എന്‍റെ പേര്​ തിരഞ്ഞെടുത്തത്​ ഒരു ഹിന്ദു ജോത്സ്യൻ; ദിലീപ്​ കുമാറിൽ നിന്നുള്ള തന്‍റെ പരിവർത്തനം വിവരിച്ച്​ എ.ആർ.റഹ്​മാൻ

‘മൊസാർട്ട്​ ഓഫ്​ മദ്രാസ്’​ എ.ആർ.റഹ്​മാന്‍റെ ജീവിത കഥ എന്നും ഇന്ത്യക്കാർക്ക്​ താൽപ്പര്യമുള്ള വിഷയമാണ്​. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള, ദരിന്ദ്രമായ കുടുംബ പശ്​ചാത്തലമുണ്ടായിരുന്ന ഒരു തമിഴ്​ ബാലൻ, തന്‍റെ പ്രതിഭയുടെ വലുപ്പംകൊണ്ട്​ ലോക സംഗീതത്തിന്‍റെ നെറുകയിൽ എത്തിയ കഥ ആരേയും വിസ്മയിപ്പിക്കുന്നതാണ്​. നസ്രീൻ മുന്നി കബീർ രചിച്ച ‘എ.ആർ. റഹ്മാൻ: ദി സ്പിരിറ്റ് ഓഫ് മ്യൂസിക്’ എന്ന പുസ്തകത്തിൽ റഹ്‌മാൻ തന്‍റെ പേരിനെക്കുറിച്ച്​ നടത്തുന്ന വെളിപ്പെടുത്തലുകൾ ഇപ്പോൾ വൈറലായിരിക്കുകയാണ്​.

ദിലീപ് കുമാർ എന്നാണ്​ കുഞ്ഞായിരുന്ന എ.ആർ.റഹ്​മാന്​ മാതാപിതാക്കൾ നൽകിയ പേര്​ എന്നത്​ ഇപ്പോൾ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്​. ഈ ദിലീപ്​ കുമാർ പിന്നീട്​ എ.ആർ.റഹ്​മാൻ എന്ന ​പേരിലേക്ക്​​ മാറിയതെങ്ങിനെ എന്നാണ്​ പുസ്തകത്തിൽ വിവരിക്കുന്നത്​. ‘എനിക്ക് ദിലീപ് എന്ന പേര് ഇഷ്ടമായിരുന്നില്ല എന്നതാണ് സത്യം. ദിലീപ് കുമാറെന്ന മഹാനടനോട് അനാദരവില്ല! എന്നിരുന്നാലും, എന്റെ പേരിനു എനിക്കുണ്ടായിരുന്ന പ്രതിച്ഛായയുമായി ഒരു പൊരുത്തവും ഉണ്ടായിരുന്നില്ല’-റഹ്​മാൻ പറയുന്നു.

തനിക്ക് റഹ്മാൻ എന്ന പേര് ലഭിച്ചത് ഹിന്ദു ജ്യോതിഷിയിൽ നിന്നാണെന്ന് നസ്രീനിന്റെ പുസ്തകത്തിൽ റഹ്മാൻ പറയുന്നുണ്ട്. വിശ്വാസം മാറ്റുന്നതിന് മുമ്പ്, ഇളയ സഹോദരിയെ വിവാഹം കഴിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബം അവളുടെ ജാതകവുമായി ജ്യോതിഷിയെ സന്ദർശിച്ചതായി അദ്ദേഹം പറഞ്ഞു. ആ സമയത്ത്, തന്റെ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ടപ്പോൾ, ജ്യോതിഷി അബ്ദുൽ റഹ്മാൻ, അബ്ദുൽ റഹീം എന്നീ പേരുകൾ നിർദ്ദേശിച്ചു. ‘അദ്ദേഹം പേരുകൾ നിർദ്ദേശിച്ചു. അബ്ദുൽ റഹ്മാൻ, അബ്ദുൽ റഹീം. ഇതിൽ ഏതെങ്കിലും പേര് എനിക്ക് നല്ലതായിരിക്കുമെന്ന് പറഞ്ഞു. റഹ്മാൻ എന്ന പേര് എനിക്ക് പെട്ടെന്ന് ഇഷ്ടപ്പെട്ടു. ഒരു ഹിന്ദു ജ്യോതിഷിയാണ് എനിക്ക് മുസ്ലീം പേരിട്ടത്’ -റഹ്​മാൻ പറയുന്നു.

