ശരി ആയിക്കോട്ടെന്നു പറഞ്ഞ് ഞാൻ അഭിനയിച്ചു തുടങ്ങും...

‘‘ഡോക്ടറല്ലേ? ഡോക്ടറല്ലെങ്കിൽ ഇതുപോലൊരു സ്റ്റെതസ്കോപ് കഴുത്തിലിട്ടോണ്ടിരിക്കുവോടെ......അത് നോക്കേണ്ട, പരമശിവൻ പാമ്പിനെ കഴുത്തിലിട്ടാ നിൽപ്, അങ്ങേരെന്താ പാമ്പുപിടിത്തക്കാരനാണോ?’’

കോവിഡ് കാലത്തെ ഹിറ്റായ തഗ് ഡ​യലോഗുകളിലൊന്നാണിത്. ‘ചായ കഴിക്കാനല്ലെങ്കിൽ കൈയും കാലും കഴുകാനാണോ’യെന്ന് ചോദിക്കാൻ ഈ ‘തഗ് സുൽത്താനെ’ക്കൊണ്ടേ സാധിക്കൂ. ആരാണിതെന്നു ചോദിച്ചാൽ കൊച്ചുകുട്ടികൾപോലും കണ്ണുംപൂട്ടി പറയും- ഗഫൂർ കാ ദോസ്ത്!

‘കുരുതി’ സിനിമയിൽ മാമുക്കോയയുടെ അഭിനയം കണ്ട് അന്തംവിട്ടുപോയ കഥ നടനും സംവിധായകനുമായ പൃഥ്വിരാജ് ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ‘‘മാമുക്കോയ സർ ഒരിക്കൽപോലും ഡയലോഗ് മറന്നുപോവുകയോ ആക്ഷന്റെ കണ്ടിന്യൂയിറ്റി തെറ്റിക്കുകയോ ഉണ്ടായില്ല. ഒരിക്കൽ പോലും ക്ഷീണമുണ്ടെന്നോ നേരത്തേ പോയ്ക്കോട്ടെന്നോ ചോദിച്ചത് ഓർമയില്ല. അദ്ദേഹത്തിന് പ്രായം 75നു മുകളിലുണ്ടാകും. ‘കുരുതി’യുടെ ക്ലൈമാക്സിലൊക്കെ അദ്ദേഹം അത്ഭുതപ്പെടുത്തിക്കളഞ്ഞു’’ -ഇതായിരുന്നു പൃഥ്വിയുടെ വാക്കുകൾ. സിനിമയുടെ തുടക്കത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചായിരുന്നു പൃഥ്വിരാജിന്റെ ആശങ്ക. അതാണ് മാമുക്കോയ ക്ഷണനേരംകൊണ്ട് ഇല്ലാതാക്കിയത്. അഭിനയത്തോടുള്ള അദ്ദേഹത്തി​ന്‍റെ സമർപ്പണം പുതുതലമുറക്ക് പാഠമാണ്. രോഗാതുരമായ സാഹചര്യങ്ങളോട് പൊരുതി, ചാരുകസേരയിലിരുന്ന് മറ്റ് കഥാപാത്രങ്ങൾക്കൊപ്പം മത്സരിച്ചഭിനയിച്ച ‘മൂസഖാദർ’. ‘പെരുമഴക്കാല’ത്തിലെ അബ്ദുവിനുശേഷം മാമുക്കോയക്ക് ലഭിക്കുന്ന ശക്തമായ കഥാപാത്രമായിരുന്നു അത്. അതിനുമുമ്പ് മാമുക്കോയ എന്നാൽ സത്യൻ അന്തിക്കാടി​ന്‍റെ ‘നാടോടിക്കാറ്റി’ലെ ഗഫൂർക്കാ ദോസ്ത് ആയിരുന്നു മലയാളികൾക്ക്.

