പെരുന്നാളിന് തിക്കിടി ഉരുട്ടൽ ഞങ്ങൾ കുട്ടികളുടെ ജോലിയാണ്. കോട്ടയംകാർക്ക് പെരുന്നാളിന് പോത്തിറച്ചിപോലെ പ്രിയപ്പെട്ടതാണ് തിക്കിടിയും. അരിപ്പൊടി വാട്ടി കുഴച്ച് പോപ്പിൻസിെൻറ വലുപ്പത്തിൽ കൈയിൽവെച്ചുരുട്ടി ചെറിയ ഉരുളകളാക്കി മാറ്റും. വീട്ടിലെ വനിതാരത്നങ്ങളെല്ലാം ഒന്നിച്ചിരുന്നാണ് തേങ്ങാപ്പാലിൽ തിക്കിടി പാകം ചെയ്യുന്നതെങ്കിലും ഉരുട്ടൽ കുട്ടികളുടെ കുത്തകയാണ്. പെരുന്നാളെന്നാൽ തിക്കിടിയോർമയാണ്. ഭക്ഷണത്തിെൻറ ഓർമകളാണ്.
വിശേഷദിവസങ്ങളിൽ പത്തിരിക്ക് പകരം തിക്കിടി കടന്നുകൂടിയതിെൻറ പിന്നിലെ അധ്വാനക്കുറവും എളുപ്പവും ഞാൻ ഉമ്മയായപ്പോഴാണ് മനസിലായത്. ബലിപെരുന്നാൾ ഓർമകൾ ഉമ്മ റംലാബീവിയുടെ നാടായ തൊടുപുഴയിലും വലിയ ബാപ്പ (ബാപ്പയുടെ ബാപ്പ) നാടായ ഏന്തയാറുമായിരുന്നു. ഏന്തയാറിൽ ഖത്വീബും അധ്യാപകനുമായിരുന്ന വലിയബാപ്പ ഉബൈദത്ത് ലബ്ബ. ചെറുപ്പകാലം അവിടെയായിരുന്നു.
വേനലവധിക്ക് പെരുന്നാൾ വരുേമ്പാൾ തൊടുപുഴയിൽ ഉമ്മയുടെ വീട്ടിൽപോകും. അവിടെ വീടിനോട് ചേർന്നുള്ള പള്ളിയിലെ ഇറച്ചി അറവും നമ്മുടെ പറമ്പിലാണ്. അറവിനായി പോറ്റുന്ന പോത്തിൻകുട്ടികൾക്ക് തീറ്റ കൊടുക്കേണ്ടത് ഞങ്ങൾ കുട്ടികളുടെ ജോലിയാണ്. ഉമ്മയുടെ ഉപ്പക്ക് 12 മക്കളാണ്. സ്കൂൾ അടച്ചാൽ വീടും മുറ്റവും നിറയെ കുട്ടികളാവും. എന്നെക്കാൾ പ്രായത്തിൽ ചെറുപ്പമായ ഇളയമ്മമാരുണ്ടായിരുന്നു എനിക്ക്. വലിയ കുടുംബമായിരുന്നു. ഉമ്മച്ചിയുടെ ബാപ്പ (ബാച്ചി) രാത്രി വീട്ടിലെത്തിയാൽ പോത്തുകൾക്ക് കഷ്ടപ്പെട്ട് പഴത്തൊലിയും മറ്റും കൊടുക്കും. എെൻറ ബാപ്പ മുഹമ്മദ് ഇസ്മായീൽ ലബ്ബക്ക് ഇതു കാണുേമ്പാൾ ദേഷ്യംവരും. അറക്കാനാണെങ്കിൽ സ്നേഹിക്കുന്നതെന്തിനാണെന്ന ലൈനാണ് മൂപ്പർക്ക്. ബാപ്പയുടെ യുക്തിവാദവും ബാച്ചിയുടെ ഭക്തിയും പലപ്പോഴും വാദപ്രതിവാദങ്ങളാവുേമ്പാൾ ഞങ്ങൾ കുട്ടികൾ കാലികൾക്ക് തീറ്റ കൊടുക്കാനുള്ള തിരക്കാവും. അറവ് അഴിഞ്ഞാൽ വീട്ടുകാർക്കടക്കം എല്ലാവർക്കും തുല്യ അളവിലാവും ഇറച്ചി ലഭിക്കുക. തനി സോഷ്യലിസം. ഇറച്ചിപെരുന്നാൾ കഴിഞ്ഞ് രണ്ടാഴ്ച ഏതുവീട്ടിൽ പോയാലും ബീഫ്ഫ്രൈയും കട്ടനുമാവും സ്പെഷൽ.