എന്നാൽ എ.ആർ എന്ന അല്ലാ രഖാ തിരഞ്ഞെടുത്തത് തന്റെ അമ്മയാണെന്നും റഹ്മാൻ പറയുന്നു. ‘എന്റെ അമ്മ ഒരു ഹിന്ദു മതവിശ്വാസിയായിരുന്നു. ആത്മീയമായി ചായ്വുള്ളവളായിരുന്നു അവർ. ഞങ്ങൾ വളർന്ന ഹബീബുള്ള റോഡിലെ വീടിന്റെ ചുമരുകളിൽ ഹിന്ദു മതത്തിൽ പെട്ട ദൈവങ്ങളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. യേശുവിനെ കൈകളിൽ പിടിച്ചിരിക്കുന്ന മേരിയുടെ ചിത്രവും, പുണ്യസ്ഥലങ്ങളായ മക്കയുടെയും മദീനയുടെയും ഫോട്ടോയും ഉണ്ടായിരുന്നു’. അമ്മയുടെ സ്വപ്നത്തിൽ വന്ന അല്ലാ റഖയെ (എ.ആർ) എല്ലാവരുംകൂടി തന്‍റെ പേരിനൊപ്പം ചേർക്കുകയായിരുന്നുവെന്ന്​ റഹ്​മാൻ പറഞ്ഞു.

1980 കളുടെ അവസാനത്തിലാണ് റഹ്​മാനും കുടുംബവും ഇസ്​ലാം മതവിശ്വാസം സ്വീകരിക്കുന്നത്​. ഇസ്ലാം സ്വീകരിക്കാൻ തന്നെ പ്രേരിപ്പിച്ച കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പുസ്തകത്തിൽ പറയുന്നുണ്ട്​. അർബുദ ബാധിതനായ പിതാവ്​ ആർ.കെ. ശേഖർ അവസാന നാളുകളിൽ കടുത്ത പ്രയാസങ്ങൾ അനുഭവിച്ചിരുന്നു. അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഒരു സൂഫിയുണ്ടായിരുന്നുവെന്നും താനും കുടുംബവും ആ സൂഫിയെ കണ്ടുമുട്ടിയ ശേഷമാണ് ഇസ്ലാം സ്വീകരിക്കാൻ തീരുമാനിച്ചതെന്നും റഹ്​മാൻ പറഞ്ഞു.

‘അച്ഛൻ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, അവസാന ഘട്ടത്തിൽ, അദ്ദേഹത്തെ ചികിത്സിക്കുന്ന ഒരു സൂഫി ഉണ്ടായിരുന്നു. 7-8 വർഷത്തിന് ശേഷം ഞങ്ങൾ അദ്ദേഹത്തെ കണ്ടുമുട്ടി, അപ്പോഴാണ് ഞങ്ങൾക്ക് സമാധാനം നൽകുന്ന മറ്റൊരു ആത്മീയ പാത തുറന്നത്’-റഹ്‌മാൻ വെളിപ്പെടുത്തി. വിശ്വാസത്തിലെ മാറ്റം കുടുംബത്തിലെ മറ്റുള്ളവരുമായുള്ള ബന്ധത്തെ എങ്ങനെ ബാധിച്ചുവെന്നും റഹ്​മാൻ പറയുന്നുണ്ട്​. ‘ഞങ്ങളുടെ ചുറ്റുമുള്ള ആരും അതൊന്നും ശരിക്കും ശ്രദ്ധിച്ചിരുന്നില്ല. ഞങ്ങൾ സംഗീതജ്ഞരായിരുന്നു, അത് ഞങ്ങൾക്ക് വലിയ സാമൂഹിക സ്വാതന്ത്ര്യം അനുവദിച്ചു തന്നു’-അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Revealed! Know how AR Rahman got his Muslim name ‘Rahman’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.