43 വർഷമായി അദ്ദേഹം മലയാള സിനിമയുടെ ജനകീയ മുഖമായി നമുക്കിടയിലുണ്ട്. കോഴിക്കോടൻ സംഭാഷണ രീതിയും ഭാവപ്രകടനങ്ങളുമാണ് അദ്ദേഹത്തെ മറ്റു നടന്മാരിൽനിന്ന് വ്യത്യസ്തനാക്കുന്നത്. ‘അന്യരുടെ ഭൂമി’യിൽ തുടങ്ങിയ ജൈത്രയാത്ര ‘റാംജിറാവ് സ്പീക്കിങ്’, ‘തലയണമന്ത്രം’, ‘ഹിസ് ഹൈനസ് അബ്ദുള്ള’, ‘വരവേൽപ്’ എന്നിവയും കടന്ന് ‘മിന്നൽ മുരളി’ വരെ എത്തിനിൽക്കുന്നു. ബേസിൽ ജോസഫിന്റെ മിന്നൽ മുരളിയിലെ ഡോക്ടർ കഥാപാത്രം ആളുകൾ എളുപ്പം മറക്കില്ല.

അഭിമുഖത്തിനായി വിളിക്കുമ്പോൾ, ‘പടച്ചോനെ കാത്തോളീൻ’ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ഗഫൂർക്കാ ദോസ്ത്. സിനിമയിൽ അവസരം കുറഞ്ഞിട്ടില്ലെന്നും താനിവിടെ തന്നെയുണ്ടെന്നും മാമുക്കോയ പറയുന്നു. ഇടക്ക് അർബുദത്തി​ന്‍റെ പ്രയാസങ്ങൾ നേരിട്ടെങ്കിലും സജീവമാണിപ്പോഴും ലോക്കേഷനുകളിൽ ഈ ചിരിയുടെ സുൽത്താൻ. കുരുതി റിലീസായ കാലത്താണ് അർബുദം പിടിമുറുക്കിയത്. ചികിത്സ തുടരുന്നുണ്ട്. തൊണ്ടയിലാണ് അർബുദം. അതിനാൽ ഒരുപാട് നേരം സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മലയാളിയുടെ പ്രിയ മാമുക്കോയ സംസാരിച്ചു തുടങ്ങിയത്. സിനിമയിൽ ഡബ്​ ചെയ്യരുതെന്നാണ് ഡോക്ടറുടെ നിർദേശം.

43 വർഷംകൊണ്ട് 400ലേറെ സിനിമകൾ ചെയ്തു. സ്വന്തം കഥാപാത്രങ്ങളിൽ ഹൃദയത്തോട് ചേർന്നു നിൽക്കുന്നത്

സ്വന്തം കഥാപാത്രങ്ങളിൽ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതേതാണ്സിനിമ കാണുന്നവരാണ് അത് തീരുമാനിക്കേണ്ടത്. അല്ലാതെ അഭിനയിച്ച ഞാനല്ല. എനിക്കെല്ലാ കഥാപാത്രങ്ങളും ഒരുപോലെയാണ്. ആദ്യത്തെ സിനിമയെന്നപോലെയാണ് ഇപ്പോഴും സിനിമ ചെയ്യുന്നത്. എല്ലാ കഥാപാത്രങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. നമ്മൾതന്നെ സ്വന്തം കഥാപാത്രത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് പരമ ബോറല്ലേ.

പുതിയ സംവിധായകർക്കൊപ്പമുള്ള അഭിനയം?

സംവിധായകൻ ആരെന്ന് നോക്കിയല്ല അഭിനയിക്കുന്നത്. സിനിമയിൽ ഒരു കഥാപാത്രമുണ്ടെന്ന് പറഞ്ഞ് വിളിക്കുമ്പോൾ സംവിധായകൻ നിർദേശിക്കുന്നതുപോലെ കാര്യങ്ങൾ ചെയ്യുകയാണ് എ​ന്‍റെ ശൈലി. പുതിയതായാലും തഴക്കംവന്ന സംവിധായകനായാലും അവർ പറയുന്നതിനനുസരിച്ച് അഭിനയിക്കുകയാണ് ചെയ്യുന്നത്.

