മാമുക്കോയ: പരിഷ്കാരത്തിനായി വാദിച്ച നടൻ

പരിഷ്കരിക്കാത്ത ഭാഷയിൽ വർത്തമാനം പറഞ്ഞ് സിനിമയുടെ ഉയരങ്ങളിലേക്ക് കയറിപ്പറ്റിയ മാമുക്കോയ നേരിൽ സംസാരിച്ചാൽ വലിയ പരിഷ്കരണവാദിയായി നമുക്ക് ബോധ്യമാവും. നാടകത്തിനും കലക്കും വലിയ സ്വീകാര്യതയും പിന്തുണയും കിട്ടാത്ത കാലത്തെ കുറിച്ച് അദ്ദേഹത്തിന് അവസാന കാലത്തും വിമർശനമായിരുന്നു. മുസ്‍ലിം സമൂഹത്തിന്റെ കലയോടുള്ള സമീപനവും നിലപാടും മാറണമെന്ന് അദ്ദേഹം കിട്ടുന്ന വേദികളി​ലെല്ലാം തുറന്നു പറഞ്ഞു. അതേ സമയം, ഈ നഗരത്തിന്റെ നിശ്വാസങ്ങളിൽ കലയും സംഗീതവും നാടകവും ഉൾചേർന്നു കിടക്കുന്നതിൽ അദ്ദേഹം സംതൃപ്തനുമായിരുന്നു. കല്ലായിപ്പുഴയിൽ മരം അളവുകാരനിൽ നിന്ന് ലോക സിനിമയോളമെത്താൻ അദ്ദേഹത്തിന് സാധിച്ചത് ഈ നഗരം നൽകിയ അവസരങ്ങളുടെ അകമ്പടിയിലായിരുന്നു.

സമ്പന്നമായ നാടകക്കാലം അദ്ദേഹത്തിന് വെള്ളിത്തിരയിലേക്കുള്ള ചവിട്ടുപടിയായി. പണ്ട് നാടകത്തിന്റെ റിഹേഴ്സൽ കാണൻ എസ്.കെ പൊറ്റക്കാട്ടും വൈക്കം മുഹമ്മദ് ബഷീറും ബാബുരാജുമൊക്കെ ഉണ്ടായിരുന്നു. തിക്കോടിയനും ഉറൂബും പി. ഭാസ്കരനും രാഘവൻ മാഷുമൊക്കെയുള്ള സമ്പന്നമായ നാടകകൂട്ടുകെട്ടിലാണ് മാമു​ക്കോയ ജീവിച്ചത്. കൂപ്പിലെ അളവുകാരൻ സാധാരണക്കാരിൽ സാധാരണക്കാരായ പച്ച മനുഷ്യരോട് ഇടപഴകി ജീവിച്ചു. അവരുടെ പ്രതിനിധിയായിരുന്നു പലപ്പോഴും സിനിമയിലും നാടകത്തിലും മാമുക്കോയ. അവരുടെ ഭാഷയും നിഷ്കളങ്കതയും മാമുക്കോയ എന്ന വലിയ നടനെ രൂപപ്പെടുത്തി.

ആദ്യമായി അഭിനയിച്ച 'അന്യരുടെ ഭൂമി' എന്ന ബ്ലാക് ആന്റ് വൈറ്റ് ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. നാടകക്കാർ തന്നെയായിരുന്നു സിനിമ പിടിക്കാൻ നോക്കിയത്. നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത സിനിമയിൽ നിഷേധിയുടെ റോളിലായിരുന്നു മാമു​ക്കോയ. പിന്നീട് അഞ്ച് വർഷം കഴിഞ്ഞാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ശിപാർശയിൽ മാമുക്കോയക്ക് 'സുറുമയിട്ട കണ്ണുകൾ' എന്ന സിനിമയിൽ അവസരം ലഭിച്ചു. കലാസംവിധായകനായ എസ്. കൊന്നനാട്ട് ആയിരുന്നു പി.എ. മുഹമ്മദ് കോയയുടെ സുറുമയിട്ട കണ്ണുകൾ എന്ന നോവൽ സിനിമയാക്കിയത്. കൊന്നനാട്ടിന്റെ ആദ്യ സിനിമ. മാമുക്കോയക്ക് എന്തെങ്കിലും വേഷം നൽകണമെന്ന ബഷീറിന്റെ ആവശ്യം കോന്നനാട്ട് കേട്ടു. പക്ഷെ സിനിമയിൽ അദ്ദേഹത്തിന് അവസരം ഇല്ലായിരുന്നു. കുതിരക്ക് പുല്ലിട്ട് കൊടുക്കുന്ന ചെറിയൊരു റോൾ മാമുക്കോയക്ക് വേണ്ടി ഉണ്ടാക്കി. ഷൂട്ടിങ്ങിനിടെ ചിത്രത്തിൽ അഭിനയിക്കുന്ന ബഹദൂറിനും നെല്ലിക്കോട് ഭാസ്കരനും മാമുക്കോയയോട് സഹതാപം തോന്നി. അവർ സംവിധായകനോട് പറ‍ഞ്ഞ് ചായക്കടയിലൊക്കെയുള്ള കുറച്ചു സീനുകളിൽ കൂടി ഉൾപ്പെടുത്തി. ഇതായിരുന്നു രണ്ടാമത്തെ സിനിമ.

എന്നാൽ, ശ്രീനിവാസന്റെ 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം' എന്ന സിനിമയിൽ അവസരം കിട്ടിയ ശേഷം തനിക്ക് കല്ലായിയിൽ പണിക്ക് പോവേണ്ടി വന്നിട്ടില്ലെന്ന് മാമുക്കോയ പറയുമായിരുന്നു. 450ലേറെ സിനിമകളിൽ അഭിനയിച്ച ഈ കോഴിക്കോട്ടുകാരൻ മലയാളത്തിലെ ഹാസ്യ നടനുള്ള സംസ്ഥാന സർക്കാറിന്റെ ആദ്യ അവാർഡ് വാങ്ങി. 'ഫ്ലമൻസ്​ പാരഡൈസ്​' എന്ന ഫ്രഞ്ച്​ സിനിമയിലെ അഭിനയം അദ്ദേഹത്തിന് ലോക നടനെന്ന മാനം നൽകി. എന്നാൽ പെരുമഴക്കാലത്തിലെ അഭിനയം മാമുക്കോയ എന്ന ഹാസ്യനടന്റെ മറ്റൊരു തലം ​കണ്ട് പ്രേക്ഷകർ വിസ്മയിച്ചു.

ദീർഘകാലമായി അരക്കിണറിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. തൊണ്ടയിലെ കാൻസർ ഭേദമായതിന്റെ ആശ്വാസം അദ്ദേഹം പങ്കുവെക്കുമായിരുന്നു. അവശതകൾ മാറിയതോടെ കലാസാംസ്കാരിക പരിപാടികളിൽ അദ്ദേഹം എത്തി. കോവിഡ് കാലം പിന്നിട്ട ശേഷം അദ്ദേഹം നഗരത്തിലെ നിരവധി പരിപാടികളിൽ പ​​ങ്കെടുത്തു. ഈ നഗരത്തിന്റെ ഭാഗമായിരിക്കുമ്പോൾ അദ്ദേഹത്തിന് വല്ലാത്ത ആനന്ദമായിരുന്നു. അത്രമേൽ ഇഷ്ടമായിരുന്നു മാമുക്കോയക്ക് കോഴിക്കോടിനെ.

Tags:    
News Summary - Mamukkoya: An actor who advocated reform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.