'നിരാശ തോന്നുന്നു'; മൻസൂർ അലിയുടെ പരാമർശത്തിൽ പ്രതികരണവുമായി ലോകേഷ് കനകരാജ്

നടൻ മൻസൂർ അലി ഖാന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ലിയോ സംവിധായകൻ ലോകേഷ് കനകരാജ്. സഹപ്രവർത്തകന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിരാശനാണെന്നും രോഷം തോന്നിയെന്നും ലോകേഷ് പറഞ്ഞു.

എല്ലാ മേഖലയിലും സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറേണ്ടത് അത്യാവശ്യമാണ്. സ്ത്രീകൾ, ഹകലാകാരന്മാർ, പ്രൊഫഷനലുകൾ എന്നിവരോടുള്ള ബഹുമാനം എല്ലാ വ്യവസായത്തിലും വിലമതിക്കാനാകാത്ത ഒന്നായിരിക്കണമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നും അയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നും പരാമർശത്തിന് പിന്നാലെ തൃഷ വ്യക്തമാക്കിയിരുന്നു. "എന്നെക്കുറിച്ച് മൻസൂർ അലി ഖാൻ മോശവും അശ്ലീലവുമായ രീതിയിൽ സംസാരിക്കുന്ന വീഡിയോ കാണാനിടയായി. സെക്‌സിസ്റ്റും, തീരെ മര്യാദയില്ലാത്തതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനയാണിത്. അയാൾക്ക് ആഗ്രഹിക്കാം, പക്ഷേ അത്രത്തോളം അധഃപതിച്ച ഒരാൾക്കൊപ്പം സ്‌ക്രീൻ പങ്കിടാത്തതിൽ എന്നെന്നും കടപ്പെട്ടിരിക്കും. അയാൾക്കൊപ്പം ഒരു സിനിമ ഉണ്ടാകാതിരിക്കാൻ ഏറ്റവുമധികം ശ്രദ്ധിക്കുകയും ചെയ്യും. അയാൾ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്". തൃഷ കുറിച്ചു.

ലിയോയിൽ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോൾ തനിക്കൊപ്പം ഒരു ബെഡ്‌റൂം സീൻ എങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചുവന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്മീറ്റിൽ മൻസൂർ അലിഖാന്റെ പരാമർശം. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റിൽ തൃഷയെ ഒന്ന് കാണാൻ പോലുമായില്ലെന്നും മൻസൂർ പറഞ്ഞിരുന്നു. ഖുശ്ബു, റോജ തുടങ്ങിയ അഭിനേതാക്കൾ അഭിനയിച്ച പഴയ തമിഴ് സിനിമകളിലെ ബലാത്സംഗ രംഗം ലിയോയിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മൻസൂർ പറഞ്ഞു.

തൃഷക്ക് പിന്നാലെ വിമർശനവുമായി ഗായിക ചിന്മയി ശ്രീപാദയും രംഗത്തെത്തിയിരുന്നു. ഇത്തരം പരാമർശങ്ങൾ അപലപിക്കപ്പെടേണ്ടതാണ് എന്നായിരുന്നു ചിന്മയിയുടെ പരാമർശം. ചില പുരുഷന്മാർ ഒരു സ്ത്രീയെ അപമാനിക്കുന്നതോ അവളെക്കുറിച്ച് ഏറ്റവും അനാദരവോടെ സംസാരിക്കുന്നതോ തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതുന്നുണ്ടെന്നും മൻസൂർ അലി ഖാന്‍റെ വീഡിയോ ഇതിന് ഉദാഹരണമാണെന്നും ശക്തമായി അപലപിക്കുന്നുവെന്നും നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു വ്യക്തമാക്കി.

Tags:    
News Summary - Lokesh Kanakaraj slams Mansoor Ali for is sexist comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.