ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി ജിത്തു മാധവൻ ഒരുക്കിയ ചിത്രമാണ് ആവേശം. രംഗ എന്ന ലോക്കൽ ഗുണ്ട നേതാവിനെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ രംഗയുടെ പിന്നാമ്പുറ കഥകൾ ഉൾപ്പെടുത്തിയിട്ടില്ല. സീനിയേഴ്സിനോട് പകരംവീട്ടാൻ രംഗയെ തേടി എത്തുന്ന മൂന്ന് കുട്ടികളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. എന്നാൽ രംഗയുടെ ഭൂതകാലം ചിത്രത്തിൽ ഉൾപ്പെടുത്താതിരുന്നത് മനഃപൂർവമാണെന്നാണ് സംവിധായകൻ ജിത്തു മാധവൻ പറയുന്നത്.
' കേരളത്തിൽ നിന്ന് ബെംഗളൂരുവിൽ പഠിക്കാനെത്തുന്ന ബിബി, അജു, ശാന്തൻ എന്നീ കുട്ടികളിലൂടെയാണ് ഫഹദിന്റെ കഥാപാത്രമായ രംഗ ചിത്രത്തിലെത്തുന്നത്. രംഗന്റെ കഴിഞ്ഞ കാലം കാണിക്കുന്നത് ഒരു ക്ലീഷെ ആയി തോന്നാം. അതുകൊണ്ട് മനഃപൂർവം കഥയിൽ നിന്ന് ഒഴിവാക്കിയതാണ്- ജിത്തു അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ മറ്റൊരു അഭിമുഖത്തിൽ , ഫഹദ് ഫാസിലിന്റെ ചിത്രത്തിലെ കഥാപാത്രമായ രംഗനെ പോലെയല്ല റിയൽ രംഗയെന്ന് എന്ന് ജിത്തു പറഞ്ഞിരുന്നു. 'രംഗയെ കുറിച്ച് അറിയുന്നതൊക്കെ ആ സിനിമയിലുണ്ട്. കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ കൂടുതൽ എഴുതണം. ഇതുപോലെ ഒരാളെ ഞാൻ കണ്ടിട്ടുണ്ട്. ഗ്യാങ്സ്റ്റർ ആണെന്ന് പറയാൻ പറ്റില്ല. ഈ ക്യാരക്ടർ ഉണ്ടാകാൻ ഒരു റെഫറൻസ് ഉറപ്പായും ഉണ്ട്. ഇതുപോലെ ഒരു കഥാപാത്രത്തെ എനിക്ക് പരിചയമുണ്ട്. ഈ വ്യക്തിയെ ഫഹദിനും അറിയാം. പുള്ളിയുമായി എനിക്ക് കോൺടാക്ട് ഇല്ല. സിനിമയിൽ കാണുന്ന രംഗണ്ണൻ ഒന്നുമല്ല ശരിക്കും.നിങ്ങൾ കാണുന്നതുപോലെ അദ്ദേഹം അത്ര നല്ല മനുഷ്യനൊന്നും അല്ല. ചിത്രത്തിലെ രംഗണ്ണൻ നന്മയൊക്കെയുള്ള തക്കുടുവായ ഒരു മനുഷ്യനാണ്. ശരിക്കുള്ളവർ അതല്ല ടെററർ ആണ് - എന്നാണ് ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ജിതു മാധവൻ പറഞ്ഞത്'-എന്നാണ് ജിത്തു പറഞ്ഞത്.
ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ആവേശം ആഗോളതലത്തിൽ 100 കോടി നേടിയിട്ടുണ്ട്. പതിമൂന്ന് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയത്. 107 കോടിയാണ് ചിത്രത്തിന്റെ 15 ദിവസത്തെ കളക്ഷൻ. ഫഹദിനെ കൂടാതെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.അൻവർ റഷീദും നസ്രിയ നസിം ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.