നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ച് മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്. മെഗാസ്റ്റാറിന്റെ നിർമാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യാണ് ഇക്കാര്യം സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചത്. ആഗോള ബിസിനസിലൂടെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചതിന് പിന്നാലെ ചിത്രത്തെ പിന്തുണച്ച ആരാധകർക്ക് നന്ദിയും സ്നേഹവും മമ്മൂട്ടി കമ്പനി അറിയിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന മമ്മൂട്ടിയുടെ നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ഭീഷ്മ പർവം, മധുരരാജ, മാമാങ്കം എന്നിവയാണ് ഇതിന് മുമ്പ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്.
ഛായാഗ്രാഹകൻ റോബിൻ വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. സെപ്റ്റംബർ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഒമ്പത് ദിവസം കൊണ്ട് തന്നെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ചിത്രത്തിൽ എ.എസ്.ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാർ അവതരിപ്പിച്ചത്. റോണി വർഗീസ്, അസീസ് നെടുമങ്ങാട്, ശബരീഷ് വർമ, വിജയ രാഘവൻ, മനോജ് കെ.യു എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റോണിയും മുഹമദ് ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ഭ്രമയുഗം, ബസൂക്ക, യാത്ര 2, കാതൽ എന്നീവയാണ് മമ്മൂട്ടിയുടേതായി റിലീസിന് തയാറെടുക്കുന്ന ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.