മുംബൈ: ബോളിവുഡിലെ തിരസ്കരണത്തിെൻറ ആദ്യാനുഭവ നോവ് പങ്കുവെച്ച് 'റോജ'യിലെ നായിക നടി മധുബാല എന്ന മധു. '90കളുടെ ആദ്യത്തിൽ മമ്മൂട്ടി നായകനായ 'അഴകൻ', അജയ് ദേവ്ഗണിെൻറ ആദ്യ ചിത്രമായ 'ഫൂൽ ഒൗർ കാണ്ഡെ' എന്നീ ചിത്രങ്ങളിലൂടെയാണ് മധു നായികനടിയായി അവതരിക്കുന്നത്. 'ഫൂൽ ഒൗർ കാണ്ഡെ'യിലാണ് ആദ്യം അഭിനയിച്ചതെങ്കിലും വെള്ളിത്തിരയിൽ ആദ്യമെത്തിയത് 'അഴകൻ' ആയിരുന്നു. എന്നാൽ, ഇത് രണ്ടുമല്ല താൻ ആദ്യമായി കാമറക്കു മുന്നിൽ നിന്ന ചിത്രമെന്ന് അവർ പറയുന്നു. ഇന്നും ചെറുനോവായി അവശേഷിക്കുകയും പിന്നീടുള്ള സിനിമാ ജീവിതത്തിൽ വലിയ പാഠമാവുകയും ചെയ്ത അനുഭവമായിരുന്നു അതെന്ന് പറയുകയാണ്, ഹേമമാലിനിയുടെ സഹോദരപുത്രി കൂടിയായ മധു.
സിനിമ ഏതെന്നോ, സംവിധായകനും നിർമാതാവും ആരെന്നൊ മധു വെളിപ്പെടുത്തിയില്ല. കോളജ് പഠന കാലമായിരുന്നു അത്. ധാരണാപത്രത്തിൽ ഒപ്പുവെച്ച ശേഷം നാല് ദിവസമേ കാമറക്ക് മുന്നിൽ അഭിനയിക്കാൻ അവസരമുണ്ടായുള്ളൂ. തന്നെ അറിയിക്കാതെ പിന്നീടവർ നായികയെ മാറ്റി. കോളജ് കുമാരിയായിരുന്ന തനിക്ക് ഈ തിരസ്കരണം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. രാത്രികാലങ്ങൾ കരഞ്ഞു തീർത്തു. പകൽ കോളജിൽ പോയി. സങ്കട സമയത്ത് സുഹൃത്തുക്കളും വീട്ടുകാരും ആശ്വാസമായി ഒപ്പം നിന്നു. തന്നെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന് സംവിധായകനും നിർമാതാവും പറയാതിരുന്നത് വലിയ മാനസിക പ്രശ്നമായി. എന്നാൽ, സിനിമ ക്യാമ്പ് നടത്തുന്ന റോഷൻ തനേജയെ ചെന്നുകാണാൻ അവർ എന്നോടു പറഞ്ഞിരുന്നു. 'എങ്ങിനെ ഫോണെടുക്കണമെന്ന് പോലും ആ പെണ്ണിന് അറിയില്ല; പിന്നെങ്ങിനെ അഭിനയിക്കാനാണ്–`എന്നത്രെ സംവിധായകൻ തനേജയോട് പറഞ്ഞത്. ഇതൊരു വെല്ലുവിളിയായി സ്വീകരിച്ച് സ്വയം പരിശീലനമാരംഭിച്ചു –മധു പറഞ്ഞു.
തിരസ്കരണാനുഭവം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് 'ഫൂൽ ഒൗർ കാണ്ഡെ'യിൽ അഭിനയിക്കാൻ മധു എത്തുന്നത്. അപ്പോഴേക്കും എങ്ങിനെ അഭിനയിക്കണമെന്നും കാമറ ആങ്കിളുകൾ എങ്ങിനെയൊക്കെയാണെന്നും ആളുകളോട് എങ്ങിനെ ഇടപഴകണമെന്നുമൊക്കെ പഠിച്ചുകഴിഞ്ഞിരുന്നു മധു. അന്ന് ആ തിരസ്കരണം ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷെ താനിന്ന് കാണുന്ന മധുവായി മാറുമായിരുന്നില്ലെന്ന് അവർ അടിവരയിടുന്നു.
ഹിന്ദി, കന്നഡ, തമിഴ്, തെലുഗു, മലയാളം ഭാഷകളിലായി 56 ഒാളം സിനിമകളിൽ അഭിനയിച്ച മധു ഇപ്പോൾ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന 'തലൈവി' യിൽ ജനകി രാമചന്ദ്രനായി വേഷമിടുന്നു. ഒറ്റയാൾ പട്ടാളം, നീലഗിരി, എന്നോടിഷ്ടം കൂടാമോ, യോദ്ധ, സംസാരം ആരോഗ്യത്തിന് ഹാനികരം എന്നിവയാണ് മധു വേഷമിട്ട മലയാളം ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.