ഹോളിവുഡ് സൂപ്പർതാരം ബെന്‍ അഫ്ലെക്കും പ്രശ്സത പോപ് ഗായികയും നടിയുമായ ജെന്നിഫര്‍ ലോപ്പസും വിവാഹിതരായി. അമേരിക്കയിലെ ലാസ് വെഗാസിൽ വച്ച് ശനിയാഴ്ചയായിരുന്നു വിവാഹം. നെവാഡയിലെ ക്ലാര്‍ക്ക് കൗണ്ടിയില്‍ നിന്നും ജൂലൈ 16ന് ഇരുവരും വിവാഹ ലൈസന്‍സ് നേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. ദമ്പതികളുമായി അടുത്ത വൃത്തങ്ങളും വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വര്‍ഷം ആദ്യം 14കാരിയായ മകള്‍ എമ്മെക്കൊപ്പം ഒരു ഷോപ്പിംഗിനിടെ വച്ച് ജെന്നിഫറിനെ കണ്ടപ്പോള്‍ അവര്‍ വിവാഹമോതിരം ധരിച്ചിരുന്നുവെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. കൂടാതെ ഇരുവരും ഒരുമിച്ച് വീട് നോക്കിയിരുന്നതായും ഒടുവില്‍ ബെവർലി ഹിൽസില്‍ സ്ഥിരതാമസമാക്കിയതായും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
2002ൽ ബെന്നും ജെന്നിഫറും തമ്മിലുള്ള വിവാഹനിശ്ചയം നടന്നിരുന്നു. എന്നാൽ അവരുടെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള "അമിത മാധ്യമ ശ്രദ്ധ" ചൂണ്ടിക്കാട്ടി 2003 സെപ്റ്റംബറിൽ വിവാഹം മാറ്റിവച്ചു. എന്നാൽ, 2004ൽ ഇരുവരും വേർപിരിയുകയും ചെയ്തു. ഇതിന് ശേഷം ജെന്നിഫർ രണ്ട് വിവാഹം കഴിച്ചെങ്കിലും അതും വേര്‍പിരിയലില്‍ കലാശിച്ചു. 2005ൽ ബെൻ അഫ്ലക്ക് പ്രശസ്ത ഹോളിവുഡ് നടിയായ ജെന്നിഫർ ഗാർനറെ വിവാഹം കഴിച്ചു. 2018 വരെ നീണ്ട ആ ബന്ധത്തിന് ശേഷം നടി അന ഡി അർമാസുമായി ചേർത്തും ബെൻ അഫ്ലെക്കിന്റെ പേര് ഉയർന്നുവന്നു. എന്നാൽ, കഴിഞ്ഞ വർഷം ജനുവരിയിൽ ആ ബന്ധവും അവസാനിച്ചു.
ബേസ്‌ബോൾ താരമായിരുന്ന അലക്‌സ് റോഡ്രിഗസുമായുള്ള ബന്ധം ജെന്നിഫറും അവസാനിപ്പിച്ചിരുന്നു. പിന്നീട് കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും വീണ്ടും വിവാഹനിശ്ചയം നടത്തിയത്. 52കാരിയായ ജെന്നിഫറിന്‍റെ നാലാം വിവാഹമാണിത്. ബെന്നിന്‍റെ(49) രണ്ടാം വിവാഹവും. മുന്‍ബന്ധങ്ങളിലായി ജെന്നിഫറിന് ഇരട്ടകളായ രണ്ടു മക്കളും അഫ്ലെക്ക് 15 വയസ്സുള്ള വയലറ്റ്, 12 വയസ്സുള്ള സെറാഫിന, 9 വയസ്സുള്ള സാമുവല്‍ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. ജെന്നിഫറിന്‍റെ അടുത്ത സുഹൃത്തായ ഹെയർസ്റ്റൈലിസ്റ്റ് ക്രിസ് ആപ്പിൾടൗൺ വധുവിന്‍റെ വേഷത്തിലുള്ള നടിയുടെ ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.