എല്ലാവരോടും ക്ഷമ ചോദിക്കുന്നു; ജൂഡ് ആന്തണി ജോസഫ്

 പ്രേക്ഷക -നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018 എവരിവൺ ഈസ് ഹീറോ’. 2018 ൽ കേരള ജനത നേരിട്ട പ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഓസ്കർ ചുരുക്ക പട്ടികയിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഇടംപിടിച്ചിരുന്നു. എന്നാൽ 15 സിനിമകളുടെ പട്ടികയിൽ 2018 ന് ഇടം നേടാനായില്ല.

ഓസ്കർ പട്ടികയിൽ നിന്ന് ചിത്രം പുറത്തുപോയതിന് പിന്നാലെ  തങ്ങളെ പിന്തുണച്ചവരോട് ക്ഷമ ചോദിച്ച് ജൂഡ് ആന്തണി. നിരാശപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നുവെന്നും ഓസ്കറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സ്വപ്നതുല്യമായ യാത്രയായിരുന്നെന്നും സംവിധായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

'ഞങ്ങളുടെ 2018 ന് ഓസ്കറിൽ അവസാനത്തെ 15 ചിത്രങ്ങളിൽ ഇടം നേടിയില്ല. എല്ലാവരോടും ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ഓസ്കറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സ്വപ്നതുല്യമായ യാത്രയായിരുന്നു. ഇത് ജീവിതാവസാനം വരെ നെഞ്ചിലേറ്റും.

ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്നതും ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയെന്നതും ഒരു ചലച്ചിത്രകാരനെ സംബന്ധിച്ച് അപൂർവ നേട്ടമാണ്. നിർമാതാക്കള്‍ക്കും, കലാകാരന്മാർക്കും, ടെക്നീഷന്മാർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു. ഞങ്ങളുടെ സിനിമയെ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്ത ദേശീയ ഫിലിം ഫെഡറേഷനും രവി കൊട്ടാരക്കരയ്ക്കും പ്രത്യേകം നന്ദി'-ജൂഡ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

മലയാള സിനിമയിലെ വൻ താരനിരയായിരുന്നു 2018 ൽ അണിനിരന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, അജു വർഗീസ്, അപർണ ബാലമുരളീ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തിയത്. ചിത്രം ഈ വർഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു, ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്നിവയാണ് ഓസ്കർ എൻട്രി നേടിയ മറ്റ് മലയാള ചിത്രങ്ങൾ. എന്നാൽ ഈ ചിത്രങ്ങൾ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നില്ല.

Full View


Tags:    
News Summary - Jude Anthany Joseph apologises to fans as '2018' misses Oscar shortlist 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.