കഥാപാത്രമാവാനുള്ള തയാറെടുപ്പ് എങ്ങനെയാണ്?

ഒരു തയാറെടുപ്പുമില്ല. സംവിധായക​ന്‍റെ നിർദേശമനുസരിച്ച് അഭിനയിക്കും. അല്ലാതെ, ഒരു കഥാപാത്രമാവാൻ മാസങ്ങൾക്കുമുമ്പേ തയാറെടുപ്പുകൾ നടത്താറില്ല. കഥ ​കേട്ട് പോയി അഭിനയിക്കും. അത്രതന്നെ. ചിലരൊക്കെ പറയാറുണ്ട് ആ കഥാപാത്രമാവാൻ എത്രയോ കാലമായി തയാറെടുപ്പ് നടത്തുകയായിരുന്നുവെന്നൊക്കെ... അതി​ന്‍റെ ഗുട്ടൻസ് എത്ര ആലോചിച്ചിട്ടും പിടികിട്ടിയിട്ടില്ല. അങ്ങനെയാരെങ്കിലും ചെയ്യുന്നുണ്ടോ എന്ന കാര്യവും അറിയില്ല. പടത്തിൽ നിങ്ങൾക്കൊരു വേഷമുണ്ടെന്ന് സംവിധായകൻ പറയും. എന്തു വേഷമാണെന്ന് ചോദിക്കും. നിങ്ങളൊരു ആശാരിയാണ്. ശരി, ആയിക്കോട്ടെന്ന് പറഞ്ഞ് ഞാൻ അഭിനയം തുടങ്ങും. അത്രതന്നെ. ചില സിനിമകളിൽ രൂപത്തിൽ മാത്രം ചെറിയ മാറ്റമുണ്ടാകും. അതിലപ്പുറം ഒന്നുമില്ല.

കോഴിക്കോടൻ സംഭാഷണരീതി?

ഇന്നുവരെ ഒരു സിനിമയിലും കോഴിക്കോടൻ സംസാരരീതി മാറ്റേണ്ടിവന്നിട്ടില്ല. സംസാരരീതിയിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽതന്നെ എന്നോട് കോഴിക്കോടൻ ഭാഷ തന്നെ പറയണമെന്നാണ് നിർബന്ധംപിടിക്കാറുള്ളത്. ലോകത്തി​ന്‍റെ നാനാഭാഗത്തുള്ള 99 ശതമാനം ആൾക്കാർക്കും ഈ സംസാരശൈലി ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ സന്തോഷമാണ്. കോഴിക്കോടിനെ ഇഷ്ടമുള്ളവരാണ് അവർ. ‘അന്യരുടെ ഭൂമി’, ‘സുറുമയിട്ട കണ്ണുകൾ’ തുടങ്ങി ആദ്യകാലത്ത് ചെയ്ത സിനിമകളുടെ ചിത്രീകരണം കോഴിക്കോടായിരുന്നു. അപ്പോൾ അതിൽ മറ്റു ജില്ലകളിലെ സംസാരരീതി അനുകരിക്കേണ്ട കാര്യം വരുന്നില്ലല്ലോ...

കേരളത്തി​ന്‍റെ സ്വന്തം ​തഗ് ലൈഫ് സുൽത്താനായി ആളുകൾ ഏറ്റെടുത്തല്ലോ?

ആളുകൾ എ​ന്‍റെ പഴയ കഥാപാത്രങ്ങൾ ഇപ്പോഴും ആസ്വദിക്കുന്നുവെന്നറിയുന്നതിൽ വലിയ സന്തോഷമുണ്ട്. സാന്ദർഭികമായി വരുന്ന കഥാപാത്രങ്ങളാണ്. അന്ന് ആരും ശ്രദ്ധിക്കാതെപോയ കാര്യങ്ങളാണ് ഇപ്പോ​ഴത്തെ ചെറുപ്പക്കാർ പൊടിതട്ടിയെടുത്തത്. അന്നത്തെ കാലത്ത് എ​ന്‍റെ കഥാപാത്രങ്ങൾ കണ്ട് ആളുകൾ ചിരിച്ചിരുന്നോ എന്നുപോലും അറിയില്ല. എന്നാൽ, കോവിഡ് കാലത്ത് ആളുകൾ എല്ലാംപൂട്ടി അകത്തിരുന്നപ്പോൾ അവരെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങളായി അവയൊക്കെ മാറി.