പെരുന്നാളിന് മഹിളകൾ ഒത്തുചേർന്നാൽ അൽപം മൈലാഞ്ചിമൊഞ്ചൊക്കെ ചേരും. ചക്കയുടെ പശ ഉരുക്കി ചന്ദ്രക്കലയുടെയും നക്ഷത്രങ്ങളുടെയും രൂപത്തിൽ കയ്യിൽ ഡിസൈൻ ചെയ്ത് ഒട്ടിച്ചുവെക്കും. അതിെൻറ മുകളിൽ മൈലാഞ്ചി തേച്ചുപിടിപ്പിക്കും. ഇന്നത്തെപോലെ റെഡിമെയ്ഡ് ട്യൂബല്ല. മൈലാഞ്ചിയില പറിച്ച് അരച്ചെടുത്ത് ഉണ്ടാക്കുന്നതാണ്. ക്ഷമയുടെ ബാലപാഠങ്ങൾ പഠിച്ചത് മെലാഞ്ചികൈകളിലാണ്. ഏറെനേരം കഴുകാതെ വെക്കുന്നവരുടെ കയ്യിൽ ചന്ദ്രക്കലയും നക്ഷത്രങ്ങളും തെളിഞ്ഞുനിൽക്കും. ഇന്നിപ്പോൾ ഡിസൈനിനായി കുട്ടികൾ അച്ചിലും നെറ്റിലുമൊക്കെയായി പരതുകയല്ലേ. പെരുന്നാൾദിനത്തിൽ എവിടെയാണെങ്കിലും എല്ലാരും ഒത്തുകൂടും.
ഉമ്മച്ചിയുടെ അനിയത്തിമാരുടെ മക്കളുമൊക്കെയായി ബഹളമായിരിക്കും. അന്നൊക്കെ പെരുന്നാളിന് മാത്രമാണ് കോടിയൊക്കെ ലഭിക്കുന്നത്. ചെറിയ പെരുന്നാൾ കഴിഞ്ഞ് രണ്ടുമാസംകൊണ്ട് വലിയപെരുന്നാളുമെത്തും. പെരുന്നാൾ രണ്ടാണെങ്കിലും മിക്കവർക്കും കോടി ഒന്നായിരിക്കും. രണ്ടുപെരുന്നാളിനും കുപ്പായം വാങ്ങിക്കാനുള്ള പ്രാപ്തി ആർക്കുമുണ്ടായിരുന്നില്ല. എനിക്ക് 12 വയസുള്ളപ്പോളാണ് ബാപ്പ മരിക്കുന്നത്. ഉമ്മച്ചിയുടെ വീട്ടിൽ അത്യാവശ്യത്തിന് ഇഞ്ചികൃഷിയൊക്കെ ഉണ്ടായിരുന്നതിനാൽ അൽപം നല്ലനിലയിലായിരുന്നു. അവിടെയെത്തിയാൽ കോടി ഉറപ്പാണ്. പെൺകുട്ടികളുടെ മക്കേളാട് അൽപം സ്നേഹക്കൂടുതലുണ്ടായിരുന്നു.
വലുതായപ്പോൾ പെരുന്നാൾ പഴയപോലെ ആഘോഷിക്കാനായിട്ടില്ല. അപ്പോൾ തോന്നിയിട്ടുണ്ട് ഇത് കുട്ടിത്തരത്തിെൻറ ആഘോഷമാണെന്ന്. പാവാടയും ബ്ലൗസും മാറി ഹാഫ് സാരിയുടുക്കാനുള്ള കാത്തിരിപ്പായിരുന്നു കൗമാരത്തിലെ പെരുന്നാൾ ദിന-ങ്ങൾ. പലവട്ടം ക്ഷണിച്ചിട്ടും വരാത്ത ഉഷാകുമാരി ഞങ്ങളുടെ പെരുന്നാൾരുചി നുകരാൻ വന്ന ദിവസം ഇന്നും ഓർമയുണ്ട്. അന്നൊക്കെ ക്ഷണിച്ചാലും ആരും വരില്ല. പെൺകുട്ടികളെയൊന്നും ഒരുപാട് ദൂരമൊന്നും ഒറ്റക്ക് വിടില്ല. അതൊക്കെയായിരുന്നു വലിയ വിഷമം. ഇന്നിപ്പോൾ എല്ലാം മാറി. മക്കൾ അഭിനയേത്രി അനാർക്കലി മരിക്കാറിെൻറയും അസി. ഡയറക്ടർ ലക്ഷ്മി മരിക്കാറിെൻറയും കൂടെ കൊച്ചിയിലെ വീട്ടിലാണ് ഇത്തവണത്തെ പെരുന്നാൾ ആഘോഷം. പെരുന്നാൾകോടിയുടെ പുതുമയും തിക്കിടിയുടെ പരത്തൽ ബഹളവുമെല്ലാം ഇപ്പോൾ പെരുന്നാൾ ഓർമകൾ മാത്രമാണ്.
സാമൂഹിക പ്രവർത്തകയും എുത്തുകാരിയുമായ ലാലി പി.എം അവിചാരിതമായാണ് സിനിമയിലെത്തുന്നത്. കുമ്പളങ്ങി നൈറ്റ്സിൽ സഹോദരങ്ങളുടെ അമ്മയായി ഒറ്റ സീനിലാണെങ്കിലും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തുറമുഖം, സുന്ദരി ഗാർഡൻസ്, ഓളം തുടങ്ങിയ ചിത്രങ്ങളാണ് റിലീസാവാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.