കോളിവുഡിലെ ഏറ്റവും പ്രോമിസിങ്ങായുള്ള സംവിധായകരിൽ ഒരാളാണ് കാർത്തിക് സുബ്ബരാജ്. ഏറെ ചർച്ചയായ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ സംവിധാനം ചെയ്ത സുബ്ബരാജിന്‍റെ അടുത്ത സിനിമ സൂര്യയുമായാണ്. ഇതുവരെ പേരിടാത്ത ചിത്രം സൂര്യയുടെ 44ാം സിനിമയാണ്. ഒരുപാട് ആക്ഷനുകളുള്ള ഒരു പ്രണയകഥയാണ് ചിത്രമെന്നാണ് സുബ്ബരാജ് അറിയിച്ചത്.
ഇപ്പോഴിതാ തമിഴ് സിനിമ ആരാധകരുടെ ഇടയിൽ കണ്ടുവരുന്ന ഒരു പ്രവണതയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ. വലിയ ആളുകൾ മുതൽ ചെറിയ കുട്ടികൾ വരെ ചിത്രത്തിന്‍റെ കളക്ഷൻ റെക്കോർഡിനെ കുറിച്ച് സംസാരിക്കുന്നത് നല്ല പ്രവണതയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വിജയ് നായകനായ ഗോട്ട് സിനിമ കാണാൻ തന്റെ സഹോദരി പുത്രനൊപ്പം പോയപ്പോൾ ഉണ്ടായ അനുഭവവും കാർത്തിക് സുബ്ബരാജ് പങ്കുവെച്ചു.
'ഞാൻ എന്റെ സഹോദരിയുടെ മകനോടൊപ്പം ദ ഗോട്ട് കാണാൻ പോയി. അവൻ വിജയ്‌യുടെ കടുത്ത ആരാധകനാണ്. ഗോട്ട് ജയിലറിന്‍റെ കളക്ഷനെ വെട്ടിക്കുമെന്നും കാത്തിരുന്ന് കാണാനും അവൻ എന്നോട് പറഞ്ഞു. എന്താടാ നിന്റെ പ്രശ്നം എന്നായിരുന്നു ഞാൻ ചോദിച്ചത്. ചിത്രങ്ങളുടെ കളക്ഷനെ കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും അതിലെ ഉള്ളടക്കത്തിൽ മാത്രം ശ്രദ്ധിക്കണമെന്നും ഞാൻ അവനോട് പറഞ്ഞു.
ചെറിയ കുട്ടികൾ പോലും ബോക്സ് ഓഫീസ് നമ്പറുകളുടെ അഭിനിവേശത്തിലാണ്. സിനിമാ സംസ്‌കാരത്തിൽ ഇതൊരു തെറ്റായ കീഴ്‌വഴക്കമാണെന്നാണ് എനിക്ക് തോന്നുന്നത്. സിനിമാക്കാർ ആ മേഖലയിലേക്ക് കടക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. നല്ല സിനിമകൾ ചെയ്യുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കുന്ന തരത്തിൽ സിനിമകൾ നിർമ്മിക്കണം. ആളുകൾ കഥയുമായും അതിലെ ഇമോഷൻസുമായും കണക്ട് ആയാൽ, കളക്ഷൻ താനെ വരും,' കാർത്തിക് സുബ്ബരാജ് പറഞ്ഞു.
അതേസമയം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യയുടെ പുതിയ ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയാവുന്നത്. മലയാളി താരം ജോജു ജോർജ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.