ഒളിമ്പിക് ഗുസ്തിയിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ട് പുറത്തായ ഇന്ത്യയുടെ സ്വർണമെഡൽ പ്രതീക്ഷയായ വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നടൻ മമ്മൂട്ടി. 50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിന്‍റെ ഭാരപരിശോധനയിൽ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഇവരെ മത്സരത്തിൽ നിന്ന് പുറത്താക്കിയത്.
‘വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യതയെക്കുറിച്ച് കേട്ടത് ഹൃദയഭേദകമായിരുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളില്‍ അവള്‍ ഒരു യഥാര്‍ത്ഥ ചാമ്പ്യനായി തുടരും. അവളുടെ സഹിഷ്ണുതയും അര്‍പ്പണബോധവും നേട്ടങ്ങളും നമ്മെ എല്ലാവരെയും പ്രചോദിപ്പിക്കും. വിനേഷ്, നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു, കാത്തിരിക്കുന്ന എല്ലാ വെല്ലുവിളികളിലും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടാകും, -മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.
വിവിധ കോണുകളിൽ നിന്ന് വിനേഷ് ഫോഗട്ടിന് പിന്തുണ ഉയരുന്നതിനിടെ, ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. 'ഗുസ്തി ജയിച്ചു, ഞാൻ പരാജയപ്പെട്ടു. എല്ലാവരും എന്നോട് ക്ഷമിക്കണം. എന്റെ സ്വപ്നങ്ങളും ധൈര്യവും തകർന്നിരിക്കുന്നു. ഇനി എനിക്ക് കരുത്തില്ല. 2001 മുതൽ 2024 വരെയുള്ള ഗുസ്തി കരിയറിനോട് ഞാൻ വിട പറയുകയാണ്' -വിനേഷ് ഫോഗട്ട് എക്സിൽ കുറിച്ചു.
നിലവിലെ ഒളിമ്പിക്സ് ചാമ്പ്യനെയടക്കം വീഴ്ത്തിയായിരുന്നു ഒളിമ്പിക്സിൽ അഭിമാന നേട്ടത്തിലേക്ക് വിനേഷ് മുന്നേറിയത്. ഫൈനലിലെത്തിയതോടെ താരത്തിലൂടെ സ്വർണമോ വെള്ളിയോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം മുഴുവൻ. എന്നാൽ, ഏവരുടെയും പ്രതീക്ഷകൾ തകിടം മറിക്കുന്നതായി പരിശോധന ഫലം. നേരത്തെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ട് ഭാരം മൂന്ന് കിലോ കുറച്ചാണ് ഒളിമ്പിക്സിനെത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.