർ ജന്മനാടിനെക്കുറിച്ച ഓർമകൾ പങ്കുവെക്കുന്ന പംക്തി ഇന്ന് മുതൽ...
പേരിനൊപ്പം ഇടുക്കി എന്ന് ചേർക്കുമ്പോൾതന്നെ അറിയാമല്ലോ ഞാൻ എെൻറ നാടിന് എത്രമാത്രം വില കൽപിക്കുന്നു എന്ന്. എെൻറ പേരിനല്ല, ഇടുക്കിക്കാണ് പ്രാധാന്യം നൽകുന്നത്. ഇടുക്കി ജാഫർ എന്നാണ് ശരിക്ക് പേര്. ആൾക്കാർ വിളിച്ചും എഴുതിയും വന്നപ്പോൾ ജാഫർ ഇടുക്കിയായി. ഇടുക്കി ആദ്യം വരുന്നതാണ് എനിക്കിഷ്ടം. പേരിനൊപ്പം ഇടുക്കി ഉള്ളതിൽ അഭിമാനിക്കുന്നു.
10 വർഷത്തോളമായി ഞാൻ ഇടുക്കിയിൽനിന്ന് തൊടുപുഴയിൽ വന്നിട്ട്. ഇപ്പോൾ ഉടുമ്പന്നൂർ അമയപ്രയിലാണ് താമസം. എങ്കിലും ഇടക്കിടെ ഇടുക്കിക്ക് പോകും. മണിയാറൻകുടിയിലാണ് ജനിച്ചത്. അതിനടുത്ത് ലക്ഷംകവലയിലും താമസിച്ചു. 10 വർഷത്തോളം തടിയമ്പാട്ടും ചെറുതോണിയിലും വാഴത്തോപ്പിലുമൊക്കെ ഓട്ടോയോടിച്ചു.
അതുകൊണ്ടുതന്നെ ഇടുക്കിയും അവിടുത്തെ ആളുകളുമായും നല്ല ബന്ധമുണ്ട്. പത്താം ക്ലാസ് മൂന്നുതവണ തോറ്റെങ്കിലും മനോഹരമായ ഈ നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. പഠിക്കേണ്ടത് എെൻറ ഉത്തരവാദിത്തമായിരുന്നു. പക്ഷേ, അന്നത്തെ സാഹചര്യം അങ്ങനെയായിരുന്നു. ദാരിദ്ര്യകാലത്ത് എന്നോടൊപ്പം നിന്നവരാണ് ഇടുക്കിക്കാർ.
വഞ്ചിക്കവലിയിലെ എച്ച്.ആർ.സി ഹാളിൽ നടന്ന യുവജന മേളയിൽ ജ്യേഷ്ഠെൻറ ഷർട്ടുമിട്ട് മിമിക്രി അവതരിപ്പിച്ച എന്നെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച പാവപ്പെട്ട ജനങ്ങളെ നന്ദിയോടെ ഓർക്കുകയാണ്. ഇടുക്കിവിട്ട് എങ്ങും പോയിട്ടില്ല. സിനിമയിൽ വന്നപ്പോൾ എറണാകുളത്ത് താമസിച്ചുകൂടേ എന്ന് പലരും ചോദിച്ചു. രണ്ട് സിനിമയിൽ അഭിനയിച്ചു എന്ന് കരുതി സ്വന്തം നാടിനെയും നാട്ടുകാരയെും ഉപേക്ഷിക്കാനാവില്ല. എവിടെപ്പോയാലും ഇടുക്കിയെക്കുറിച്ച് കൂടുതൽ പറയാറുണ്ട്.
ഇടുക്കിയുടെ മനോഹാരിത പറഞ്ഞറിയിക്കാനാവാത്തതാണ്. അത് 'മഹേഷിെൻറ പ്രതികാര'ത്തിലൂടെ ദിലീഷ് പോത്തനും സംഘവും കാണിച്ചുകൊടുത്തിട്ടുണ്ട്. ഈ നാടിെൻറ വിനോദസഞ്ചാര സാധ്യതകൾ ഇനിയും പ്രയോജനപ്പെടുത്തണമെന്നാണ് എെൻറ അഭിപ്രായം. വികസനത്തിൽ പാർട്ടി നോക്കരുത്. ഇടുക്കിയിൽ എത്ര കോടി മുടക്കിയാലും അധികമാകില്ല. ജില്ലക്ക് അമ്പത് വയസ്സ് തികയുന്ന ഈ വേളയിൽ ഇടുക്കിക്കും നാട്ടുകാർക്കും അനുഗ്രഹമുണ്ടാകട്ടെ എന്നും നമ്മുടെ തലമുറക്ക് ശേഷവും ഇടുക്കി വൻ ഇടുക്കിയായി മാറട്ടെ എന്നും ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.