കോഴിക്കോട്: കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന്‍റെ നിര്യാണത്തിൽ നടൻ മമ്മൂട്ടി അനുശോചിച്ചു. 'പുനീത് ഇനിയില്ല എന്നറിയുന്നത് ഞെട്ടലുളവക്കുന്നതോടൊപ്പം ഹൃദയം തകർത്ത് കളയുന്നു. സിനിമാലോകത്തിന് ഇതൊരു വലിയ നഷ്ടമാണ്. പുനീതിന്‍റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്‍റെ അനുശോചനം രേഖപ്പെടുത്തുന്നു' -മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. തെലുഗു ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി ബുഡാപെസ്റ്റിലാണ് മമ്മൂട്ടിയിപ്പോൾ.
കന്നഡ സിനിമയിൽ പവർസ്റ്റാർ എന്നറിയപ്പെടുന്ന പുനീതിന്‍റെ അകാല വിയോഗത്തിന്‍റെ ഞെട്ടലിലാണ് ഇന്ത്യൻ സിനിമ ലോകം. വാർത്ത ഞെട്ടലുണ്ടാക്കിയെന്നും, എങ്ങനെ പ്രതികരിക്കണമെന്നറിയില്ലെന്നുമാണ് നടൻ മോഹൻലാൽ പ്രതികരിച്ചത്. മൈത്രി എന്ന ചിത്രത്തിനായി പുനീതും മോഹൻലാലും ഒരുമിച്ചിരുന്നു. 'പുനീത് രാജ്കുമാറിന്‍റെ മരണവാർത്ത ഞെട്ടലോടെയാണ് കേട്ടത്. ഒരുപാട് വര്‍ഷമായിട്ട് എനിക്ക് അറിയാവുന്ന ആളാണ് പുനീത് രാജ്കുമാര്‍. ചെറിയ പ്രായം മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം. രാജ്കുമാര്‍ സാറുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും എനിക്ക് അടുത്ത ബന്ധമുണ്ട്.- മോഹൻലാൽ പറഞ്ഞു.
നടൻമാരായ ചിരഞ്ജീവി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, സോനു സൂദ്, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ പ്രകാശ് രാജ്, റഹ്മാൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്, ഗായിക ശ്രേയ ഘോഷാൽ എന്നിവരടക്കം നിരവധി പ്രമുഖർ അനുശോചിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് 46കാരനായ പുനീത് അന്തരിച്ചത്. രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യവെ പുനീതിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ സഹോദരനും സിനിമാതാരവുമായ ശിവരാജ്കുമാറും സിനിമാ താരം യഷും മരണ സമയത്ത് പുനീതിനൊപ്പം ഉണ്ടായിരുന്നു.
പ്രശസ്ത നടന്‍ രാജ്കുമാറിന്‍റെ മകനാണ് പുനീത് രാജ്കുമാര്‍. ബാലതാരമായാണ് സിനിമാ പ്രവേശം. ബെട്ടാഡ ഹൂവിലെ അപ്പു എന്ന കഥാപാത്രത്തിന് പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. നടന്‍, അവതാരകന്‍, പിന്നണി ഗായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളിലും ശ്രദ്ധേയനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.