ഒ.ടി.ടി റിലീസിനെക്കുറിച്ച് പറയാനുള്ളത്?

അതിനെക്കുറിച്ച് എനിക്കിപ്പോഴും പിടിത്തം കിട്ടിയിട്ടില്ല. തിയറ്ററാണ് എ​ന്‍റെ ലോകം. ​കൊറോണക്കാലത്ത് ഒ.ടി.ടി ആയി കുറെ പടങ്ങൾ റിലീസ് ചെയ്തു. ഇപ്പോൾ തിയറ്റർ കാലം തിരിച്ചുവന്നു. പടം തിയറ്ററിൽതന്നെ കാണണമെന്നാണ് എ​ന്‍റെ പോളിസി. വലിയ സ്ക്രീനിൽ കാണേണ്ട സിനിമകൾ അങ്ങനെതന്നെ കാണണമെന്ന് ചിന്തിക്കുന്നയാളാണ് ഞാൻ.

ഒരിക്കൽപോലും പിറന്നാൾ ആഘോഷിച്ചിട്ടില്ലെന്നു കേട്ടിട്ടുണ്ട്?

പിറന്നാളോ... എന്തു പിറന്നാൾ. 76 വയസ്സായി. കഴിഞ്ഞ കൊല്ലം പേരക്കുട്ടികൾ പിറന്നാൾ ആഘോഷം വേണമെന്ന് വാശിപിടിച്ചിരുന്നു. ഈ പറയുന്ന തീയതിയിലാണ് ജനിച്ചതെന്ന് വല്ല ഉറപ്പുമുണ്ടോ?

പുതിയ സിനിമകളെക്കുറിച്ച്

‘തീർപ്പ്’, ‘കോബ്ര’, ‘കൊണ്ടോട്ടിപൂരം’, ‘ആട് 3’, ‘രാഘവേട്ടന്റെ 16ഉം രാമേശ്വര യാത്രയും’, ‘ഓൺ ദ വേ’ എന്നിവയാണ് പുതിയ സിനിമകൾ. തമാശ വിട്ട് സീരിയസ് വേഷങ്ങളാണ് ഇപ്പോൾ കൂടുതലും. ഇ.എം. അഷ്റഫ് സംവിധാനം ചെയ്ത ഉരുവിലെ കഥാപാത്രം അത്തരത്തിലൊന്നാണ്. ഉരുവിൽ ശ്രീധരൻ എന്ന മൂത്താശാരിയായാണ് അഭിനയിച്ചത്. കോഴിക്കോട് ബേപ്പൂരിലെ ഉരു നിർമാണകേന്ദ്രത്തിലായിരുന്നു ഷൂട്ടിങ്. ബേപ്പൂരിൽ നിർമിക്കുന്ന രണ്ടു ഉരുവിന്റെ മേൽനോട്ടത്തിനായി അറബിയുടെ പ്രതിനിധിയായി എത്തുന്ന റഷീദും മൂത്താശാരി ശ്രീധരനും അവിചാരിതമായി അകപ്പെടുന്ന പ്രതിസന്ധിയാണ് സിനിമയുടെ ഇതിവൃത്തം. ഉരു നിർമിക്കുന്ന ആശാരിമാരുടെ കരവിരുതുംകൂടി സിനിമ വിവരിക്കുന്നു.

മാധ്യമം കുടുംബത്തിന് നൽകിയ പഴയ അഭിമുഖം

Tags:    
News Summary - late Actor Mamukkoya Throwback interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.