കൊല്ലം: പൊലീസ് വൈദ്യപരിശോധനക്കെത്തിച്ചയാളുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ച് നടൻ മമ്മൂട്ടി. വ്യാഴാഴ്ച രാത്രിയാണ് വന്ദനയുടെ മുട്ടുചിറയിലെ വീട്ടിൽ മമ്മൂട്ടിയെത്തിയത്.
15 മിനിറ്റോളം വീട്ടിൽ ബന്ധുക്കൾക്കൊപ്പം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. നടൻ രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ്, യുവജന കമ്മിഷൻ മുൻ അധ്യക്ഷ ചിന്താ ജെറോം തുടങ്ങിയവരും വന്ദനയുടെ വീട്ടിലെത്തി.
മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ വന്ദന ഇവിടെ ഹൗസ് സർജനായി സേവനം ചെയ്യുകയായിരുന്നു. ഹൗസ് സർജൻസിയുടെ ഭാഗമായി ഗ്രാമീണ ആശുപത്രിയിലെ 84 ദിവസത്തെ പരിശീലനത്തിന് ശേഷമാണ് വന്ദനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് നിയമിച്ചത്. ഹൗസ് സർജൻസി പൂർത്തിയാക്കി നാട്ടിലെത്തുന്ന വന്ദനക്ക് മെയ് 28ന് വലിയ വരവേൽപ്പ് നൽകാനുള്ള തയാറെടുപ്പിലായിരുന്നു.
വന്ദനയെ കൊലപ്പെടുത്തിയ പ്രതി അധ്യാപകനായ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപ് (42) റിമാൻഡിൽ പൂജപ്പുര ജയിലിലാണ്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് ഇയാൾ കഴുത്തിലും മുതുകിലുമായി ആറ് തവണയാണ് കുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.