കോവിഡ് ജലദോഷ പനിയല്ല; അത്ര നിസാരമായി കാണരുത് -കങ്കണ റണാവത്ത്

കോവിഡ് ജലദോഷ പനിയാണെന്ന പ്രസ്താവന തിരുത്തി ബോളിവുഡ് നടി കങ്കണ റണാവത്. കരുതിയതു പോലെ ഈ വൈറസ് അത്ര നിസ്സാരമല്ലെന്ന് രോഗമുക്തയായതിന് ശേഷം മനസിലായെന്നും കങ്കണ വിഡിയോ സന്ദേശത്തിലൂടെ പറ‍ഞ്ഞു.

കോവിഡ് മുക്തയായതിന് ശേഷം വീണ്ടും സുഖമില്ലാതെയായി. കിടക്കയില്‍ നിന്ന് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല. തൊണ്ട വേദന കൂടി. പനിക്കുന്നത് പോലെ തോന്നി. ഈ വൈറസ് തികച്ചും പ്രവചനാതീതമാണ് -കങ്കണ പറഞ്ഞു.



കങ്കണയുടെ വാക്കുകള്‍:

കോവിഡ് സാധാരണ ജലദോഷ പനിയാണെന്ന് ഞാന്‍ ആദ്യം പറഞ്ഞിരുന്നു. അങ്ങനെയാണ് എനിക്ക് അനുഭവപ്പെട്ടത്. എന്നാല്‍ രോഗമുക്തയായതിന് ശേഷം ഞെട്ടിപ്പിക്കുന്ന പല അനുഭവങ്ങളും ഉണ്ടായി.

എന്തെങ്കിലും രോഗം നമ്മുടെ ശരീരത്തെ ബാധിച്ചാല്‍ രോഗമുക്തി വേഗമുണ്ടാകുമെങ്കിലും  കൊറോണയുടെ കാര്യത്തില്‍ നേരെ തിരിച്ചാണ് നടക്കുന്നത്. കോവിഡ് നെഗറ്റീവ് ആയി ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷം എനിക്ക് പഴയ പോലെ ഷൂട്ടിങ്ങിൽ പങ്കെടുക്കാം, സുഹൃത്തുക്കളുമായി സംസാരിക്കാം എന്നൊക്കെ തോന്നിയിരുന്നു.

എന്നാല്‍ എല്ലാം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ രോഗം വീണ്ടും വരുന്നത് പോലെ തോന്നി, സുഖമില്ലാതെയായി. വീണ്ടും കിടപ്പിലായി. ഒരു ഘട്ടത്തില്‍ എനിക്ക് കിടക്കയില്‍ നിന്ന് എഴുന്നേൽക്കാൻ കഴിയില്ലെന്ന് തോന്നി. തൊണ്ട വീണ്ടും മോശമായി, എനിക്ക് വീണ്ടും പനി ഉള്ളതായി തോന്നി.

ഈ വൈറസ് തികച്ചും പ്രവചനാതീതമാണ്, ജനിതകമാറ്റം വന്ന വൈറസായതിനാല്‍ ഇത് നമ്മുടെ ശരീരത്തെ ആക്രമിക്കുമ്പോള്‍, ശരീരം എങ്ങനെ പ്രതികരിക്കും എന്നറിയില്ല. മാത്രമല്ല ഇത് നമ്മുടെ സ്വാഭാവിക ശരീര പ്രതികരണത്തെ നിശബ്ദമാക്കുകയും ചെയ്യുന്നു. ഇതുമൂലം നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു.

അതിനാൽ പൂർണമായും രോഗം ഭേദമാവുക എന്നത് വളരെ പ്രധാനമാണ്. വൈറസിനെതിരെ പോരാടുമ്പോൾ ഞാൻ പല ഡോക്ടർമാരുമായും സംസാരിച്ചു, രോ​ഗമുക്തി നേടുന്ന കാലയളവിൽ വിശ്രമത്തെ കുറച്ചു കാണരുതെന്ന് ഞാൻ മനസിലാക്കി. അതിനാൽ വിശ്രമിക്കൂ സുഖം പ്രാപിക്കൂ.

Tags:    
News Summary - Kangana Ranaut, Covid19 recovery, Covid19, Virus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.